കാറിന് തീപിടിച്ചു, മറ്റ് വാഹനങ്ങളിലേക്കും തീ പടര്‍ന്നു; ദുരന്തമൊഴിവായത് അഗ്നിശമനസേനയുടെ സമയോചിതമായ ഇടപെടലില്‍
ഒരു കാറിന് തീപിടിച്ചതോടെ തൊട്ടടുത്ത് നിര്‍ത്തിയിട്ടിരുന്ന മറ്റ് വാഹനങ്ങളിലേക്കും തീ പടരുന്നതാണ് സ്ഥലത്തെത്തിയ അഗ്നിശമനസേന സംഘം കണ്ടത്.

കുവൈത്ത്: കുവൈത്തിലെ ഖൈത്താന്‍ പ്രദേശത്ത് വാഹനത്തിന് തീപിടിച്ചു. അഗ്നിശമനസേനയുടെ സമയോചിതമായ ഇടപെടലില്‍ വലിയ ദുരന്തമാണ് ഒഴിവായത്.
വീടിന് മുമ്പില്‍ നിര്‍ത്തിയിട്ട വാഹനത്തിന് തീപിടിച്ചതായി അഗ്നിശമനസേനയുടെ സെന്‍ട്രല്‍ ഓപ്പറേഷന്‍സ് വിഭാഗത്തിന് വിവരം ലഭിച്ചു. ഉടന്‍ തന്നെ ഫര്‍വാനിയ, സുബാന്‍ കേന്ദ്രങ്ങളില്‍ നിന്നുള്ള അഗ്നിശമനസേന സ്ഥലത്തെത്തി. ഒരു കാറിന് തീപിടിച്ചതോടെ തൊട്ടടുത്ത് നിര്‍ത്തിയിട്ടിരുന്ന മറ്റ് വാഹനങ്ങളിലേക്കും തീ പടരുന്നതാണ് സ്ഥലത്തെത്തിയ അഗ്നിശമനസേന സംഘം കണ്ടത്. ഉടന്‍ തന്നെ വളരെ വേഗം തീയണക്കുന്നതിനുള്ള നടപടികള്‍ അഗ്നിശമനസേന ആരംഭിച്ചു. ഇവരുടെ ശ്രമഫലമായി തീ നിയന്ത്രണവിധേയമാക്കുകയും മറ്റ് സ്ഥലങ്ങളിലേക്ക് പടരാതെ തീയണക്കുകയുമായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല.
സംശയം തോന്നി പിന്നാലെ പോയി; കാറുപേക്ഷിച്ച് രക്ഷപ്പെട്ട് പ്രവാസി, അന്വേഷണം
കുവൈത്ത് സിറ്റി: കുവൈത്തില്‍ പട്രോളിങ് ഉദ്യോഗസ്ഥരെ കണ്ട് ഭയന്ന് കാർ ഉപേക്ഷിച്ച് പ്രവാസി രക്ഷപ്പെട്ടു. ഫര്‍വാനിയയിലാണ് സംഭവം. ഇതേ തുടര്‍ന്ന് അജ്ഞാതനായ പ്രവാസിയെ കണ്ടെത്താന്‍ അന്വേഷണം നടത്തുകയാണ് ഫർവാനിയ സെക്യൂരിറ്റി പട്രോളിംഗ് സംഘം.
ഫർവാനിയ സെക്യൂരിറ്റി പട്രോളിംഗ് സംഘം പതിവ് പരിശോധന നടത്തുന്നതിനിടെയാണ് സംശയാസ്പദമായ സാഹചര്യത്തിൽ ഒരു വാഹനം ശ്രദ്ധയില്‍പ്പെട്ടത്. പൊലീസിനെ കണ്ട് ഇയാള്‍ വാഹനത്തിന്‍റെ ദിശ മാറ്റി തുറന്ന ഗ്രൗണ്ടിലൂടെ പോവുകയും ചെയ്തു. ഇതോടെ പൊലീസ് പട്രോളിംഗ് സംഘം വാഹനത്തെ പിന്തുടര്‍ന്നു. പിടിക്കപ്പെടും എന്ന സാഹചര്യത്തിലാണ് ഇയാള്‍ വാഹനം ഉപേക്ഷിച്ച് കടന്നു കളഞ്ഞത്. കാറില്‍ നിന്ന് ലഭിച്ച ഐ ഡി കാര്‍ഡില്‍ നിന്നാണ് ഇയാള്‍ സിറിയക്കാരനാണ് എന്ന് വ്യക്തമായത്. കാറിൽ നിന്ന് മയക്കുമരുന്നും പൊലീസ് കണ്ടെടുത്തു. ഇയാള്‍ മയക്കുമരുന്നിന് അടിമയാണെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നാണ് റിപ്പോര്‍ട്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...