ആപ്പുകൾ വഴി ബുക്ക് ചെയ്യുന്ന ടാക്‌സികളുടെ നിരക്കിൽ 45% ഇളവാണ് ഒമാൻ ഗതാഗത, വിവര സാങ്കേതിക മന്ത്രാലയം പ്രഖ്യാപിച്ചിട്ടുള്ളത്.
മസ്കറ്റ്: മസ്കത്ത് രാജ്യാന്തര വിമാനത്താവളത്തിൽ ടാക്സി നിരക്കിൽ 45 ശതമാനം ഇളവ്. ഒമാൻ ഗതാഗത മന്ത്രാലയത്തിന്റെ ഈ പ്രഖ്യാപനം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് ആശ്വാസമാകും.
പ്രഖ്യാപിച്ചിട്ടുള്ള പുതിയ നിരക്ക് അനുസരിച്ച് ഒരു ഒമാനി റിയാൽ അഞ്ഞൂറ് ബൈസായാണ് അടിസ്ഥാനമായ ഏറ്റവും കുറഞ്ഞ നിരക്ക്. കിലോമീറ്ററിന് 250 ബൈസ അധികമായി നൽകേണ്ടി വരും. ആപ്പുകൾ വഴി ബുക്ക് ചെയ്യുന്ന ടാക്‌സികളുടെ നിരക്കിൽ 45% ഇളവാണ് ഒമാൻ ഗതാഗത, വിവര സാങ്കേതിക മന്ത്രാലയം പ്രഖ്യാപിച്ചിട്ടുള്ളത്.
ലൈസൻസുള്ള ഒ.ടാക്‌സി, ഒമാൻ ടാക്‌സി എന്നിവയുടെ ആപ്ലിക്കേഷനുകൾ വഴിയാണ് ടാക്സിയുടെ സേവനം ബുക്ക് ചെയ്യേണ്ടത്. ഇങ്ങനെയുള്ള ബുക്കിങ്ങുകൾക്കാണ് നിരക്കിൽ 45% കുറവ് പ്രഖ്യാപിച്ചിട്ടുള്ളത്. മുമ്പ്, അടിസ്ഥാന നിരക്ക് മൂന്ന് ഒമാനി റിയാലായിരുന്നു, അധിക നിരക്ക് കിലോമീറ്ററിന് 400 ബൈസയുമായിരുന്നു.

Read Also - കൂട്ട പിരിച്ചുവിടല്‍; നിരവധി പ്രവാസികളുടെ ജോലി നഷ്ടമാകും, ഗ്രേസ് പിരീഡ് നല്‍കി അധികൃതര്‍
മസ്കറ്റിൽ നിന്നും അബുദാബിയിലേക്ക് ബസ് സർവീസ് ആരംഭിച്ചു
മസ്കറ്റ്: മസ്കറ്റിൽ നിന്നും അബുദാബിയിലേക്ക് ബസ് സർവീസ് ആരംഭിച്ചു. മസ്കറ്റിൽ നിന്നും അല്‍ ഐന്‍ വഴിയാണ് ഒമാൻ നാഷണൽ ട്രാൻസ്‌പോർട്ട് കമ്പനിയുടെ മുവാസലാത് ബസ് അബുദാബിയിൽ എത്തുക.
രാവിലെ ആറരക്ക് മുവാസലാത്തിന്റെ മസ്‌കറ്റിലെ അസൈബ ബസ് സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന ബസ് വൈകുന്നേരം മൂന്നരക്ക് അബുദാബിയിൽ എത്തിച്ചേരും. പതിനൊന്ന് ഒമാനി റിയാലാണ് മസ്കറ്റിൽ നിന്നും അബുദാബിയിലേക്കുള്ള യാത്രാ നിരക്ക്. ഓരോ യാത്രക്കാർക്ക് 23 കിലോഗ്രാം ലഗേജും ഏഴ് കിലോ ഹാൻഡ് ബാഗേജും അനുവദിക്കും. മസ്കറ്റിൽ നിന്നും അബുദാബിയിൽ പോയി മടങ്ങി വരുന്നതിന് ഇരുപത്തിരണ്ട് ഒമാനി റിയാൽ നൽകണം. അബൂദബിയിൽ നിന്ന് രാവിലെ പത്തരക്ക് പുറപ്പെടുന്ന ബസ് രാത്രി എട്ടരയോട് കൂടി മസ്കറ്റിൽ എത്തിച്ചേരും.
അൽ-അസൈബ ബസ് സ്റ്റേഷൻ, മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളം, ബുർജ് അൽ-സഹ്‌വ ബസ് സ്റ്റേഷൻ, അൽ-ഖൗദ് പാലം, അൽ-മഅബില ബസ് സ്റ്റേഷൻ, അൽ-നസീം പാർക്ക് , അൽ-റുമൈസ്, ബർക പാലം, വാദി അൽ-ജിസ്സി, അൽ-ബുറൈമി, അൽ-ഐൻ സെൻട്രൽ സ്റ്റേഷൻ, എന്നീ പ്രധാന ബസ്സ് സ്റ്റോപ്പുകൾ കടന്നാണ് അബൂദബിയിൽ എത്തുക. www.mwasalat.omൽ നേരിട്ട് ഓൺലൈൻ വഴി യാത്രക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യുവാൻ സാധിക്കും.
