ഗര്‍ഭാവസ്ഥയുടെ 24-ാം ആഴ്ചയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയായ കുഞ്ഞ് 37-ാം ആഴ്ചയിലാണ് ജനിച്ചത്.

അബുദാബി: അതിജീവനത്തിന്റെ പുതു പ്രതീക്ഷയായി അവള്‍, മര്‍യം. അമ്മയുടെ ഉദരത്തില്‍ വെച്ച് ശസ്ത്രക്രിയയ്ക്ക് വിധേയായി ആഴ്ചകള്‍ക്കിപ്പുറം പൂര്‍ണ ആരോഗ്യത്തോടെ ഭൂമിയിലേക്ക്. 

കൊളംബിയ സ്വദേശികളായ വാലന്റീന പാര റോഡ്‌റിഗസ്- ജാസണ്‍ മൊറേനോ ഗുറ്റിറെസ് ദമ്പതികളുടെ മകളാണ് മര്‍യം. 24 ആഴ്ച ഗര്‍ഭിണിയായിരിക്കെ നടത്തിയ സ്‌കാനിങില്‍ പിറക്കാന്‍ പോകുന്ന കുഞ്ഞിന് സ്‌പൈന ബൈഫിഡ ആണെന്ന് കണ്ടെത്തിയതോടെ ഗര്‍ഭം അലസിപ്പിക്കാനാണ് അവരോട് സ്വദേശത്തെ ഡോക്ടര്‍ പറഞ്ഞത്. ഗര്‍ഭപാത്രത്തില്‍ വെച്ച് നട്ടെല്ല് രൂപപ്പെടാത്തതാണ് ഈ അവസ്ഥ. കൊളംബിയയിലെ മറ്റൊരു ഡോക്ടര്‍ അവരോട് ഗര്‍ഭപാത്രത്തില്‍ വെച്ച് തന്നെ കുഞ്ഞിന്റെ ഈ അവസ്ഥ പരിഹരിക്കാമെന്ന നിര്‍ദ്ദേശം മുമ്പോട്ടു വെച്ചു.

ആ വാക്കുകള്‍ നല്‍കിയ പ്രതീക്ഷയാണ് ദമ്പതികളെ യുഎഇ തലസ്ഥാനത്തെത്തിച്ചത്. അബുദാബിയിലെ ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയില്‍ നടത്തിയ സങ്കീര്‍ണമായ ശസ്ത്രക്രിയ വിജയകരമായി. ഗര്‍ഭപാത്രത്തിനകത്ത് വെച്ചായിരുന്നു മൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ. ഗര്‍ഭസ്ഥശിശുവില്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ ഡോക്ടറായി മുംബൈ സ്വദേശിയായ മന്ദീപ് സിങ് മാറി. 

ഗര്‍ഭാവസ്ഥയുടെ 24-ാം ആഴ്ചയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയായ കുഞ്ഞ് 37-ാം ആഴ്ചയിലാണ് ജനിച്ചത്. ജനനസമയത്ത് കുഞ്ഞിന്റെ ഭാരം 2.46 കിലോ ആയിരുന്നു. ഗൈനക്കോളജിസ്റ്റ് ഡോ. ഋതു നമ്പ്യാരാണ് പ്രസവ സമയത്ത് പരിചരിച്ചത്. രണ്ടാഴ്ച നവജാതശിശുക്കളുടെ മെഡിക്കല്‍ സംഘത്തിന്റെ പരിചരണത്തിന് ശേഷമാണ് ആശുപത്രി വിട്ടത്. 

Read Also - ടിക്കറ്റ് കാശ് വാങ്ങി! പക്ഷെ കുട്ടിയല്ലേ മടിയിലിരുന്നാൽ മതിയെന്ന് വിമാന ജീവനക്കാര്‍, യുവതിയുടെ പരാതി

നട്ടെല്ലിന്റെ അസ്ഥികള്‍ രൂപപ്പെടാത്തപ്പോള്‍ സംഭവിക്കുന്ന ജനനവൈകല്യമാണ് സ്‌പൈന ബൈഫിഡ. ഇതിലൂടെ സുഷുമ്‌ന നാഡി അമ്‌നിയോട്ടിക് ഫ്‌ലൂയിഡിലേക്ക് തുറക്കപ്പെടുകയും സ്ഥിര വൈകല്യം സംഭവിക്കുകയും ചെയ്യും. ഗര്‍ഭാവസ്ഥയുടെ 19-25 ആഴ്ചകള്‍ക്കിടയില്‍ സ്‌പൈന ബൈഫിഡ റിപ്പയര്‍ ശസ്ത്രക്രിയയിലൂടെ ജനനശേഷം ശിശുവിന്റെ ആരോഗ്യനില മെച്ചപ്പെടുത്താം. ഈ സങ്കീര്‍ണ ശസ്ത്രക്രിയ നടത്തുന്ന 14 കേന്ദ്രങ്ങള്‍ മാത്രമാണ് ലോകത്തുള്ളത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...