കാനഡയിലെ മൂന്നു ടെറിട്ടറികളില്‍ ഒന്നായ യൂക്കോണിലേയ്ക്ക് കേരളത്തില്‍ നിന്നുളള വിവിധ പ്രൊഫഷണലുകളുടെ റിക്രൂട്ട്മെന്റ് സാധ്യതകള്‍ സംബന്ധിച്ചായിരുന്നു ചര്‍ച്ച.

തിരുവനന്തപുരം: കേരളാ സന്ദര്‍ശനത്തിനെത്തിയ കാനഡയിലെ യൂക്കോണ്‍ ടെറിട്ടറി (Yukon) പ്രീമിയര്‍ രാംഞ്ച് പിളള നോര്‍ക്ക വകുപ്പുമായും, നോര്‍ക്ക റൂട്ട്സ് പ്രതിനിധികളുമായും തിരുവനന്തപുരത്ത് ചര്‍ച്ച നടത്തി. കാനഡയിലെ മൂന്നു ടെറിട്ടറികളില്‍ ഒന്നായ യൂക്കോണിലേയ്ക്ക് കേരളത്തില്‍ നിന്നുളള വിവിധ പ്രൊഫഷണലുകളുടെ റിക്രൂട്ട്മെന്റ് സാധ്യതകള്‍ സംബന്ധിച്ചായിരുന്നു ചര്‍ച്ച. നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍, നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല, നോര്‍ക്ക റൂട്ട്സില്‍ നിന്നും സി.ഇ.ഒ കെ.ഹരികൃഷ്ണന്‍ നമ്പൂതിരി, ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച. 

ആരോഗ്യമേഖലയിലെ വിവിധ പ്രൊഫഷണലുകള്‍ക്കും പുറമേ അടിസ്ഥാനസൗകര്യ വികസനം, ടൂറിസം ആന്‍റ് ഹോസ്പിറ്റാലിറ്റി തുടങ്ങി വിവിധ മേഖലകളില്‍ യൂക്കോണിലും കാനഡയിലാകെയും തൊഴില്‍ സാധ്യതകള്‍ ഉണ്ടെന്ന് പ്രീമിയര്‍ രാംഞ്ച് പിളള പറഞ്ഞു. ഉന്നതവിദ്യാഭ്യാസ രംഗത്ത് കൈവരിച്ച നേട്ടങ്ങള്‍ വഴി മികച്ച ഉദ്യോഗര്‍ത്ഥികളുമുളള സംസ്ഥാനമാണ് കേരളമെന്ന് ചര്‍ച്ചയില്‍ പി. ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി. 

നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന ജര്‍മ്മന്‍, യു.കെ, കുവൈറ്റ്, സൗദി തുടങ്ങിയ വിവിധ റിക്രൂട്ട്മെന്റ് രീതികള്‍ സംബന്ധിച്ച് സുമന്‍ ബില്ല യൂക്കോണ്‍ പ്രതിനിധി സംഘത്തോട് വിശദീകരിച്ചു. യൂക്കോണിലേയ്ക്കുള്‍പ്പെടെ നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിന്റെ ആദ്യപടിയായി സന്നദ്ധതാപത്രം രാംഞ്ച് പിളള പി. ശ്രീരാമകൃഷ്ണന് കൈമാറി. തുടര്‍ ചര്‍ച്ചകള്‍ക്കു ശേഷം റിക്രൂട്ട്മെന്റ് കരാര്‍ പിന്നീട് ഒപ്പിടും. 

Read Also - ടിക്കറ്റ് കാശ് വാങ്ങി! പക്ഷെ കുട്ടിയല്ലേ മടിയിലിരുന്നാൽ മതിയെന്ന് വിമാന അധികൃതർ, യുവതിയുടെ പരാതി

പ്രീമിയറിന്റെ ചീഫ് ഓഫ് സ്റ്റാഫ് ജേസൺ കന്നിംഗ് ഉപദേഷ്ടാവ് അറോറ ബികുഡോ, സഹമന്ത്രിമാരായ മൈക്കൽ പ്രോചസ്ക, ടിഫാനി ബോയ്ഡ്, ഇന്റര്‍ ഗവണ്‍മെന്റല്‍ മന്ത്രാലയത്തില്‍ നിന്നും സിറിയക് ജോർജ്, ഇന്റര്‍ ഗവണ്‍മെന്റല്‍ റിലേഷന്‍ഷിപ്പ് ഓഫീസര്‍ ആന്റ്റ്യൂ ജെ സ്മിത്ത്, കാനഡ-ഇന്ത്യ ബിസിനസ് കൗൺസിൽ പ്രസിഡന്റും സിഇഒയുമായ വിക്ടർ തോമസ്, ബെംഗളൂരുവിലെ കനേഡിയൻ കോൺസുലേറ്റിലെ ട്രേഡ് കമ്മീഷണർ കസാൻഡ്രെ മാർസെലിൻ എന്നിവരാണ് യൂക്കോണ്‍ സംഘത്തെ പ്രതിനിധീകരിച്ചത്. നോരത്തേ സംഘം മുഖ്യമന്ത്രി പിണറായി വിജയനുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. 

കേരളത്തില്‍ കുടുംബപാരമ്പര്യമുളള ഇന്ത്യന്‍ വംശജന്‍ കൂടിയാണ് യൂക്കോണ്‍ പ്രീമിയര്‍ രാംഞ്ച് പിളള. യു.എസ്സിലെ അലാസ്കാ സംസ്ഥാനത്തോട് അതിര്‍ത്തി പങ്കിടുന്ന കാനഡയിലെ വടക്കു പടിഞ്ഞാറന്‍ ടെറിട്ടറികളില്‍ ഒന്നാണ് യൂക്കോണ്‍. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...