ഫ്ലാറ്റിൽ വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് തീപിടിത്തമുണ്ടായത്. അബ്ബാസിയയിലെ അൽ ജലീബ് മേഖലയിലാണ് അപകടം ഉണ്ടായത്.
കുവൈത്ത് സിറ്റി: അവധിക്ക് നാട്ടിലായിരുന്ന മലയാളി കുടുംബം കുവൈത്തിൽ തിരിച്ചെത്തിയതിന് തൊട്ടുപിന്നാലെയാണ് തീപിടിത്തത്തിൽ മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് തിരുവല്ല സ്വദേശി മാത്യു മുളക്കലും കുടുംബവും അവധി കഴിഞ്ഞ് കുവൈത്തിൽ തിരിച്ചെത്തിയത്. ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് തീപിടിത്തമുണ്ടായത്. അബ്ബാസിയയിലെ അൽ ജലീബ് മേഖലയിലാണ് അപകടം ഉണ്ടായത്.
തിരുവല്ല നീരേറ്റുപുറം സ്വദേശി മാത്യു മുളക്കൽ, ഭാര്യ ലിനി എബ്രഹാം, ഇവരുടെ മക്കൾ ഐസക്, ഐറിൻ എന്നിവരാണ് മരിച്ചത്. എല്ലാവരും ഉറങ്ങാൻ കിടന്നതിന് പിന്നാലെയാണ് ഫ്ലാറ്റിൽ തീപിടിത്തമുണ്ടായത്. തീപിടിത്തമുണ്ടായ ഉടനെ അഗ്നിരക്ഷാസേന എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എസിയിൽ നിന്ന് തീ പടർന്നതോ എസിയിൽ നിന്നുള്ള പുക ശ്വസിച്ചതോ ആകാം മരണ കാരണമെന്നാണ് സംശയം. ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.
നാടും നാട്ടുകാരുമായി നല്ല ബന്ധം പുലർത്തുന്ന, എല്ലാ വിശേഷ അവസരങ്ങളിലും നാട്ടിലെത്തുന്ന മാത്യുവിന്‍റെയും കുടുംബത്തിന്‍റെയും മരണം ഒരു നാടിനെയാകെ സങ്കടത്തിലാക്കിയിരിക്കുകയാണ്. രണ്ട് വർഷം മുൻപാണ് പഴയ വീടിന്‍റെ സ്ഥാനത്ത് സ്വപ്നഭവനം പണിതത്. ഈ വീട്ടിലിപ്പോൾ മാത്യുവിന്‍റെ അമ്മ മാത്രമേയുള്ളൂ. വിവരമറിഞ്ഞ് ബന്ധുക്കളും എത്തി. അവസാനമായി ഒരുനോക്കു കാണാൻ കാത്തിരിക്കുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും. മൃതദേഹം എപ്പോൾ നാട്ടിലെത്തിക്കാൻ കഴിയുമെന്ന് ഇന്ന് വൈകുന്നേരത്തോടെയേ അറിയൂ.
ചുട്ടുപൊള്ളുന്ന ചൂടായതിനാൽ കുവൈത്തിൽ തീപിടിത്ത മുന്നറിയിപ്പ് അധികൃതർ നിരന്തരം നൽകുന്നുണ്ട്. 50 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് താപനില. വീടുകളിലും വാഹനങ്ങളിലും തീപിടിത്തം തടയാനുള്ള മുൻകരുതലുകൾ എടുക്കണമെന്ന് അഗ്നിശമനസേന ആവശ്യപ്പെട്ടിട്ടുണ്ട്. വൈദ്യുത കണക്ഷനുകളും എക്സ്റ്റൻഷനുകളും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുക, വീട്ടിൽ നിന്ന് പുറത്തുപോകുമ്പോൾ ഇലട്ക്രോണിക് ഉപകരണങ്ങളും ഗ്യാസ് സിലിണ്ടറുകളും അഫ് ചെയ്യുക, ഉച്ച സമയത്ത് വാഹന ഉപയോഗം കുറയ്ക്കുക തുടങ്ങിയ നിർദേശങ്ങളാണ് നൽകിയത്.

