ഈ വർഷം ഫെബ്രുവരിയിലാണ് രാജ്യത്ത് ടാക്സുമായി ബന്ധപ്പെട്ട വീഴ്ചകൾക്ക് നൂറ് ശതമാനം ഇളവ് പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്.
ദോഹ: ഖത്തറില്‍ സാമ്പത്തിക പിഴയിൽ നൂറ് ശതമാനം ഇളവ് ലഭിക്കാനുള്ള സമയപരിധി ആഗസ്റ്റ് 31ന് അവസാനിക്കുമെന്ന് ഓർമ്മപ്പെടുത്തി ജനറൽ ടാക്സ് അതോറിറ്റി. സമയപരിധിക്ക് മുമ്പ് നികുതിദായകർ പിഴ ഇളവിന് അപേക്ഷിക്കണമെന്ന് അതോറിറ്റി നിർദ്ദേശിച്ചു.
ഈ വർഷം ഫെബ്രുവരിയിലാണ് രാജ്യത്ത് ടാക്സുമായി ബന്ധപ്പെട്ട വീഴ്ചകൾക്ക് നൂറ് ശതമാനം ഇളവ് പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്. മാര്‍ച്ച് ഒന്ന് മുതൽ തീരുമാനം നിലവിൽ വന്നു. ഇത് പ്രകാരം നികുതി റിട്ടേൺ സമർപ്പിക്കൽ, ടാക്സ് കാർഡ് രജിസ്ട്രേഷനിലെ കാലതാമസം എന്നിവ അടക്കമുള്ള നികുതി സംബന്ധമായ വീഴ്ചകൾക്ക് ഈടാക്കിയിരുന്ന പിഴകൾ പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ ആഗസ്റ്റ് 31 ഓടെ ഈ ഇളവ് പൂർണമായും അവസാനിക്കും.
മാർച്ച് ഒന്ന് മുതൽ ഇതുവരെ 4,000 നികുതിദായകർക്ക് ആകെ 900 ദശലക്ഷത്തിലധികം റിയാലിന്റെ സാമ്പത്തിക പിഴ ഇളവുകളാണ് ഇത്തരത്തിൽ അനുവദിച്ചതെന്ന് ജനറൽ ടാക്സ് അതോറിറ്റി വ്യക്തമാക്കി. സ്വമേധയാ നികുതി അടക്കുന്നത് പ്രോത്സാഹിപ്പിക്കാനും നികുതി സംവിധാനത്തെ കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിന്റെയും ഭാഗമായാണ് ഇളവ് നൽകികൊണ്ടുള്ള ഈ നടപടി. കമ്പനികളുടെ മേലുള്ള സാമ്പത്തിക ബാധ്യതകള്‍ ലഘൂകരിക്കുക എന്ന ലക്ഷ്യവും ഇതിനുപിന്നിലുണ്ട്. രാജ്യത്തിന്റെ സുസ്ഥിര വികസന പദ്ധതികളെ ശക്തിപ്പെടുത്താനും ഈ തീരുമാനം ഗുണം ചെയ്യും. പിഴയുള്ള എല്ലാ നികുതിദായകരും നികുതി സംബന്ധമായ കാര്യങ്ങൾ ക്രമപ്പെടുത്തുന്നതിനും ഭാവിയിൽ പിഴകൾ ഒഴിവാക്കുന്നതിനുമുള്ള അവസരം പ്രയോജനപ്പെടുത്തണമെന്നും ജനറൽ ടാക്സ് അതോറിറ്റി നിർദ്ദേശിച്ചു.
