വിമാനത്താവളത്തിന്റെ പേര് സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്ന് മാറ്റുന്നതിന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു.

അബുദാബി: അബുദാബി രാജ്യാന്തര വിമാനത്താവളത്തിന്റെ പേര് സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നാക്കി മാറ്റുന്നു. 2024 ഫെബ്രുവരി 9 മുതല്‍ പുതിയ പേരിലായിരിക്കും വിമാനത്താവളം അറിയപ്പെടുകയെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. 

വിമാനത്താവളത്തിന്റെ പേര് സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്ന് മാറ്റുന്നതിന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു. വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ എ തുറക്കുന്നതിനു മുന്നോടിയായാണ് പേര് മാറ്റം സംബന്ധിച്ച് ഉത്തരവിറക്കിയത്.

അതേസമയം നവംബര്‍ ഒന്നു മുതല്‍ 14 വരെ അബുദാബി വിമാനത്താവളത്തിലെ പുതിയ ടെര്‍മിനലായ ടെര്‍മിനല്‍ എ, ടെര്‍മിനല്‍ 1,2,3 എന്നിവയ്‌ക്കൊപ്പം ഒരേ സമയം പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നവംബര്‍ ഒന്ന് മുതല്‍ പ്രവര്‍ത്തിക്കാന്‍ ടെര്‍മിനല്‍ എ സജ്ജമായിട്ടുണ്ട്.

പുതിയ ടെര്‍മിനല്‍ പ്രവര്‍ത്തനം ആരംഭിച്ച് കഴിഞ്ഞാല്‍ നവംബര്‍ 15 മുതല്‍ എല്ലാ എയര്‍ലൈനുകളും ടെര്‍മിനല്‍ എയില്‍ നിന്ന് മാത്രമാകും സര്‍വീസ് നടത്തുകയെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി. ഈ ദിവസങ്ങളില്‍ യുഎഇയില്‍ നിന്ന് പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ യാത്രക്കാര്‍ അതാത് എയര്‍ലൈനുകളുമായോ എയര്‍പോര്‍ട്ടുമായോ ബന്ധപ്പെട്ട് വിവരങ്ങള്‍ ഉറപ്പാക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. www.abudhabiairport.ae എന്ന വെബ്‌സൈറ്റില്‍ വിമാനസമയം സംബന്ധിച്ച് വിവരങ്ങള്‍ ലഭിക്കും.

Read Also - പ്രവാസി മലയാളികള്‍ക്ക് ഗുണകരം; വരുന്നൂ പുതിയ വിമാന സര്‍വീസ്, ആഴ്ചയില്‍ മൂന്ന് ദിവസം സര്‍വീസ്

യുഎഇയില്‍ പെട്രോള്‍, ഡീസല്‍ വില കുറഞ്ഞു; പുതിയ വില പ്രാബല്യത്തില്‍

അബുദാബി: യുഎഇയില്‍ നവംബര്‍ മാസത്തിലേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. കഴിഞ്ഞ മാസത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ പെട്രോള്‍, ഡീസല്‍ വില കുറഞ്ഞു. സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 3.03 ദിര്‍ഹമാണ് പുതിയ വില. ഒക്ടോബറില്‍ 3.44 ദിര്‍ഹമായിരുന്നു. 

സ്പെഷ്യല്‍ 95 പെട്രോള്‍ ലിറ്ററിന് 2.92 ദിര്‍ഹമാണ് നവംബര്‍ മാസത്തിലെ വില. കഴിഞ്ഞ മാസം 3.33 ദിര്‍ഹമായിരുന്നു. ഇ പ്ലസ് 91 പെട്രോളിന് 2.85 ദിര്‍ഹമാണ് പുതിയ വില. 3.26 ദിര്‍ഹമായിരുന്നു കഴിഞ്ഞ മാസത്തെ വില. ഡീസല്‍ ലിറ്ററിന് 3.42 ദിര്‍ഹമാണ് നവംബര്‍ മാസത്തിലെ വില. 3.57 ദിര്‍ഹമായിരുന്നു ഒക്ടോബര്‍ മാസത്തിലെ വില. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...