ഷാര്‍ജ: ഷാര്‍ജയില്‍ മൂന്ന് കാറുകള്‍ ഒഴുക്കില്‍പെട്ട് രണ്ട് കുട്ടികളുള്‍പ്പെടെ നാല് പേര്‍ മരിച്ചു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. എട്ട് പേരെ രക്ഷപെടുത്തുകയും ചെയ്തു. ഒരു വയസുള്ള ആണ്‍കുട്ടിയും ആറ് വയസുള്ള പെണ്‍കുട്ടിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന എട്ട് വയസുകാരനെയും കുട്ടികളുടെ പിതാവിനെയും ഹെലികോപ്റ്ററിലെത്തി രക്ഷിക്കുകയായിരുന്നു.

മറ്റൊരു വാഹനത്തിലുണ്ടായിരുന്ന 27ഉം 37ഉം വയസ് പ്രായമുള്ള പുരുഷന്മാരും മരിച്ചു. ഇവര്‍ക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന മറ്റൊരാളെ രക്ഷിക്കാന്‍ കഴിഞ്ഞു. അച്ഛനും അമ്മയും മൂന്ന് കുട്ടികളുമടങ്ങുന്ന കുടുംബം സഞ്ചരിച്ചിരുന്ന മറ്റൊരു വാഹനവും ഒഴുക്കില്‍ പെട്ടെങ്കിലും എല്ലാവരെയും രക്ഷപെടുത്തി.
 

അപകടം നടന്ന വാദി അല്‍ ഹലൂയിലേക്കുള്ള മെയിന്‍ റോഡുകളെല്ലാം പൊലീസ് അടച്ചിരുന്നെങ്കിലും ചിലര്‍ പ്രദേശത്തെ ഫാമുകളിലേക്കുള്ള ചെറിയ റോഡുകള്‍ വഴി സഞ്ചരിക്കുകയായിരുന്നുവെന്ന് ഷാര്‍ജ കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ സൈഫ് സിറി അല്‍ ശംസി പറഞ്ഞു. പൊലീസിന്റെ ശ്രദ്ധയില്‍ പെടാതെ നടത്തിയ യാത്രകളാണ് അപകടത്തില്‍ കലാശിച്ചത്. 

ചൊവ്വാഴ്ച വൈകുന്നേരം 5.25ഓടെയാണ് പൊലീസിന് ആദ്യത്തെ അപകടം സംബന്ധിച്ച അറിയിപ്പ് ലഭിച്ചത്. മൂന്ന് പുരുഷന്മാര്‍ സഞ്ചരിച്ച വാഹനമായിരുന്നു ആദ്യം അപകടത്തില്‍ പെട്ടത്. രണ്ട് കുട്ടികള്‍ മരിച്ച രണ്ടാമത്തെ അപകടം 6.50നാണ് നടന്നത്. രാത്രി 10.20ന് അപകടത്തില്‍ പെട്ട കുടുംബത്തെയാണ് രക്ഷിക്കാന്‍ കഴിഞ്ഞത്.
 
ശക്തമായ മഴയുള്ളപ്പോള്‍ പൊലീസ് നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. നിരന്തരം മുന്നറിയിപ്പുകള്‍ നല്‍കിയാലും മഴയുള്ള സമയത്ത് ഇത്തരം പ്രദേശങ്ങളിലേക്ക് ചിലര്‍ ഉല്ലാസ യാത്ര നടത്താറുണ്ടെന്നും ഇത് വലിയ അപകടത്തിലാണ് കലാശിക്കാറുള്ളതെന്നും പൊലീസ് അറിയിച്ചു. വിവിധ ഭാഷകളില്‍ പല മാര്‍ഗങ്ങളിലൂടെ മുന്നറിയിപ്പ് നല്‍കുന്നത് തുടരുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.