അബുദാബിയിൽ നിന്ന് മടങ്ങുന്ന വഴിയിൽ നിസാൻ പട്രോൾ കാർ അപകടത്തിൽപെടുകയായിരുന്നു. കോഴിക്കോട് സ്വദേശിയും ദുബൈയിൽ വ്യാപാരിയായ അബ്ദുൽ ലത്തീഫിന്റെ കുടുംബമാണ് അപകടത്തിൽപ്പെട്ടത്. ഇവർക്കൊപ്പം വീട്ടുജോലിക്കാരിയും മരിച്ചു. 

അബുദാബി: അബുദാബിയിൽ മലയാളികൾ സഞ്ചരിച്ച കാറപകടത്തില്‍ ചികിത്സയിലുണ്ടായിരുന്ന നാലാമത്തെ കുട്ടിയും മരിച്ചു. അസാം ബിൻ അബ്ദുല്ലത്തീഫ് (7) ആണ് മരിച്ചത്. നേരത്തെ, ഈ കുടുംബത്തിലെ 3 കുഞ്ഞുങ്ങളടക്കം നാലുപേർ മരിച്ചിരുന്നു. അബുദാബിയിൽ നിന്ന് മടങ്ങുന്ന വഴിയിൽ ഇവർ സഞ്ചരിച്ചിരുന്ന നിസാൻ പട്രോൾ കാർ അപകടത്തിൽപെടുകയായിരുന്നു. ഇവരുടെ വീട്ടുജോലിക്കാരിയായ മലപ്പുറം സ്വദേശിയും മരിച്ചിരുന്നു. കോഴിക്കോട് സ്വദേശിയും ദുബൈയിൽ വ്യാപാരിയായ അബ്ദുൽ ലത്തീഫിന്റെ കുടുംബമാണ് അപകടത്തിൽപെട്ടത്. അബ്ദുൽ ലത്തീഫിന്റെ മക്കളായ അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശിയായ ബുഷറയുമാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ അബ്ദുൽ ലത്തീഫും ഭാര്യയും അമ്മയും നിലവിൽ ചികിത്സയിലാണ്. ചികിത്സയിലുള്ള ഒരു കുട്ടിയാണ് ഇന്ന് മരണത്തിന് കീഴടങ്ങിയത്. 

സൗദിയിൽ മദീനക്കടുത്ത് വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

കഴിഞ്ഞ ദിവസം സൗദിയിൽ മദീനക്കടുത്തുണ്ടായ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ നാല് പേർ മരിച്ചിരുന്നു. മലപ്പുറം മഞ്ചേരി വെള്ളില സ്വദേശി നടുവത്ത്‌ കളത്തിൽ അബ്​ദുൽ ജലീൽ (52), ഭാര്യ തസ്‌ന തോടേങ്ങൽ (40), മകൻ നടുവത്ത്‌ കളത്തിൽ ആദിൽ (14), ജലീലിൻ്റെ മാതാവ് മൈമൂനത്ത്‌ കാക്കേങ്ങൽ (73) എന്നിവരാണ് മരിച്ചത്. മദീനയിലേക്ക് പോകാൻ സന്ദർശന വിസയിൽ സൗദിയിലെത്തിയ കുടുംബമാണ് അപകടത്തിൽപെട്ടത്. കുടുംബത്തിലെ ഏഴംഗങ്ങൾ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ജലീലിന്‍റെ മക്കളായ നൂറ, ആയിഷ, ഫാത്തിമ എന്നിവർ സാരമായ പരിക്കുകളോടെ മദീനയിലെ കിങ്​ ഫഹദ്​, സൗദി ജർമൻ എന്നീ ആശുപത്രികളിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.