സോഷ്യല്‍ മീഡിയ വഴി ഇസ്രയേലിനെ പിന്തുണച്ചു; പ്രവാസി ഇന്ത്യന്‍ നഴ്‌സിനെതിരെ പരാതി
പലസ്തീന്‍ വിഷയത്തില്‍ രാജ്യത്തെ പൊതു നിലപാടുകള്‍ക്ക് വിരുദ്ധമായ നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്നാണ് നഴ്‌സിനെതിരെ പരാതി നല്‍കിയതെന്ന് അഭിഭാഷകന്‍ പറഞ്ഞു.

കുവൈത്ത് സിറ്റി: സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെ ഇസ്രയേലിനെ പിന്തുണച്ച ഇന്ത്യന്‍ നഴ്‌സിനെതിരെ കുവൈത്തില്‍ പരാതി. മുബാറക് ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ നഴ്‌സിനെതിരെയാണ് പരാതി. അഭിഭാഷകനായ അലി ഹബാബ് അല്‍ ദുവൈഖ് ആണ് പബ്ലിക് പ്രോസിക്യൂഷന് പരാതി നല്‍കിയത്.
പലസ്തീന്‍ കുട്ടികളുടെ മരണത്തിനും അല്‍ ബാപ്റ്റിസ്റ്റ് ഹോസ്പിറ്റലിലെ ബോംബ് സ്‌ഫോടനത്തിനും കാരണമായ ഇസ്രയേലികളുടെ പ്രവൃത്തികളെ പിന്തുണയ്ക്കുകയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ സയണിസത്തെ പിന്തുണയ്ക്കുന്ന രീതിയില്‍ പതാക പങ്കുവെക്കുകയും ചെയ്തതാണ് പരാതിക്ക് കാരണമായതെന്ന് 'അറബ് ടൈംസ് ഓണ്‍ലൈന്‍' റിപ്പോര്‍ട്ട് ചെയ്തു. പലസ്തീന്‍ വിഷയത്തില്‍ രാജ്യത്തെ പൊതു നിലപാടുകള്‍ക്ക് വിരുദ്ധമായ നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്നാണ് നഴ്‌സിനെതിരെ പരാതി നല്‍കിയതെന്ന് അഭിഭാഷകന്‍ പറഞ്ഞു. കുവൈത്തിലെ നിയമങ്ങള്‍ ലംഘിച്ചതിന് നഴ്‌സിന് ശിക്ഷ നല്‍കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
Read Also - രാജ്യത്തിന് പുറത്തുപോകേണ്ട; സന്ദർശന വിസ ആറ് മാസം വരെ ഓൺലൈനിൽ പുതുക്കാം
'എന്തും ചെയ്യാന്‍ ഇസ്രയേലിനെ അനുവദിക്കരുത്'; ഗാസ ആക്രമണത്തില്‍ തുറന്നടിച്ച് ഖത്തര്‍ അമീര്‍
ദോഹ: ഗാസയില്‍ ഇസ്രയേല്‍ തുടരുന്ന ആക്രമണത്തില്‍ തുറന്നടിച്ച് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി. പലസ്തീനികള്‍ക്കെതിരായ ഇസ്രയേലിന്‍റെ കൂട്ടക്കൊലക്ക് പച്ചക്കൊടി നല്‍കരുതെന്നും ഷൂറ കൗണ്‍സില്‍ വാര്‍ഷിക സമ്മേളനത്തില്‍ അമീര്‍ വ്യക്തമാക്കി. പലസ്തീന് വെള്ളവും മരുന്നും വരെ നിഷേധിക്കുന്ന നടപടി അംഗീകരിക്കാനാകില്ല. എന്തും ചെയ്യാന്‍ ഇസ്രയേലിനെ അനുവദിക്കരുത്. യുദ്ധം അവസാനിപ്പിക്കണം. സമാധാന മാര്‍ഗങ്ങളിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ശ്രമങ്ങള്‍ തുടരുമെന്നും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പറഞ്ഞു.
ഇതിനിടെ, 18 ദിവസമായി ഗാസയിൽ തുടരുന്ന ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 5100 കടന്നു. 2009 കുട്ടികളും1044 സ്ത്രീകളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുന്ന പശ്ചാത്തലത്തിലും വെടിനിർത്തണമെന്ന് ഇസ്രയേലിനോട് ആവശ്യപ്പെടില്ലെന്ന് അമേരിക്ക വ്യക്തമാക്കി. അതേസമയം, ഹമാസ് ഇന്നലെ മോചിപ്പിച്ച രണ്ട് വനിതകൾ ഇസ്രയേലിൽ തിരിച്ചെത്തി. രണ്ടര ആഴ്ച പിന്നിടുന്ന വ്യോമാക്രമണങ്ങളിൽ ഗാസ തകർന്നടിഞ്ഞിരിക്കുകയാണ്.
ഇന്ധനം കടത്തിവിടില്ലെന്ന് പിടിവാശി തുടരുന്ന ഇസ്രയേൽ ഗാസയെ കൂട്ടമരണത്തിലേക്ക് തള്ളിവിടുകയാണെന്ന് സന്നദ്ധസംഘടനകൾ പറയുന്നു. അതിനിടെ, ഇസ്രയേലിനോട് വെടിനിർത്താൻ ആവശ്യപ്പെടില്ലെന്ന് അമേരിക്ക വ്യക്തമാക്കി. എല്ലാ ബന്ദികളെയും മോചിപ്പിക്കുംവരെ വെടിനിർത്തലിനെപ്പറ്റി ചർച്ചപോലും ഇല്ലെന്നാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ പ്രതികരണം. ഇന്നലെ വ്യോമാക്രമണത്തിൽ മൂന്നു ഹമാസ് കമ്മാണ്ടർമാരെ വധിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം