റിയാദ്: ജിദ്ദയിലെ ശ്മശാനത്തില്‍ ബുധനാഴ്ചയുണ്ടായ സ്‌ഫോടനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ ജിദ്ദ ഗവര്‍ണര്‍ അമീര്‍ മിശ്അല്‍ ബിന്‍ മാജിദ് സന്ദര്‍ശിച്ചു. നിസാര പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന രണ്ടുപേരെയാണ് ഗവര്‍ണര്‍ സന്ദര്‍ശിച്ചത്. ആരോഗ്യസ്ഥിതികള്‍ അന്വേഷിക്കുകയുണ്ടായി.

ജിദ്ദ പൊലീസ് മേധാവി കേണല്‍ ഈദ് അല്‍ഉതൈബിയും ഗവര്‍ണറെ അനുഗമിച്ചിരുന്നു. സ്‌ഫോടനത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി മക്ക ഗവര്‍ണറേറ്റ് മാധ്യമ വക്താവ് സുല്‍ത്താന്‍ അല്‍ദോസരി അറിയിച്ചു. ബുധനാഴ്ച ജിദ്ദയിലെ ശ്മശാനത്തില്‍ ഫ്രഞ്ച് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ഒന്നാം ലോക മഹായുദ്ധ അനുസ്മരണ ചടങ്ങിലുണ്ടായ സ്ഫോടനത്തില്‍ നാല് പേര്‍ക്കാണ് പരിക്കേറ്റത്. മുസ്‌ലിമിതര മതവിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള ജിദ്ദയിലെ ശ്മശാനത്തില്‍ നടന്ന ചടങ്ങിനിടെയാണ് സംഭവം. ഗ്രനേഡ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.