ദുബായ്: ഉത്തരമലബാറുകാരായ യുഎഇ പ്രവാസികൾക്ക് യാത്രാ സൗകര്യമൊരുക്കി ഗോ എയര്‍ ദുബായില്‍ നിന്നും കണ്ണൂരിലേക്ക് സര്‍വീസ് നടത്തും. പ്രതിദിന സര്‍വീസ് വെള്ളിയാഴ്ച മുതൽ തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.

ദിവസേന യുഎഇ സമയം പുലർച്ചെ 12.20ന് ദുബായ് ടെർമിനൽ ഒന്നിൽ നിന്ന് പുറപ്പെടുന്ന ഗോ എയര്‍ വിമാനം ഇന്ത്യൻ സമയം രാവിലെ 5.35ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെത്തും. കണ്ണൂരില്‍ നിന്ന് ഇന്ത്യൻ സമയം വൈകിട്ട് 7.05ന് പുറപ്പെടുന്ന വിമാനം യുഎഇ സമയം രാത്രി 10.30ന് ദുബായിലെത്തിച്ചേരും. 335 ദിർഹം മുതലാണ് ഒരുഭാഗത്തേക്കുള്ള ടിക്കറ്റ് നിരക്ക്. 

ഇതിനകം ടിക്കറ്റ് ബുക്കിങ് ആരംഭിച്ച വിമാനത്തിന് യാത്രക്കാരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നതെന്ന് ഗോ എയര്‍ രാജ്യാന്തര ഓപ്പറേഷൻസ് വൈസ് പ്രസിഡന്റ് അർജുൻ ദാസ് ഗുപ്ത അറിയിച്ചു. മിതമായ ടിക്കറ്റ് നിരക്കിൽ‌ ഉയര്‍ന്ന നിലവാരത്തിലുളള യാത്രാ സൗകര്യമൊരുക്കി പ്രതിബദ്ധത ഉറപ്പുവരുത്തുമെന്നും അധികൃതര്‍ അറിയിച്ചു. ഭാവിയിൽ ഷാർജയിൽ നിന്നും കണ്ണൂരിലേയ്ക്ക് സര്‍വീസുകള്‍ നടത്തും. 

അല്‍ നബൂദ ട്രാവല്‍ ആൻഡ് ടൂറിസവുമായി ചേര്‍ന്നാണ് ഗോ എയര്‍ സർവീസ് ആരംഭിക്കുന്നത്. വടക്കന്‍ കേരളത്തിലെ വിനോദ സഞ്ചാര വാണിജ്യ കേന്ദ്രമായ കണ്ണൂരിനെ ദുബായിയുമായി ബന്ധപ്പെടുത്തി എല്ലാ ദിവസവും നേരിട്ടുളള സർവീസുകളാണ് ഗോ എയര്‍ പറക്കുന്നതോടെ യാഥാര്‍ത്ഥ്യമാവുന്നത്.