അബുദാബിയിൽ കാറപകടത്തിൽ മരിച്ച നാല് സഹോദരങ്ങൾക്ക് ദുബൈയിൽ അന്ത്യവിശ്രമം. നാല് കുരുന്നുകൾക്കും യാത്രാമൊഴിയേകി മാതാപിതാക്കൾ. ദുബൈയിലെ അൽ ഖിസൈസ് ഖബറിടത്തിലാണ് നാലുപേരുടെയും ഖബറടക്കം നടന്നത്.

അബുദാബി: അബുദാബിയിൽ വാഹനാപകടത്തിൽ മരിച്ച മലയാളി കുടുംബത്തിലെ നാല് കുട്ടികൾക്കും ദുബൈയിൽ അന്ത്യവിശ്രമം. ദുബൈയിലെ അൽ ഖിസൈസ് ഖബറിടത്തിലാണ് നാലുപേരുടെയും ഖബറടക്കം നടന്നത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ അമ്മ റുക്സാനയുടെ ആരോഗ്യാവസ്ഥ കണക്കിലെടുത്ത് മൃതദേഹങ്ങള്‍ റുക്സാനയെ കാണിക്കാനായി ശൈഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിയിൽ എത്തിച്ചിരുന്നു. തന്‍റെ പൊന്നോമനകൾക്ക് അമ്മ യാത്രാമൊഴിയേകുന്നത് കണ്ടു നിൽക്കാനാകാതെ ചുറ്റുമുള്ളവരും വിതുമ്പി. കുടുംബത്തെ ആശ്വസിപ്പിക്കാനായി ആശുപത്രിയിലുള്ള ഡയറക്ടർ ഫൈസൽ ഉൾപ്പെടെ മുഴുവൻ സ്വദേശി ജീവനക്കാരും എത്തിയിരുന്നു. മക്കളെ കാണാൻ വീൽചെയറിലെത്തിച്ച പിതാവ് അബ്ദുൽ ലത്തീഫിനെ ഡയറക്ടർ ഫൈസൽ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു.

പത്തുവയസ്സുകാരി ഇസ്സയും മാതാപിതാക്കൾക്കൊപ്പം നാല് സഹോദരന്മാർക്കും അന്ത്യചുംബനം നൽകി. വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് ഖിസൈസിലെ ശ്മശാനത്തില്‍ നാല് പേരുടെയും ഖബറടക്കം നടന്നത്. അടുത്തടുത്ത ഖബറുകളിലാണ് നാല് പേര്‍ക്കും അന്ത്യവിശ്രമം ഒരുക്കിയത്. അപകടവിവരമറിഞ്ഞ് റുക്സാനയുടെ മാതാവ് ഷാഹിദയും സഹോദരിയും സഹോദരങ്ങളും നാട്ടിൽ നിന്ന് എത്തിയിരുന്നു. അബുദാബി ഷെയ്ഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിയിൽ ചികിത്സയിലായിരുന്ന അബ്ദുൽ ലത്തീഫ് ദുബായിലെത്തി മക്കൾക്ക് അന്ത്യോപചാരമർപ്പിച്ചു. അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയായി ചികിത്സയിലുള്ള റുക്സാന അബുദാബിയിലെ ആശുപത്രിയിൽ നിന്നാണ് മക്കൾക്ക് യാത്രാമൊഴിയേകിയത്.

ലിവ ഫെസ്റ്റ് കഴിഞ്ഞ് മടങ്ങുമ്പോൾ അപകടം

കോഴിക്കോട് സ്വദേശിയും വ്യാപാരിയുമായ അബ്ദുൽ ലത്തീഫും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടാണ് നാല് കുട്ടികളും വീട്ടുജോലിക്കാരിയുമടക്കം അഞ്ചുപേർ മരണപ്പെട്ടത്. ലിവ ഫെസ്റ്റ് കഴിഞ്ഞ് മടങ്ങുന്നതിനിടെ ഉണ്ടായ അപകടമാണ് കുടുംബത്തെ കീഴ്മേൽ മറിച്ചത്. സംഭവ സ്ഥലത്തുവെച്ചു തന്നെ മൂന്ന് കുട്ടികളും വീട്ടിലെ ജോലിക്കാരിയും മരിച്ചിരുന്നു. ​ അബുദാബിയിൽ നിന്ന് മടങ്ങുന്ന വഴിയിൽ ഇവർ സഞ്ചരിച്ചിരുന്ന നിസാൻ പട്രോൾ കാർ അപകടത്തിൽപെടുകയായിരുന്നു. അബ്ദുൽ ലത്തീഫിന്റെ മക്കളായ അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശിയായ ബുഷറയുമാണ് മരണപ്പെട്ടത്.

പിന്നീട് ചികിത്സയിലിരുന്ന നാലാമത്തെ കുട്ടിയായ അസാം ബിൻ അബ്ദുല്ലത്തീഫ് (7) കഴിഞ്ഞ ദിവസം മരണപ്പെട്ടു. ദുബായിൽ റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രവർത്തിക്കുന്ന അബ്ദുൽ ലത്തീഫും കുടുംബവും ലിവ ഫെസ്റ്റിവലിലെ ആവേശക്കാഴ്ചകൾ കണ്ട് മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. പുലർച്ചെ നാലിനും അഞ്ചിനുമിടയിലാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട വാഹനം റോഡിലെ ഡിവൈഡറിലിടിച്ച് തകരുകയായിരുന്നു. അതേസമയം, മരിച്ച വീട്ടുജോലിക്കാരി ബുഷറയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോയി.