കര്‍ശന പരിശോധന; 10 കിലോ ലഹരിമരുന്നുമായി 19 പേര്‍ കുവൈത്തില്‍ അറസ്റ്റില്‍
14 വ്യത്യസ്ത കേസുകളിലാണ് ഇത്രയും പേര്‍ അറസ്റ്റിലായത്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ ലഹരിമരുന്നിനെതിരെ പോരാട്ടം തുടരുന്നു. അനധികൃത പ്രവര്‍ത്തനങ്ങള്‍ പിടികൂടാന്‍ വ്യാപക പരിശോധനകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തുന്നത്.
ലഹരിമരുന്ന് കൈവശം വെച്ചതുമായി ബന്ധപ്പെട്ട് 19 പേരെയാണ് അധികൃതര്‍ പിടികൂടിയത്. 14 വ്യത്യസ്ത കേസുകളിലാണ് ഇത്രയും പേര്‍ അറസ്റ്റിലായത്. ഇവരുടെ പക്കല്‍ നിന്നും 10 കിലോ വിവിധതരം ലഹരിമരുന്ന് പിടിച്ചെടുത്തു. ഹാഷിഷ്, ക്രിസ്റ്റല്‍ മെത്ത്, കഞ്ചാവ്, ഹെറോയിന്‍ എന്നിവ ഉള്‍പ്പെടെയാണ് പിടിച്ചെടുത്തത്. ഇതിന് പുറമെ 10,000 സൈക്കോട്രോപിക് ഗുളികകളും പിടികൂടി. ലഹരിമരുന്ന് കച്ചവടത്തിലൂടെ നേടിയതെന്ന് കരുതുന്ന പണവും പിടിച്ചെടുത്തു. പിടിയിലായ പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ലഹരിമരുന്ന് കൈവശം സൂക്ഷിച്ചെന്നും ഇവ വിതരണം ചെയ്യാനായിരുന്നു പദ്ധതിയെന്നും പ്രതികള്‍ സമ്മതിച്ചു. പിടിച്ചെടുത്ത ലഹരിമരുന്നും പ്രതികളെയും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.
Read Also - സംശയം തോന്നി വിശദ പരിശോധന നടത്തി; വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് പിടിച്ചെടുത്തത് 4.1 കിലോ ഹാഷിഷ്
അതേസമയം കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകളില്‍ 343 പ്രവാസികള്‍ അറസ്റ്റിലായി. വിവിധ രാജ്യക്കാരാണ് പിടിയിലായത്. ഷുവൈഖ് ഇന്‍ഡസ്ട്രിയല്‍, ഫര്‍വാനിയ, ഹവല്ലി, മുബാറക് അല്‍ കബീര്‍, സാല്‍മിയ, അല്‍ മിര്‍ഖാബ് എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനകളിലാണ് ഇവര്‍ അറസ്റ്റിലായത്.
പിടിയിലായവരില്‍ 340 പേര്‍ താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചവരാണ്. ഒരു അനധികൃത സ്ഥാപനത്തില്‍ പങ്കുള്ള രണ്ടുപേരും ഉള്‍പ്പെടെ പിടിയിലായി. അറസ്റ്റിലായ എല്ലാവരെയും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.
കുവൈത്തില്‍ വേശ്യാവൃത്തിയിൽ ഏർപ്പെട്ട 30 പ്രവാസികൾ അറസ്റ്റിലായിരുന്നു. പൊതു ധാര്‍മ്മികതയ്ക്ക് വിരുദ്ധമായുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം അധികൃതര്‍ സോഷ്യല്‍ മീഡിയ, മസാജ് പാര്‍ലറുകള്‍ എന്നിവ നിരീക്ഷിച്ച് വരികയായിരുന്നു.
ഇതിന്‍റെ ഭാഗമായി വ്യത്യസ്ത കേസുകളില്‍ 30 പ്രവാസികളെയാണ് അറസ്റ്റ് ചെയ്തത്. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നായി 15 വ്യത്യസ്ത കേസുകളിലായാണ് 30 പ്രവാസികളെ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. പൊതു ധാർമ്മികതയ്ക്ക് വിരുദ്ധമായി വേശ്യാവൃത്തിയില്‍ ഏർപ്പെട്ടതുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...