റിയാദ്​: ജിദ്ദ കിങ്​ അബ്​ദുൽ അസീസ്​ വിമാനത്താവളത്തിലെത്തുന്ന ട്രാൻസി​റ്റ്​ യാത്രക്കാർക്ക്​ സൗജന്യ യാത്രാസൗകര്യം. വിമാനത്താവള അധികൃതർ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലുടെയാണ്​ ഇക്കാര്യം അറിയിച്ചത്​. പുതിയ വിമാനത്താവളത്തിനും സൗത്ത്​ ടെർമിനലിനുമിടയിലാണ് ​സ്വകാര്യ കമ്പനിയുടെ സഹകരണത്തോടെ​ സൗജന്യ യാത്രാസൗകര്യം​ ഏർപ്പെടുത്തിയിരിക്കുന്നത്​.

ബോഡിങ് പാസ്​ കാണിച്ചാൽ പുതിയ വിമാനത്താവളമായ ഒന്നാം നമ്പർ ടെർമിനലിൽ നിന്ന്​ സൗത്ത്​ ടെർമിനലിലേക്ക്​ സൗജന്യയാത്ര ലഭിക്കും.​ ആഭ്യന്തര, വിദേശ സർവീസുകൾക്കായി പുതിയ എയർപോർട്ട്​ പൂർണമായും സജ്ജമാകുന്നതുവരെ രണ്ട്​ മാസത്തേക്കാണിത്​. ഇതിനായി 200 കാറുകൾ ഒരുക്കിയിട്ടു​ണ്ട്​.