ഓഫ് റോഡ് റൈഡ് ഇഷ്ടപ്പെടുന്ന കുവൈത്തിലെ ചില പ്രവാസികൾ ചേര്‍ന്നാണ് കൂട്ടായ്മക്ക് രൂപം കൊടുത്തത്. ദുബൈയിലും ഖത്തറിലും ഇത്തരം ക്ലബ്ബുകള്‍ ഉണ്ടെങ്കിലും കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിനിടയില്‍ ഇങ്ങനെയൊരു ക്ലബ്ബ് ഇതാദ്യമാണ്.
കുവൈത്ത് സിറ്റി: മണലാരണ്യങ്ങളിലൂടെ ചീറിപ്പായുന്ന വണ്ടികൾ, ഓരോ വണ്ടിയും പോകുമ്പോഴും അന്തരീക്ഷത്തിലേക്ക് ഉയരുന്ന മണൽത്തരികള്‍...സിനിമയിലാണെങ്കില്‍ മരുഭൂമിയിൽ വെച്ച് ഒരു നായകന്‍റെയോ വില്ലന്‍റെയോ ഇന്‍ട്രോ സീൻ പോലെ, എന്നാല്‍ ജീവിതത്തിലിത് ഒരു കൂട്ടം ചെറുപ്പക്കാരുടെ പാഷൻറെ ഇൻട്രോയാണ്. സാഹസികതയും സൗഹൃദവും ഒരുമിച്ചപ്പോള്‍ പിറന്ന യാത്രകളുടെ തുടക്കം.
ഓഫ് റോഡ് റൈഡ് ഇഷ്ടപ്പെടുന്ന കുവൈത്തിലെ ചില പ്രവാസികളുടെ കൂട്ടായ്മയുടെ കഥയാണിത്. മരുഭൂമിയിലെ പ്രതികൂല കാലാവസ്ഥയെ കീഴടക്കി കൊണ്ട് ഓഫ് റോഡ് യാത്രകള്‍ നടത്താന്‍ ഇഷ്ടപ്പെടുന്ന ഒരു കൂട്ടം പ്രവാസി മലയാളികള്‍ ചേര്‍ന്ന് ഈയടുത്താണ് പുതിയൊരു ക്ലബ്ബിന് രൂപം കൊടുത്തത്- ‘കുവൈത്ത് ഇന്ത്യ 4x4 ക്ലബ്ബ്’. 4x4 വാഹനങ്ങള്‍ സ്വന്തമായുള്ള ഈ ചെറുപ്പക്കാരുടെ നാല് വര്‍ഷത്തോളമായുള്ള സ്വപ്നമാണ് ഇത്തരത്തിലൊരു ക്ലബ്ബ്. ദുബൈയിലും ഖത്തറിലും ഇത്തരം ക്ലബ്ബുകള്‍ ഉണ്ടെങ്കിലും കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിനിടയില്‍ ഇങ്ങനെയൊരു ക്ലബ്ബ് ഇതാദ്യമാണ്.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് കുവൈത്തിലെ ഇത്തരത്തിലെ ആദ്യത്തെ പ്രവാസി മലയാളി കൂട്ടായ്മയായ ‘കുവൈത്ത് ഇന്ത്യ 4X4’ മരുഭൂമിയുടെ ഹൃദയത്തിലേക്ക് ആദ്യ സാഹസിക യാത്ര നടത്തുകയും ചെയ്തു. ക്ലബ്ബിന് തുടക്കം കുറിച്ച് ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ 25-ൽ കൂടുതലായ അംഗങ്ങളിലേക്ക് വളർന്ന ഈ ഗ്രൂപ്പിന്‍റെ ട്രിപ്പ് കഴിഞ്ഞ വെള്ളിയാഴ്ച സൽമി റോഡിൽ നിന്നാണ് ആരംഭിച്ചത്.

ഉച്ചയ്ക്ക് 12:50ന് കുവൈത്ത് സിറ്റിയിൽ നിന്ന് നൂറു കിലോമീറ്റർ ദൂരെയുള്ള സാൽമിയുടെ അടുത്ത് ഇറാഖ്-സൗദി ബോർഡർ ആയ ലിയാ എന്ന മരുഭൂമിയിലേക്കായിരുന്നു ഈ യാത്ര. റോഡിൽ നിന്ന് 25 കിലോമീറ്റർ മരുഭൂമിക്കുള്ളിലാണ് ഈ പ്രദേശം. സൽമി റോഡിൽ വാഹനങ്ങൾ ഒന്നൊന്നായി എത്തിയതോടെ യാത്രയുടെ ആവേശവും ഉയർന്നു. സുരക്ഷാ നിർദേശങ്ങൾ, മരുഭൂമിയിലെ സഞ്ചാരരീതികൾ, വാഹന നിയന്ത്രണങ്ങൾ എന്നിവയെക്കുറിച്ചുള്ള വിദഗ്ധരുടെ ബ്രീഫിംഗോടെ അഡ്വെഞ്ചർ ട്രിപ്പിന് തുടക്കമായി. ദുബൈയിലൊക്കെ പോയി വണ്ടി ഓടിക്കുന്ന അനുഭവസമ്പത്തുള്ള ഓഫ് റോഡ് റൈഡേഴ്സും ഈ സംഘത്തിലുണ്ടായിരുന്നു. മൊബൈല്‍ ഫോണിന് റേഞ്ച് കിട്ടാത്തതിനാല്‍ വോക്കി-ടോക്കിയിലാണ് നിര്‍ദ്ദേശങ്ങള്‍ നൽകിയത്.

ടയർ പ്രഷർ കുറയ്ക്കൽ, വോക്കി-ടോക്കി പരിശോധന, 4H/4L മോഡിലേക്ക് മാറ്റൽ തുടങ്ങിയ ഒരുക്കങ്ങൾ പൂർത്തിയാക്കി 1:15ന് 25-ഓളം 4x4 വാഹനങ്ങൾ ഒരു കോൺവോയി രൂപത്തിലായി മണൽ കുന്നുകൾക്കിടയിലൂടെ പ്രവേശിച്ചു. യാത്രയ്ക്കിടെ പല വാഹനങ്ങളും മണലിൽ കുടുങ്ങിയെങ്കിലും, എല്ലാ അംഗങ്ങളും ഒരുമിച്ചുള്ള ശ്രമത്താൽ വണ്ടികൾ സുരക്ഷിതമായി പുറത്തെടുത്തു. “ഒന്നുമിച്ചു നിൽക്കുക” എന്നതാണ് ഗ്രൂപ്പിന്റെ ശക്തിയെന്ന് അംഗങ്ങൾ പറഞ്ഞു. മണൽമലകൾ കയറി ഇറങ്ങുന്നതും ചെറിയ പീക്കുകൾ കീഴടക്കുന്നതും സസ്പെൻസ് നിറഞ്ഞ നിമിഷങ്ങൾ ആയിരുന്നെന്ന് സംഘാഗങ്ങൾ പറഞ്ഞു. പരസ്പരം പ്രോത്സാഹിപ്പിച്ചും മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയും എല്ലാവരും ഒരുമിച്ച് പ്രവർത്തിച്ചു.

സന്ധ്യാസമയം, മരുഭൂമിയിലെ സ്വർണ്ണപ്രകാശത്തിൽ ചായയും ലഘുഭക്ഷണവും പങ്കുവെച്ച് യാത്രയ്ക്ക് മറ്റൊരു മാധുര്യവും ഇവർ നല്കി. രാത്രി ക്യാമ്പിൽ പാട്ടും പാചകവും ചാർക്കോൾ തീയുടെ ചൂടും പങ്കുവെച്ച് അംഗങ്ങൾ സാഹസിക യാത്രയുടെ ക്ഷീണം മറന്നു. രാത്രി 8 മണിയോടെ യാത്ര ഔപചാരികമായി അവസാനിച്ചെങ്കിലും സൗഹൃദത്തിന്റെ തുടക്കമാണിത് എന്ന് സംഘാടകർ വ്യക്തമാക്കി.

സുരക്ഷിതവും ഉത്തരവാദിത്തബോധമുള്ള ഓഫ്‌റോഡ് സംസ്കാരവും, പ്രവാസികൾക്കിടയിലെ കൂട്ടായ്മയും വളർത്തുകയാണ് കുവൈത്ത് 4X4 ഗ്രൂപ്പിന്‍റെ ലക്ഷ്യം. ഈ യാത്ര വരാനിരിക്കുന്ന അനേകം സാഹസിക യാത്രകളുടെ തുടക്കമാണെന്നും പല രാജ്യങ്ങളിലേക്കുള്ള ഓവര്‍ലാന്‍ഡിങ് യാത്രകളാണ് സംഘത്തിന്‍റെ ഇനിയുള്ള ലക്ഷ്യമെന്നും അംഗങ്ങള്‍ പറഞ്ഞു. സൗദി അറേബ്യയാണ് അടുത്ത ലക്ഷ്യമെന്നും ജിസിസി വിസ ലഭ്യമായി തുടങ്ങിയാല്‍ വിവിധ ഗൾഫ് രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ കൂടുതല്‍ എളുപ്പമാകുമെന്നും ഇവര്‍ പറയുന്നു. ഇത്തരമൊരു കൂട്ടായ്മക്ക് രൂപംകൊടുക്കാനായതിന്‍റെ സന്തോഷത്തിലാണ് എല്ലാവരും.



