കുവൈത്തിൽ ആഭ്യന്തര മന്ത്രാലയം നടത്തിയ പ്രത്യേക സുരക്ഷാ റെയ്ഡുകളിൽ 14 പേർ അറസ്റ്റിലായി. എട്ട് വ്യത്യസ്ത കേസുകളിലായി മയക്കുമരുന്ന് കൈവശം വെച്ചതിനും വിതരണം ചെയ്തതിനുമാണ് ഇവരെ പിടികൂടിയത്. പ്രതികളിൽ നിന്ന് വൻതോതിൽ മെത്താംഫെറ്റമിൻ, ഹാഷിഷ്, കഞ്ചാവ് എന്നിവയുൾപ്പെടെയുള്ള ലഹരിവസ്തുക്കൾ പിടിച്ചെടുത്തു.
കുവൈത്ത് സിറ്റി: മയക്കുമരുന്ന് കടത്ത് തടയുന്നതിനും സമൂഹത്തെ മയക്കുമരുന്നിന്റെ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനുമായി നടത്തിയ പ്രത്യേക സുരക്ഷാ നടപടികളിൽ എട്ട് വ്യത്യസ്ത കേസുകളിലായി 14 പേരെ അറസ്റ്റ് ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ നടത്തിയ റെയ്ഡുകളിലാണ് പ്രതികൾ പിടിയിലായത്. മയക്കുമരുന്ന് കൈവശം വയ്ക്കൽ, വിതരണം, വിൽപ്പന എന്നിവയിൽ ഏർപ്പെട്ടിരുന്നവരെയാണ് ലക്ഷ്യമിട്ട് നടപടി സ്വീകരിച്ചത്.
1.425 കിലോഗ്രാം മെത്താംഫെറ്റമിൻ (ക്രിസ്റ്റൽ മെത്ത്), 1.15 കിലോഗ്രാം ഹാഷിഷ്, 365 ഗ്രാം കഞ്ചാവ് (മരിജുവാന), 3 ഗ്രാം ഹെറോയിൻ, സിന്തറ്റിക് കാനബിനോയിഡ് ലഹരി പദാർത്ഥം പുരട്ടിയ നാല് എ4 ഷീറ്റുകൾ, 80 ലിറിക്ക ക്യാപ്‌സ്യൂളുകൾ, 3 സൈക്കോട്രോപിക് ഗുളികകൾ എന്നീ ലഹരിമരുന്നുകളാണ് പിടിച്ചെടുത്തത്. ഇതിന് പുറമെ 6 ഡിജിറ്റൽ തൂക്കം നോക്കുന്ന യന്ത്രങ്ങൾ, മയക്കുമരുന്ന് തയ്യാറാക്കാനും പായ്ക്ക് ചെയ്യാനുമുള്ള വിവിധ ഉപകരണങ്ങൾ, കടത്തിനും വിതരണത്തിനുമായി ഉപയോഗിച്ച മറ്റ് സാമഗ്രികൾ എന്നിവയും കണ്ടെടുത്തു. അറസ്റ്റിലായ 14 പേരെയും പിടിച്ചെടുത്ത മയക്കുമരുന്നുകളും തെളിവുകളും നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി മന്ത്രാലയം അറിയിച്ചു.മയക്കുമരുന്ന് കടത്തുകാർക്കും വിൽപ്പനക്കാരർക്കുമെതിരെ കർശന നടപടി തുടരുമെന്നും, മയക്കുമരുന്ന് കൈവശം വയ്ക്കൽ, ഉപയോഗം, വിതരണം, പ്രചാരണം എന്നിവയിൽ ഏർപ്പെടുന്നവർക്ക് യാതൊരു ഇളവും നൽകില്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.


