തബൂക്ക്, അൽബഹ, ഹയിൽ, താഇഫ്, മക്ക എന്നിവിടങ്ങളിലാണ് ശക്തമായ ഇടിമിന്നലോടുകൂടി  മഴ പെയ്തത്. ഈ പ്രദേശങ്ങളില്‍ ഇതുവരെ നാല് പേര്‍ക്ക് ജീവന്‍ നഷ്ടമായി. മക്കയില്‍ കഴിഞ്ഞ ദിവസം മിന്നലേറ്റ് ഒരു സ്ത്രീ മരിച്ചിരുന്നു.

റിയാദ്: സൗദിയില്‍ തുടരുന്ന ശക്തമായ മഴയില്‍ ഇതുവരെ നാല് പേര്‍ക്ക് ജീവന്‍ നഷ്ടമായി. താഇഫ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വെള്ളം കയറിയും മഞ്ഞുവീണും ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. ശക്തമായ ഇടിമിന്നലോടുകൂടിയ മഴയാണ് സൗദിയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്.

തബൂക്ക്, അൽബഹ, ഹയിൽ, താഇഫ്, മക്ക എന്നിവിടങ്ങളിലാണ് ശക്തമായ ഇടിമിന്നലോടുകൂടി മഴ പെയ്തത്. ഈ പ്രദേശങ്ങളില്‍ ഇതുവരെ നാല് പേര്‍ക്ക് ജീവന്‍ നഷ്ടമായി. മക്കയില്‍ കഴിഞ്ഞ ദിവസം മിന്നലേറ്റ് ഒരു സ്ത്രീ മരിച്ചിരുന്നു. ഇതിന് പുറമെ അല്‍ബഹയില്‍ 12 വയസുകാരനും ഹയിലില്‍ ഒരു യുവാവും മരിച്ചു. അല്‍ ബദാഈല്‍ പ്രദേശത്തും ഒരാള്‍ ഒഴിക്കില്‍ പെട്ട് മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. വടക്കന്‍ താഇഫിലെ 300 ചതുരശ്ര മീറ്ററോളം പ്രദേശത്ത് വലിയ ഐസ് കട്ടകള്‍ കൊണ്ട് റോഡുകള്‍ നിറഞ്ഞു.

ബുധനാഴ്ച താഇഫിലും പരിസര പ്രദേശങ്ങളിലും ശക്തമായ ഇടിമിന്നലുണ്ടായിരുന്നു. ഇതിന് ശേഷമാണ് ആലിപ്പഴ വര്‍ഷമുണ്ടായത്. വലിയ മഞ്ഞുകട്ടകള്‍ റോഡുകളില്‍ നിന്ന് നീക്കാന്‍ 55 വാഹനങ്ങളെയും ജീവനക്കാരെയുമാണ് സൗദി സിവില്‍ ഡിഫന്‍സ് ഈ പ്രദേശങ്ങളില്‍ നിയോഗിച്ചത്. പുറത്തിറങ്ങാനാവാതെ ജനങ്ങള്‍ വീടുകള്‍ക്കുള്ളില്‍ കുടുങ്ങി. വലിയ ഐസ് കട്ടകള്‍ക്ക് ഇടയില്‍ കുടുങ്ങിപ്പോയ വാഹനങ്ങള്‍ക്കും ചലിക്കാനായില്ല. രാജ്യത്ത് പലയിടങ്ങളിലും വരും ദിവസങ്ങളിലും ശക്തമായ പൊടിക്കാറ്റും മഴയുമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണാ കേന്ദ്രം അറിയിച്ചു.