ദുബായ്: ഗള്‍ഫ് രാജ്യങ്ങള്‍ കഴിഞ്ഞ നാല് വര്‍ഷമായി പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നതെന്ന് ജി.സി.സി സെക്രട്ടറി ജനറൽ ഡോ. നാഇഫ് ഫലാഹ് മുബാറക് അൽ ഹജ്റഫ് പറഞ്ഞു. കൊവിഡ് പ്രതിസന്ധി ജി.സി.സി രാജ്യങ്ങളെ ഒന്നടങ്കം ബാധിച്ചതായും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഗള്‍ഫില്‍ കൊവിഡ് ബാധിതരുടെ എണ്ണം രണ്ടുലക്ഷം കവിഞ്ഞു.

കഴിഞ്ഞ നാല് വര്‍ഷമായി ഗള്‍ഫ് രാജ്യങ്ങള്‍ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് ജി.സി.സി 39-ാെ വാര്‍ഷികത്തില്‍ സെക്രട്ടറി ജനറല്‍ ഡോ.അല്‍ ഹജ്റഫ് പറഞ്ഞു.  അഞ്ചാം പതിറ്റാണ്ടിന്റെ തൊട്ടു പിറകേയാണ് ജി.സി.സി എത്തി നിൽക്കുന്നത്.  മുമ്പത്തേക്കാളുപരി പരസ്പര സഹകരണവും ഒരുമിച്ചുള്ള പ്രവർത്തനവും അനിവാര്യമായ  സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ഉടന്‍ തന്നെ എല്ലാ പ്രതിസന്ധികളും വെല്ലുവിളികളെയും തരണം ചെയ്ത് മുന്നേറാൻ ജി.സി.സിക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൊവിഡ് പ്രതിസന്ധിയും ജി.സി.സി രാജ്യങ്ങളെ ഒന്നടങ്കം ബാധിച്ചു. വൈറസിനെ തുരത്താൻ എല്ലാവരുടെയും സംയുക്ത സഹകരണവും പ്രവർത്തനവും അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടുതൽ ശക്തിയോടെയും ദൃഢനിശ്ചയത്തോടെയും വെല്ലുവിളികളെ പരാജയപ്പെടുത്തി സമിതിയുടെ എല്ലാ നേട്ടങ്ങളെയും സംരക്ഷിക്കാൻ സാധിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. 

ഗള്‍ഫില്‍ കൊവിഡ് ബാധിതരുടെ എണ്ണം 2,00,748ആയി 131 മലയാളികളടക്കം 938 പേരാണ് മരിച്ചത്. വന്ദേഭാരത് ദൗത്യത്തിൽ ഇന്ന് ഗൾഫിൽനിന്ന് കേരളത്തിലേക്ക് ഒമ്പതു വിമാനങ്ങള്‍ സര്‍വീസ് നടത്തും. 1500ലേറെ പ്രവാസികൾ കൂടിയാണ് ഇന്ന് നാട്ടിലെത്തുന്നത്.