കുവൈത്തിലെ അൽ-അഹ്മദിയിൽ സർക്കാർ ഉദ്യോഗസ്ഥരെന്നും ബാങ്ക് പ്രതിനിധികളെന്നും വ്യാജേന വിളിച്ച് തട്ടിപ്പുകാർ രണ്ട് സ്ത്രീകളിൽ നിന്നായി 4,400 ദിനാർ കവർന്നു. രണ്ട് സ്ത്രീകൾ വീണത് വമ്പൻ കെണിയിൽ.
കുവൈത്ത് സിറ്റി: സർക്കാർ ഉദ്യോഗസ്ഥരെന്നും ബാങ്ക് പ്രതിനിധികളെന്നും വ്യാജേന വിളിച്ച തട്ടിപ്പുകാരുടെ വലയിൽ വീണ് കുവൈത്തിലെ അൽ-അഹ്മദി ഗവർണറേറ്റിൽ രണ്ട് സ്ത്രീകൾക്ക് ലക്ഷങ്ങൾ നഷ്ടമായി. ആകെ 4,400 കുവൈത്തി ദിനാറാണ് (ഏകദേശം 12 ലക്ഷം ഇന്ത്യൻ രൂപ) ഇവർക്ക് നഷ്ടപ്പെട്ടത്. പ്രായമായവർ വീട്ടിൽ ഒറ്റയ്ക്കായിരിക്കുന്ന സമയം നോക്കിയാണ് തട്ടിപ്പുകാർ കൃത്യം നടത്തിയത്. അറുപതുകളിൽ പ്രായമുള്ള ഒരു സ്വദേശി വനിതയ്ക്കാണ് ആദ്യം കോൾ ലഭിച്ചത്.
ലോക്കൽ ബാങ്കിൽ നിന്നാണെന്ന് പരിചയപ്പെടുത്തിയ തട്ടിപ്പുകാരൻ, അവരുടെ അക്കൗണ്ട് മോഷ്ടിക്കപ്പെടാൻ സാധ്യതയുണ്ടെന്നും അത് തടയാൻ കാർഡ് വിവരങ്ങൾ നൽകണമെന്നും ആവശ്യപ്പെട്ടു. പരിഭ്രാന്തയായ സ്ത്രീ വിവരങ്ങൾ കൈമാറിയ ഉടൻ തന്നെ വിവിധ ഇടപാടുകളിലൂടെ 3,000ത്തിലധികം ദിനാർ അക്കൗണ്ടിൽ നിന്ന് പിൻവലിക്കപ്പെട്ടു. റിട്ടയർ ചെയ്ത മറ്റൊരു സ്ത്രീയെ വാണിജ്യ മന്ത്രാലയത്തിൽ നിന്നാണെന്ന് പറഞ്ഞാണ് തട്ടിപ്പുകാരൻ വിളിച്ചത്. സമാനമായ രീതിയിൽ ഭയപ്പെടുത്തി വിവരങ്ങൾ കൈക്കലാക്കിയ ഇയാൾ 1,400 ദീനാറോളം അക്കൗണ്ടിൽ നിന്ന് തട്ടിയെടുത്തത്.
രണ്ട് കേസുകളും നിലവിൽ കൊമേഴ്‌സ്യൽ അഫയേഴ്സ് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. പ്രതികളെ കണ്ടെത്താനുള്ള ശ്രമം കുവൈത്ത് പൊലീസ് ഊർജ്ജിതമാക്കി. യാതൊരു കാരണവശാലും ബാങ്ക് വിവരങ്ങളോ ഒടിപിയോ ഫോണിലൂടെ ആർക്കും കൈമാറരുതെന്ന് ആഭ്യന്തര മന്ത്രാലയവും സെൻട്രൽ ബാങ്ക് ഓഫ് കുവൈത്തും വീണ്ടും മുന്നറിയിപ്പ് നൽകി. കുവൈത്തിൽ അടുത്തിടെ എഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഡിജിറ്റൽ തട്ടിപ്പുകൾ വർധിച്ചു വരുന്നതായി അധികൃതർ അറിയിച്ചു.


