റിയാദ്: അടുത്ത വർഷത്തെ ജി 20 ഉച്ചകോടി സൗദി അറേബ്യയിലെ റിയാദിൽ നടത്താൻ ധാരണയായി. 2020 നവംബർ 21, 22 തീയതികളിലായാണ് പതിനഞ്ചാമത് ജി 20 ഉച്ചകോടി നടക്കുക. റിയാദ് കിംഗ് അബ്ദുള്ള ഫിനാൻഷ്യൽ സെന്ററാണ് ഉച്ചകോടിയുടെ വേദി.

രാജ്യത്തിൻറെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ രണ്ടു ദിവസമായി ജപ്പാനിലെ ഒസാക്കയിൽ നടന്നുവന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുത്തിരുന്നു.

ഇന്നലെ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം ഇന്ത്യയുടെ വിലമതിക്കാനാവാത്ത പങ്കാളിയാണ് സൗദി അറേബ്യയെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് രവീഷ് കുമാർ വ്യക്തമാക്കിയിരുന്നു.

ഇന്ത്യയുടെ ഹജ്ജ് ക്വോട്ട 1,70,000 നിന്ന് രണ്ടു ലക്ഷമായി ഉയർത്തുമെന്നും ചർച്ചകൾക്ക് ശേഷം ഇന്ത്യൻ വിദേശ കാര്യ സെക്രട്ടറി വിജയ് ഗോഖലെ അറിയിച്ചിരുന്നു.