യുഎഇ വൈസ് പ്രസിഡന്‍റാണ് തറക്കല്ലിടല്‍ ചടങ്ങ് നിര്‍വഹിച്ചത്

ദുബൈ: ദുബൈ മെട്രോയുടെ ബ്ലൂ ലൈൻ പദ്ധതിയുടെ ആദ്യ സ്റ്റേഷന് തറക്കല്ലിട്ട് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം. പദ്ധതി 2029ഓടെ യാഥാർഥ്യമാകും. 2009 സെപ്റ്റംബറിനാണ് ദുബൈ മെട്രോ ആരംഭിച്ചത്. നിലവിൽ റെഡ്, ​ഗ്രീൻ ലെയ്നുകളിലാണ് ട്രെയിനുകൾ സർവീസ് നടത്തുന്നത്.

കൂടാതെ, ചടങ്ങിനിടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മെട്രോ സ്റ്റേഷനായ ഇമാർ പ്രോപ്പർട്ടീസ് സ്റ്റേഷന്റെ രൂപകൽപ്പന അനാച്ഛാദനം ചെയ്തു. 74 മീറ്റർ ഉയരത്തിലാണ് ഈ സ്റ്റേഷൻ പണിതുയർത്തുന്നത്. സ്വർണ സിലിണ്ടർ മാതൃകയിൽ ഒരുക്കിയ സ്റ്റേഷന്റെ രൂപകൽപ്പന തയാറാക്കിയത് അമേരിക്കൻ ആർക്കിടെക്ചർ സ്ഥാപനം സ്കിഡ്മോർ, ഓവിൻ​ഗ്സ് ആൻഡ് മെറിൽ ആണ്. ബുർജ് ഖലീഫ, ന്യൂയോർക്കിലെ ഒളിമ്പിക് ടവർ, ചിക്കാഗോയിലെ സിയേഴ്സ് ടവർ തുടങ്ങിയ പ്രശസ്തമായ ലാൻഡ്‌മാർക്കുകൾ ഈ കമ്പനി രൂപകൽപ്പന ചെയ്തതാണ്.

പ്രതിദിനം 160,000 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിലാണ് പുതിയ സ്റ്റേഷൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. 2040 ആകുമ്പോഴേക്കും ദൈനംദിന ഉപയോക്താക്കളുടെ എണ്ണം 70,000 കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവിടെയെത്തുന്ന സന്ദർശകർക്ക് പുറമേ ദുബൈ ക്രീക്ക് ഹാർബറിലെ ഏകദേശം 40,000 താമസക്കാർക്കും ഇതിന്റെ സേവനം ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.