അറബ് പൗരന്മാര്‍ ഉള്‍പ്പെട്ട മൂന്നുപേര്‍ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായി.

കുവൈത്ത് സിറ്റി: കുവൈത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. ഷുവൈഖ് തുറമുഖം വഴി കുവൈത്തിലേക്ക് കടത്താന്‍ ശ്രമിച്ച 10 ലക്ഷം ക്യാപ്റ്റഗണ്‍ ഗുളികകള്‍ അധികൃതര്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റ് ചെയ്തു. 

ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗം, കസ്റ്റംസ്, മയക്കുമരുന്ന് നിയന്ത്രണത്തിനുള്ള ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ എന്നിവയും ഖത്തറിലെ ഡ്രഗ് കണ്‍ട്രോള്‍ വിഭാഗവും ഏകോപിപ്പിച്ച് സംയുക്ത സഹകരണത്തിലൂടെ പരിശോധനയിലാണ് ലഹരിമരുന്ന് ശേഖരം പിടികൂടിയത്. അറബ് പൗരന്മാര്‍ ഉള്‍പ്പെട്ട മൂന്നുപേര്‍ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായി. നിര്‍മ്മാണ സാമഗ്രികള്‍ അടങ്ങിയ കണ്ടെയ്‌നറില്‍ രഹസ്യമായി ഒളിപ്പിച്ചാണ് തുറമുഖം വഴി ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ചത്. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി. 

Read Also - മസാജ് പാര്‍ലറുകളില്‍ 'സദാചാരവിരുദ്ധ പ്രവൃത്തികള്‍'; 15 പ്രവാസികള്‍ അറസ്റ്റില്‍

ജോലി ചെയ്യുന്നതിനിടെ മതിലിടിഞ്ഞ് പ്രവാസി മലയാളി മരിച്ചു 

റിയാദ്: ജോലി ചെയ്യുന്നതിനിടയിൽ മതിൽ ഇടിഞ്ഞ് മലയാളി റിയാദിൽ മരിച്ചു. തിരുവനന്തപുരം വർക്കല അയിരൂർ സ്വദേശി പള്ളിക്കിഴക്കേതിൽ ഷംസന്നൂർ (57) ആണ് മരിച്ചത്.

പരേതരായ മുഹമ്മദ് റഷീദ് - സുഹറാബീവി ദമ്പതികളുടെ മകനാണ്. ഭാര്യ: റഷീദ. 15 വർഷമായി റിയാദിലെ മുർസലാത്തിൽ നിർമ്മാണ മേഖലയിൽ ജോലി ചെയ്ത് വരികയായിരുന്നു. മതിൽപൊളിക്കുന്നതിനിടെ ഒരുഭാഗം അടർന്നു വീഴുകയും രക്ഷപെടാനുള്ള ശ്രമത്തിനിടയിൽ മറ്റൊരു മതിലിൽ പോയി ഇടിച്ചു വീഴുകയും ചെയ്ത ഷംസന്നൂറിനെ കൂടെയുള്ളവർ തൊട്ടടുത്ത ക്ലിനിക്കിൽ പ്രവേശിപ്പിച്ചു. 

ആന്തരികാവയവങ്ങളിൽ സാരമായ പരിക്കുകൾ ഉണ്ടെന്ന് മനസ്സിലാക്കിയ ഡോക്ടർ ഉടൻ തന്നെ വിദഗ്ധ ചികിത്സക്ക് ആശുപത്രിയിൽ പോകാൻ നിർദ്ദേശിച്ചു. തുടർന്ന് അൽ ഒബൈദ് ആശുപത്രിയിൽ എത്തിയ ഇദ്ദേഹം ഡോക്ടറോട് കാര്യങ്ങൾ വിശദീകരിച്ചു കൊണ്ടിരിക്കെ അബോധാവസ്ഥയിലാകുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. അധികം വൈകാതെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം റിയാദിൽ തന്നെ മറവ് ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് കേളി കലാസാംസ്കാരിക വേദി കേന്ദ്ര ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബില്‍ കാണാം...