ഷൂസ് ധരിച്ചിരുന്ന കുട്ടിയുടെ ഒരു കാല്‍ എസ്കലേറ്ററിന്റെ അരികിലുള്ള വിടവില്‍ കുടുങ്ങുകയായിരുന്നു. സുരക്ഷാ സംവിധാനം പ്രവര്‍ത്തിച്ചതിനാല്‍ ഉടന്‍ തന്നെ എസ്കലേറ്റര്‍ നിന്നു. 

ദുബായ്: ഷോപ്പിങ് മാളിലെ എസ്കലേറ്ററില്‍ കാല്‍ കുടുങ്ങിയ കുട്ടിയെ പരിക്കുകളില്ലാതെ രക്ഷിച്ചു. ദുബായിലെ ഷോപ്പിങ് മാളിലാണ് നാല് വയസുകാരിയുടെ കാല്‍ കുടുങ്ങിപ്പോയത്.

ഷൂസ് ധരിച്ചിരുന്ന കുട്ടിയുടെ ഒരു കാല്‍ എസ്കലേറ്ററിന്റെ അരികിലുള്ള വിടവില്‍ കുടുങ്ങുകയായിരുന്നു. സുരക്ഷാ സംവിധാനം പ്രവര്‍ത്തിച്ചതിനാല്‍ ഉടന്‍ തന്നെ എസ്കലേറ്റര്‍ നിന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ദുബായ് പൊലീസ് സെര്‍ച്ച് ആന്റ് റെസ്ക്യൂ സംഘം കുട്ടിയുടെ ഷൂസ് മുറിച്ച് കാല്‍ പുറത്തെടുക്കുകയായിരുന്നു. എസ്കലേറ്ററിന്റെ കുറച്ചുഭാഗം ഇളക്കിയാണ് കാല്‍ പുറത്തെടുത്തത്. കുട്ടിക്ക് പരിക്കേറ്റില്ലെന്ന് ദുബായ് പൊലീസ് സെര്‍ച്ച് ആന്റ് റെസ്ക്യൂ തലവന്‍ ലെഫ്. കേണല്‍ അബ്ദുല്ല ബിഷു അറിയിച്ചു.

ഇത്തരം അപകടങ്ങളുണ്ടായാല്‍ പ്രവര്‍ത്തനം ഉടന്‍ നില്‍ക്കുന്ന തരത്തിലുള്ള സുരക്ഷാ സംവിധാനം എല്ലാ എസ്കലേറ്ററുകളിലും ഘടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അപകട സമയത്ത് അടുത്തുള്ള ആര്‍ക്കും എമര്‍ജന്‍സി സ്റ്റോപ്പ് ബട്ടണ്‍ ഉപയോഗിച്ച് എസ്കലേറ്റര്‍ ഓഫ് ചെയ്യാം. ഇത്തരം സംവിധാനങ്ങളില്‍ കുട്ടികളെ ഒറ്റയ്ക്ക് കയറ്റരുതെന്നും രക്ഷിതാക്കളുടെ ശ്രദ്ധയുണ്ടാകണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.