എട്ട് മാസം മാത്രം പ്രായമായ മല്‍ക്ക റൂഹിയുടെ ചികിത്സാര്‍ത്ഥമാണ് ധനസമാഹരണം നടത്തിയത്.
ദോഹ: അപൂർവ്വ എസ്എംഎ രോഗം ബാധിച്ച ഖത്തറിലെ മലയാളി ദമ്പതികളുടെ മകൾ മൽക്ക റൂഹിക്കായുള്ള ശ്രമം ഫലം കാണുന്നു. വൻതുക കണ്ടെത്താനായി ഖത്തർ ചാരിറ്റിയുടെ ആഭിമുഖ്യത്തിൽ തുടങ്ങിയ ക്യാംപയിൻ ലക്ഷ്യം കണ്ടു.
ഫണ്ട് സംബന്ധിച്ച അന്തിമ അറിയിപ്പ് ലഭിച്ചാലുടൻ ചികിത്സയ്ക്കായുള്ള
ഒരുക്കത്തിലാണ് കുടുംബം. മൽക്ക റൂഹിയുടെ അവസ്ഥ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. മലയാളികളായ റിസാൽ-നിഹാല ദമ്പതികളുടെ മകളായ മൽക്ക റൂഹിയായിരുന്നു ടൈപ്പ് 1 എസ്എംഎ രോഗം ബാധിച്ച് മുലപ്പാൽ കുടിക്കാൻ പോലുമാകാതെ കഴിഞ്ഞത്.
കുഞ്ഞിന് ഇപ്പോൾ 8 മാസം പ്രായമായി. ഒരു കോടിയിലധികം ഖത്തർ റിയാലായിരുന്നു ആദ്യം കണക്കാക്കിയിരുന്ന ഏകദേശ തുക. പിന്നീട് ഖത്തർ ചാരിറ്റി ഏറ്റെടുത്തതോടെ പണം കണ്ടെത്താനുള്ള ശ്രമങ്ങൾക്ക് വേഗം വെച്ചു. ബിരിയാണി ചലഞ്ച് നടത്തിയും സാധ്യമായ മറ്റെല്ലാ വഴികളിലൂടെയും മുഴുവൻ പ്രവാസി സംഘടനകളും കൂട്ടായ്മകളും സ്കൂളുകളും ഒന്നായി രംഗത്തെത്തി. ഒടുവിലാണ് ദൗത്യം പൂർത്തിയായതായി വിവരം എത്തിയിരിക്കുന്നത്.
Read Also - ബാഗേജ് അലവൻസ്; എയർ ഇന്ത്യ എക്സ്‍പ്രസിന്‍റെ വിശദീകരണത്തിൽ വ്യക്തതക്കുറവ്, പ്രവാസികൾ ആശങ്കയിൽ
തുക സംബന്ധിച്ച് ഖത്തർ ചാരിറ്റി ഔദ്യോഗിക അറിയിപ്പ് നൽകും. ഇനി ചികിത്സ തുടങ്ങാമെന്ന ആശ്വാസത്തിലാണ് കുടുംബം. ജീൻ തെറാപ്പിക്കുള്ള മരുന്ന് ഉടനെയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
