ദുബായ്: ഇന്ത്യക്കാരനെ സഹപ്രവര്‍ത്തകരായ നാല് പേര്‍ ചേര്‍ന്ന് മര്‍ദിച്ച സംഭവത്തില്‍ ദുബായ് പ്രാഥമിക കോടതിയില്‍ വിചാരണ തുടങ്ങി. മര്‍ദനത്തില്‍ ഇന്ത്യക്കാരന് സാരമായി പരിക്കേറ്റിരുന്നു. 24നും 31നും ഇടയില്‍ പ്രായമുള്ള പാകിസ്ഥാന്‍ പൗരന്മാരാണ് കേസില്‍ അറസ്റ്റിലായത്.

ജോലി കഴിഞ്ഞശേഷം താമസസ്ഥലത്തേക്ക് പോകാനുള്ള ബസ് കാത്തിരിക്കുന്നതിനിടെ സഹപ്രവര്‍ത്തകര്‍ തന്നെ മര്‍ദിക്കുകയായിരുന്നുവെന്നാണ് ഇന്ത്യക്കാരന്‍ കോടതിയില്‍ പറഞ്ഞത്. വൈകുന്നേരം 4.15ഓടെയായിരുന്നു സംഭവം. ബസ് വന്നപ്പോള്‍ താന്‍ അകത്തേക്ക് കയറാന്‍ ശ്രമിച്ചെങ്കിലും കൂട്ടമായെത്തിയ പ്രതികള്‍ മര്‍ദനം തുടങ്ങുകയായിരുന്നു. തോളിലും കഴുത്തിലും നടുവിലും കാലിലുമെല്ലാം മര്‍ദിച്ചു. ബോധരഹിതനായി നിലത്തുവീണ തന്നെ പിന്നീട് മറ്റൊരാള്‍ വന്ന് മുഖത്ത് വെള്ളം തളിച്ചാണ് ഉണര്‍ത്തിയത്.

ബോധം വീണശേഷം അല്‍ റാഷിദിയ്യ പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയും ഉദ്യോഗസ്ഥരെത്തി ആശുപത്രിയില്‍ കൊണ്ടുപോവുകയുമായിരുന്നു. ശരീരത്തില്‍ നിരവധി പരിക്കുകളും ഒടിവുകളുമുണ്ടെന്ന് പരിശോധനകളില്‍ വ്യക്തമായി. മര്‍ദനമേറ്റ ഇന്ത്യക്കാരന്‍ പ്രതികളെ പൊലീസ് സ്റ്റേഷനില്‍ വെച്ച് മൂന്ന് തവണ തിരിച്ചറിയുകയും ചെയ്തു. കേസില്‍ ഫെബ്രുവരി 26ന് കോടതി വിധി പറയും.