റിയാദ്: ഇന്നും നാളെയും നടക്കുന്ന ജി20 ഉച്ചകോടിക്ക് റിയാദില്‍ തുടക്കമായി. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയിലാണ് ഗ്രൂപ്പ് 20 രാജ്യങ്ങളുടെ ഉച്ചകോടി ആരംഭിച്ചത്. ശനിയാഴ്ച വൈകീട്ട് നാലിനാണ് തുടക്കമായത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ്, റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുട്ടിന്‍, ചൈനീസ് പ്രസിഡന്റ് ജി പെങ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ ഉള്‍പ്പെടെ അംഗ രാജ്യങ്ങളുടെയെല്ലാം ഭരണത്തലവന്മാരും അതത് രാജ്യങ്ങളുടെ റിസര്‍വസ് ബാങ്ക് ഗവര്‍ണര്‍മാരും അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികളും ഓണ്‍ലൈനായി സമ്മേളനത്തില്‍ പങ്കെടുത്തു.

10 മിനിറ്റ് നീണ്ട അധ്യക്ഷ പ്രസംഗമാണ് സല്‍മാന്‍ രാജാവ് നടത്തിയത്. ഞായറാഴ്ച വൈകിട്ടോടെ അവസാനിക്കുന്ന ദ്വിദിന ഉച്ചകോടിയുടെ നടപടികള്‍ സമ്പൂര്‍ണമായും വെര്‍ച്വല്‍ സംവിധാനത്തിലാണ് നടക്കുന്നത്. ലോക ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗവും ആഗോള സമ്പദ് വ്യവസ്ഥയുടെ 85 ശതമാനവും ആഗോള വ്യാപാരത്തിന്റെ 75 ശതമാനവും ഉള്‍ക്കൊള്ളുന്ന ജി20 രാജ്യങ്ങളുടെ തലവന്മാന്‍ പെങ്കടുക്കുന്ന ഉച്ചകോടിയെ കൊവിഡ് സാഹചര്യത്തില്‍ ലോകം വലിയ പ്രധാന്യത്തോടെയാണ് ഉറ്റുനോക്കുന്നത്.

കാലാവസ്ഥ, ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ, ആരോഗ്യ പരിരക്ഷ, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. ജി20 കൂട്ടായ്മയ രൂപമെടുത്ത ശേഷം ആദ്യമായാണ് സൗദി അറേബ്യയുടെ തലസ്ഥാന നഗരി ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്.