മസ്‌കറ്റ്: ഒമാനിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. മയക്കുമരുന്ന് പ്രതിരോധസേനാ വിഭാഗം അറസ്റ്റ് ചെയ്ത ഇയാളില്‍ നിന്ന് 126 കിലോ ഹാഷിഷും മയക്കുമരുന്ന് ഗുളികകളും പിടിച്ചെടുത്തു. 

അന്താരാഷ്ട്ര കള്ളക്കടത്ത് സംഘവുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് സംശയം. പ്രതിയുമായി ബന്ധമുള്ള ഏഷ്യന്‍ വംശജയായ സ്ത്രീയെയും അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസിനെ ഉദ്ധരിച്ച് 'ടൈംസ് ഓഫ് ഒമാന്‍' റിപ്പോര്‍ട്ട് ചെയ്തു. അതേസമയം മയക്കുമരുന്ന് കൈവശം സൂക്ഷിച്ച രണ്ട് ഏഷ്യക്കാരെ വടക്കന്‍ ബാത്തിന പൊലീസ് കമാന്‍ഡ് അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കടത്ത് സംബന്ധിച്ച വിവരങ്ങളറിയുന്നവര്‍ 1444 എന്ന നമ്പറിലോ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലോ വിവരമറിയിക്കണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി.