ബഹ്‌റൈൻ തലസ്ഥാനമായ മനാമയിൽ നടന്ന ഗൾഫ് സഹകരണ കൗൺസിലിന്റെ 46-ാം ഉച്ചകോടിയുടെ സമാപനത്തിൽ ഖത്തറിനെ അഭിനന്ദിച്ചുകൊണ്ട് പ്രസ്താവനയിറക്കി ജിസിസി. ഗാസയിൽ വെടിനിർത്തൽ ഉറപ്പാക്കാനും ബന്ദികളെ മോചിപ്പിക്കാനും ഖത്തർ നടത്തിയ ഇടപെടൽ ഉച്ചകോടി പ്രത്യേകം പ്രശംസിച്ചു.
ദോഹ: സമാധാനത്തിനായി ഖത്തർ നടത്തുന്ന നയതന്ത്ര പ്രവർത്തനങ്ങളെ പ്രശംസിച്ച് ഗൾഫ് സഹകരണ കൗൺസിൽ(ജിസിസി). ബുധനാഴ്ച ബഹ്‌റൈൻ തലസ്ഥാനമായ മനാമയിൽ നടന്ന ഗൾഫ് സഹകരണ കൗൺസിലിന്റെ 46-ാം ഉച്ചകോടിയുടെ സമാപനത്തിലാണ് ഖത്തറിനെ അഭിനന്ദിച്ചുകൊണ്ട് പ്രസ്താവനയിറക്കിയത്.
ഗാസയിൽ വെടിനിർത്തൽ ഉറപ്പാക്കാനും ബന്ദികളെ മോചിപ്പിക്കാനും ഖത്തർ നടത്തിയ ഇടപെടൽ ഉച്ചകോടി പ്രത്യേകം പ്രശംസിച്ചു. ഖത്തർ, ഈജിപ്ത്, തുർക്കി, അമേരിക്ക എന്നിവർ ചേർന്ന് ഒപ്പുവെച്ച ഗാസ കരാർ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രധാന ചുവടുവെയ്പ്പാണെന്നും ജിസിസി വിലയിരുത്തി. ചർച്ചകൾ പൂർത്തിയാക്കുന്നതിലും കരാർ ഉറപ്പിക്കുന്നതിലും അതുവഴി പ്രാദേശിക സ്ഥിരത വർദ്ധിപ്പിക്കുന്ന നീതിയുക്തവും സമഗ്രവുമായ സമാധാന പ്രക്രിയയ്ക്ക് വഴിയൊരുക്കുന്നതിന് ഖത്തറിന്റെ സംഭാവനയെ കൗൺസിൽ പ്രശംസിച്ചു.
കോംഗോയിലെ ആഭ്യന്തര സംഘർഷം അവസാനിപ്പിക്കാൻ നവംബർ 15 ന് ഖത്തറിൽ ഒപ്പുവെച്ച ദോഹ സമാധാന കരാറിനെ ഉച്ചകോടി അഭിനന്ദിച്ചു. സംഘർഷങ്ങളിലും സംഘർഷാനന്തര സാഹചര്യങ്ങളിലും സ്ത്രീകളുടെയും കുട്ടികളുടെയും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഖത്തർ സമർപ്പിച്ച പ്രമേയം ഈ വർഷം ഒക്ടോബർ 7 ന് മനുഷ്യാവകാശ കൗൺസിൽ ഏകകണ്ഠമായി അംഗീകരിച്ചതിനെ ജിസിസി സുപ്രീം കൗൺസിൽ സ്വാഗതം ചെയ്തു.
ഈ നവംബറിൽ ദോഹയിൽ നടന്ന രണ്ടാം ലോക സാമൂഹിക വികസന ഉച്ചകോടിക്ക് ഖത്തർ വിജയകരമായി ആതിഥേയത്വം വഹിച്ചതിനെയും സുപ്രീം കൗൺസിൽ പ്രശംസിച്ചു. പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള അടിയന്തര വെടിനിർത്തൽ കരാറിനെയും ഇരു രാജ്യങ്ങൾക്കുമിടയിൽ ശാശ്വത സമാധാനവും സ്ഥിരതയും ഏകീകരിക്കുന്നതിനുള്ള സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനെയും സ്വാഗതം ചെയ്ത സുപ്രീം കൗൺസിൽ ഇക്കാര്യത്തിൽ ഖത്തറും തുർക്കിയെയും വഹിച്ച നയതന്ത്ര ശ്രമങ്ങളെയും ക്രിയാത്മക പങ്കിനെയും പ്രശംസിച്ചു.
ഉച്ചകോടിയിൽ പുറത്തിറക്കിയ അന്തിമ പ്രസ്താവനയിൽ, ഉക്രെയ്ൻ-റഷ്യ യുദ്ധത്തിൽ ഒറ്റപ്പെട്ട കുട്ടികളെ അവരുടെ കുടുംബങ്ങളുമായി വീണ്ടും ഒന്നിപ്പിക്കാൻ ഖത്തർ നടത്തിയ ഇടപെടലിനും കൗൺസിൽ നന്ദി പറഞ്ഞു. കായിക രംഗത്ത്, 2025-ലെ ഫിഫ അണ്ടർ 17 ലോകകപ്പ് വിജയകരമായി സംഘടിപ്പിച്ചതിന് ഖത്തറിനെ അഭിനന്ദിച്ച ജിസിസി സുപ്രീം കൗൺസിൽ 2036 ഒളിമ്പിക്സ്, പാരാലിമ്പിക് ആതിഥേയത്വത്തിനുള്ള ഖത്തറിന്റെ ശ്രമങ്ങൾക്ക് പിന്തുണയറിയിച്ചു.


