മഹാഇടവക വികാരി റവ.ഫാ. ഡോ ബിജു ജോർജ്ജ് പാറയ്ക്കൽ ഭദ്രദീപം തെളിയിച്ച് വേദപഠന ക്ലാസുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു

കുവൈത്ത് സിറ്റി: സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയുടെ ജൂബിലി വേദ മഹാവിദ്യാലയത്തിന്റെ ആഭിമുഖ്യത്തിലുള്ള ഓർത്തഡോക്സ് വെക്കേഷൻ ബൈബിൾ ക്ലാസുകൾക്ക് തുടക്കം കുറിച്ചു. പ്രാരംഭ പ്രാർത്ഥനയോടുകൂടി ആരംഭിച്ച ചടങ്ങിൽ സൺഡേ സ്കൂൾ ഹെഡ്ബോയ് ഏബൽ കോശി ബിൻസു, ഹെഡ്ഗേൾ കാരോളിൻ സാറാ സിസിൽ എന്നിവർ ചേർന്ന് പതാകയുയർത്തി.

മഹാഇടവക വികാരി റവ.ഫാ. ഡോ ബിജു ജോർജ്ജ് പാറയ്ക്കൽ ഭദ്രദീപം തെളിയിച്ച് വേദപഠന ക്ലാസുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഒവിബിഎസ് സൂപ്രണ്ട് ഷീജാ മറിയം തോമസ് സ്വാഗതവും സൺഡേ സ്കൂൾ സെക്രട്ടറി സജി ഷാജി നന്ദിയും രേഖപ്പെടുത്തി. ഇടവക സഹവികാരി റവ.ഫാ. മാത്യൂ തോമസ്, ഒവിബിഎസ് ഡയറക്ടർ റവ.ഫാ. സിബി മാത്യൂ വർഗ്ഗീസ്, ഭദ്രാസന കൗൺസിലംഗവും ഇടവക ട്രസ്റ്റിയുമായ ദീപക്ക് അലക്സ് പണിക്കർ, സഭാ മാനേജിങ് കമ്മിറ്റിയംഗം തോമസ് കുരുവിള, സൺഡേ സ്ക്കൂൾ ഹെഡ്മാസ്റ്റർ ഷിബു അലക്സ്, ഒവിബിഎസ് ഡെപ്യൂട്ടി സൂപ്രണ്ട് സാം ഇട്ടൂപ്പ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

ഒവിബിഎസ് 2025 സോങ്ങ് ബുക്കിന്റെ പ്രകാശനം ഗ്ലോബൽ സൺഡേ സ്ക്കൂൾ കോഓഡിനേറ്ററും വെബ്സൈറ്റ് മാനേജറുമായ ഷെറി ജേക്കബ് കുര്യനിൽ നിന്നും ഏറ്റുവാങ്ങി ഇടവക സെക്രട്ടറി ജേക്കബ് റോയിക്ക് നൽകി കൊണ്ട് ഇടവക വികാരി ഫാ.ഡോ. ബിജു ജോർജ്ജ് പാറയ്ക്കൽ നിർവ്വഹിച്ചു. ‘നടപ്പിൽ നിർമ്മലരായിരിപ്പിൻ’ എന്ന വിഷയത്തിന്റെ അടിസ്ഥാനത്തിൽ 550ഓളം കുട്ടികളെയും 110 അധ്യാപകരേയും ഉൾക്കൊള്ളിച്ചുകൊണ്ട് എൻഇസികെ അങ്കണത്തിൽ ക്രമീകരിച്ചിരിക്കുന്ന ക്ലാസുകൾ ജൂൺ 13ന് സമാപിക്കും. അന്നേദിവസം കുട്ടികളുടെ വർണ്ണശബളമായ റാലിയും കലാപരിപാടികളും പൊതുസമ്മേളനവും ഉണ്ടായിരിക്കും.