ദില്ലി: സ്വർണക്കടത്ത് കേസിൽ യുഎഇ അന്വേഷണം പ്രഖ്യാപിച്ചു. ഇന്ത്യൻ അന്വേഷണഏജൻസികൾ നടത്തുന്ന അന്വേഷണത്തോട് എല്ലാ തരത്തിലും സഹകരണം നടത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യുഎഇ തന്നെ നേരിട്ട് ഈ സ്വർണക്കടത്ത് കേസിൽ അന്വേഷണം പ്രഖ്യാപിക്കുന്നത്. നയതന്ത്രചാനൽ വഴി സ്വർണം കടത്താൻ ശ്രമിച്ച കേസായതിനാൽ കോൺസുലേറ്റിന്‍റെ തന്നെ സൽപ്പേരിന് ബാധിക്കുന്നതാണ് ഈ കേസെന്ന് ചൂണ്ടിക്കാണിച്ച് കൊണ്ടാണ് യുഎഇ സർക്കാർ അന്വേഷണം പ്രഖ്യാപിക്കുന്നത്. ഇന്ത്യൻ സർക്കാരുമായി വളരെ നല്ല നയതന്ത്രബന്ധമുള്ള യുഎഇ അത് തുടരുമെന്നും ഇന്ത്യയിലെ യുഎഇ സ്ഥാനപതി അഹ്മദ് അൽ ബന്ന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

''The UAE Embassy, New Delhi: The authorities in the UAE have launched an investigation to find out who sent the cargo containing gold to the address of the UAE consulate. The authorities have stressed that the culprits who not only committed a major crime but also sought to tarnish the reputation of the UAE mission in India will not be spared. We remain committed to cooperating with Indian authorities in getting to the root of the crime''

യുഎഇ ഔദ്യോഗികമായി ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ വാർത്താക്കുറിപ്പിൽ പറയുന്നതിങ്ങനെ: യുഎഇ കോൺസുലേറ്റിന്‍റെ പേരിൽ ആരാണ് സ്വർണമടങ്ങിയ കാർഗോ അയച്ചതെന്നതിൽ യുഎഇ അധികൃതരും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കുറ്റവാളികൾ വലിയൊരു കുറ്റകൃത്യം ചെയ്തുവെന്ന് മാത്രമല്ല, ഇന്ത്യയിലെ യുഎഇ മിഷന്‍റെ പേര് ചീത്തയാക്കാൻ ശ്രമിച്ചുവെന്നും ദില്ലിയിലെ യുഎഇ എംബസി വ്യക്തമാക്കി. ഇത്തരമൊരു നീക്കം ഒരു കാരണവശാലും അനുവദിച്ചുകൊടുക്കാവുന്നതല്ല. ഈ കുറ്റകൃത്യത്തിന്‍റെ വേര് തേടാൻ ഇന്ത്യൻ അധികൃതരുമായി എല്ലാ തരത്തിലും സഹകരിക്കുമെന്നും എംബസി പറയുന്നു. 

സാധാരണ സ്വർണക്കടത്ത് കേസുകളിൽ യുഎഇ നേരിട്ട് അന്വേഷണം പ്രഖ്യാപിക്കാറില്ല. എന്നാൽ റോ അടക്കമുള്ള രഹസ്യാന്വേഷണ ഏജൻസികളും യുഎഇ അധികൃതരുമായി സഹകരണം ഉണ്ടാകാറുണ്ട്. എന്നാൽ ഇത് നയതന്ത്രചാനലുകൾ വഴി നടന്ന സ്വർണക്കടത്തായതിനാലും ഇന്ത്യയിലെ യുഎഇ കോൺസുലേറ്റിന്‍റെ തന്നെ പേര് കളങ്കപ്പെടുത്തുന്ന തരത്തിലുള്ളതായതിനാലുമാണ് യുഎഇ തന്നെ നേരിട്ട് അന്വേഷണം നടത്തുന്നത്. 

ഡിപ്ലോമാറ്റിക്ക് ബാഗിൽ സ്വർണ്ണം കടത്തിയ കേസിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങി. ഇന്ത്യ - യുഎഇ നയതന്ത്രബന്ധത്തെ ബാധിക്കാത്ത തരത്തിൽ വേണം അന്വേഷണ ഏജൻസികൾക്ക് ഇക്കാര്യത്തിൽ നടപടികൾ സ്വീകരിക്കാൻ. ഈ സാഹചര്യത്തിൽ യുഎഇ സർക്കാരിന്‍റെ സഹകരണപ്രഖ്യാപനം ഏജൻസികൾക്കും ആശ്വാസമാണ്. 

കേരളത്തിലേക്ക് ഡിപ്ലോമാറ്റിക്ക് ബാഗിൽ സ്വർണ്ണക്കടത്ത് നടത്തിയ സംഭവം നയതന്ത്ര തലത്തിൽ വലിയ വിവാദത്തിനാണ് വഴിവെച്ചത്. നയതന്ത്ര സൗകര്യം ഉപയോഗിച്ച് യുഎഇയിൽ നിന്ന് സ്വർണ്ണം എത്തിയ സംഭവത്തെ ഏറെ ഗൗരവത്തോടെയാണ് കേന്ദ്രസർ‍ക്കാർ കാണുന്നത്. ഇന്ത്യയോട് വളരെ അടുത്ത ബന്ധമുള്ള രാജ്യമാണ് യുഎഇ. അതിനാൽ യുഎഇയെ  വിശ്വാസത്തിൽ എടുത്തേ ഇക്കാര്യത്തില്‍ ഇന്ത്യ തുടർനടപടികൾ സ്വീകരിക്കു.

നിലവിൽ കസ്റ്റംസിൽ നിന്ന്  ഐബിയും റോയും അടക്കമുള്ള രഹസ്യാന്വേഷണ ഏജൻസികൾ വിവരങ്ങൾ ശേഖരിച്ചു കഴിഞ്ഞു. ദുബായിൽ നിന്ന് തുറമുഖങ്ങൾ വഴിയും വിമാനത്താവളങ്ങളിലൂടെയും സ്വർണ്ണക്കടത്ത് വ്യാപകമാകുന്നത് രഹസ്യാന്വേഷണ എജൻസികൾ  അന്വേഷിച്ച് വരുന്നതിനിടെയാണ് പുതിയ സംഭവം. പിടിയിലായ മുൻ പിആർഒ സരിത്ത് കോൺസുലേറ്റിലെ  മൂന്നാമത്തെ ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് പെട്ടി കൈമാറുന്നതെന്ന് മൊഴി നൽകിയിട്ടുണ്ട്. നയതന്ത്ര പരിരക്ഷയുള്ള ഈ ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യണമെങ്കിൽ യുഎഇയുടെ അനുമതി വേണ്ടി വരും. ആവശ്യമെങ്കിൽ യുഎഇയെ വിശ്വാസത്തിലെടുത്ത് മാത്രമേ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകൂവെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു.