കുവൈത്തിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ച നാലുപേർ അറസ്റ്റിൽ. ഇവർ ഒളിപ്പിച്ച അഞ്ച് വാഹനങ്ങൾ പിടിച്ചെടുത്ത് നശിപ്പിക്കുകയും പ്രതികളെ സെൻട്രൽ ജയിലിലേക്ക് മാറ്റുകയും ചെയ്തു. റോഡ് സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികൾ തുടരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
കുവൈത്ത് സിറ്റി: കുവൈത്തിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ച നാല് പേർ അറസ്റ്റിൽ. വഫ്ര കാർഷിക മേഖലയിലാണ് സംഭവം. അപകടകരമായ രീതിയിൽ വാഹനമോടിച്ച് ആളുകളുടെ ജീവന് ഭീഷണി സൃഷ്ടിച്ച നാല് പേരെയാണ് ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തത്. ഇവർ ഉപയോഗിച്ചിരുന്ന അഞ്ച് വാഹനങ്ങൾ പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തു. വഫ്ര മേഖലയിൽ ഒരു സംഘം അപകടകരമായ ഡ്രൈവിംഗിനും അനധികൃത ഒത്തുചേരലിനുമായി തയ്യാറെടുക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് ജനറൽ ട്രാഫിക് വിഭാഗം അന്വേഷണം ആരംഭിച്ചത്.
പരിശോധനയിൽ പ്രതികൾ വാഹനങ്ങൾ വഫ്രയിലെ വിവിധ ഫാമുകൾക്കുള്ളിൽ ഒളിപ്പിച്ചതായി കണ്ടെത്തി. തുടർന്ന് പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്സസുമായി സഹകരിച്ച് നടത്തിയ പരിശോധനയിൽ അഞ്ച് വാഹനങ്ങൾ പിടിച്ചെടുക്കുകയും നാല് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ച് സെൻട്രൽ ജയിലിലേക്ക് മാറ്റി. ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 33 പ്രകാരമുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് അഞ്ച് വാഹനങ്ങളും ക്രഷ് ചെയ്ത് നശിപ്പിച്ചത്. മറ്റുള്ളവരുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന തരത്തിലുള്ള വാഹനമോടിക്കൽ അനുവദിക്കില്ലെന്നും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി നിരീക്ഷണവും പരിശോധനകളും തുടരുമെന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.


