ഗള്‍ഫ് സെക്ടറില്‍ വിമാനക്കമ്പനികള്‍ ഒരു നീതികരണവുമില്ലാത്ത പിടിച്ചുപറിയാണ് നടത്തുന്നത്. കോവിഡ് സമയത്തിന് ടിക്കറ്റ് നിരക്കില്‍ 41 ശതമാനത്തോളം വര്‍ധവുണ്ടായിട്ടുണ്ട്. ഇതിന് പുറമെയാണ് സീസണ്‍ സമയത്തെ കഴുത്തറപ്പന്‍ നിരക്ക് ഈടാക്കിയുള്ള കൊള്ള.

കോഴിക്കോട്: വിമാന കമ്പനികള്‍ സീസണുകളില്‍ കഴുത്തറപ്പന്‍ ചാര്‍ജ്ജ് ഈടാക്കി യാത്രക്കാരെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കണമെന്ന് ദുബൈ കെഎംസിസി ആക്ടിംഗ് പ്രസിഡന്റ് ഇബ്രാഹിം മുറിച്ചാണ്ടി, വൈസ് പ്രസിഡന്റ് ഒ.കെ ഇബ്രാഹിം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മലയാളി പ്രവാസികളെ ആകാശക്കൊള്ളയില്‍ നിന്ന് രക്ഷിക്കാന്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി ആവിഷ്‌കരിച്ച എയര്‍ കേരള എത്രയും വേഗം പ്രാവര്‍ത്തികമാക്കണം. ഉമ്മന്‍ ചാണ്ടിയുടെ സ്മരണയില്‍ എയര്‍കേരള വരുന്നത് ഗള്‍ഫിലെ സാധാരണക്കാര്‍ക്ക് ഏറെ പ്രയോജനം ചെയ്യും.

ഗള്‍ഫ് സെക്ടറില്‍ വിമാനക്കമ്പനികള്‍ ഒരു നീതികരണവുമില്ലാത്ത പിടിച്ചുപറിയാണ് നടത്തുന്നത്. കോവിഡ് സമയത്തിന് ടിക്കറ്റ് നിരക്കില്‍ 41 ശതമാനത്തോളം വര്‍ധവുണ്ടായിട്ടുണ്ട്. ഇതിന് പുറമെയാണ് സീസണ്‍ സമയത്തെ കഴുത്തറപ്പന്‍ നിരക്ക് ഈടാക്കിയുള്ള കൊള്ള. സ്ഥിരമായി എല്ലാ വര്‍ഷവവും ആഗസ്റ്റ് സെപ്തംബര്‍ മാസങ്ങളില്‍ പൊള്ളുന്ന ചാര്‍ജ്ജാണ് ഗള്‍ഫ് സെക്ടറുകളിലേക്ക് വിമാന കമ്പനികള്‍ ഈടാക്കുന്നത്. ജൂലൈ മാസം വരെ താഴ്ന്നു നിന്ന നിരക്ക് പിന്നീട് പൊടുന്നനെ ഉയര്‍ന്നു. 

തിരക്ക് കൂടുമ്പോള്‍ തോന്നുംപോലെ വിമാന കമ്പനികള്‍ നിരക്ക് വര്‍ധിപ്പിക്കുന്നു. ഓണാവധി കഴിഞ്ഞ് ഗള്‍ഫില്‍ സ്‌കൂള്‍ തുറക്കുന്നതോടെ കേരളത്തില്‍ നിന്ന് മടങ്ങുന്നതാണ് പ്രവാസികളുടെ രീതി. കുടുംബസമേതം യാത്ര ചെയ്യുന്നവര്‍ക്ക് ലക്ഷങ്ങളാണ് ടിക്കറ്റ് നിരക്കിന് മാത്രമായി ചെലവാക്കേണ്ടി വരുന്നത്. വീക്കെന്‍ഡ് ദിവസങ്ങളില്‍ മറ്റു ദിവസങ്ങളിലേതിനേക്കാള്‍ ടിക്കറ്റ് നിരക്ക് വീണ്ടും കൂടും. സെപ്റ്റംബര്‍ ആദ്യവാരമാണ് ഗള്‍ഫ് രാജ്യങ്ങളില്‍ സ്‌കൂള്‍ തുറക്കുന്നത്. അതിനാല്‍ തന്നെ യാത്ര മാറ്റിവെക്കാന്‍ പ്രവാസികള്‍ക്കാവില്ല. പ്രവാസികളുടെ നിസ്സഹായാവസ്ഥ എയര്‍ലൈനുകള്‍ പരമാവധി ചൂഷണം ചെയ്യുകയാണെന്നും കെഎംസിസി നേതാക്കള്‍ പറഞ്ഞു. 

കൊച്ചിയില്‍ നിന്നും ദുബൈയിലേക്ക് ഇത്തിഹാദ് എയര്‍വെയ്‌സ് ഈടാക്കുന്നത് 75486 രൂപയാണ്. എമിറേറ്റ്‌സ് 72872 രൂപയും, എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്സ് 39106 രൂപയും ഈടാക്കുന്നു. എന്നാല്‍ അതേ ദിവസം മുംബൈയില്‍ നിന്നും ദുബെയിലേക്ക് 20859 രൂപ മുതല്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. ആഗസ്റ്റ് 31 ന് കോഴിക്കോട് നിന്ന് ദോഹയിലേക്ക് ഖത്തര്‍ എയര്‍വേയ്‌സ് ഈടാക്കുന്ന നിരക്ക് 71549 രൂപയാണ്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഈടാക്കുന്നത് 44532 രൂപയാണ്. ഇതേ ദിവസം ബംഗളുരുവില്‍ നിന്ന് ദോഹയിലേക്ക് 30505 രൂപ ചെലവാക്കിയാല്‍ ടിക്കറ്റ് ലഭിക്കും. കാട്മണ്ഡു എയര്‍പോര്‍ട്ടില്‍ നിന്നും ദോഹയിലേക്ക് എയര്‍ ഇന്ത്യ ഈടാക്കുന്നത് 32704 രൂപയാണ്. എയര്‍ അറേബ്യയുടെ ടിക്കറ്റ് നിരക്ക് 22909 രൂപയാണ്.

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ യാത്രക്കാരോടുള്ള പെരുമാറ്റവും ഏറെ വിമര്‍ശനത്തിന് കാരണമാകുന്നു. വിമാനത്തില്‍ ദാഹിച്ചു വലയുന്ന യാത്രക്കാര്‍ക്ക് നിരന്തരം ആവശ്യപ്പെടുമ്പോള്‍ ചെറിയ ഡിസ്‌പോസിബിള്‍ ഗ്ലാസിലാണ് എയര്‍ ഇന്ത്യ വെള്ളം നല്‍കുന്നത്. കാലാവസ്ഥ പ്രതികൂലമാകുന്ന സമയങ്ങളില്‍ കോഴിക്കോട്ട് ഇറങ്ങേണ്ട വിമാനം കണ്ണൂരിലിറങ്ങാറുണ്ട്. ഇത്തരം സാഹചര്യങ്ങളിലൊന്നും വേണ്ട പരിഗണന നല്‍കാന്‍ എയര്‍ ക്രാഫ്റ്റിലുള്ള ജീവനക്കാര്‍ തയ്യാറാകുന്നില്ല. ദുബൈയിയില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ താമസ സ്ഥലത്തു നിന്ന് പുറപ്പെട്ട് വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ ആറു മുതല്‍ 14 മണിക്കൂര്‍ സമയമാണെടുക്കുന്നത്. ഇത്രയും സമയം വെളളമോ ഭക്ഷണമോ ഇല്ലാതെ കഷ്ടപ്പെടുത്തുന്നത് അനീതിയാണ്. 

Read Also-  കേരളത്തില്‍ ഒരു വിമാനത്താവളത്തിലേക്ക് കൂടി സര്‍വീസ് ആരംഭിക്കാനൊരുങ്ങി ബജറ്റ് വിമാന കമ്പനി

ദുബൈയില്‍ നിന്ന് കേരളത്തിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് കുടിവെള്ള ബോട്ടില്‍ സ്‌പോണ്‍സര്‍ ചെയ്യിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ കെ.എം.സി.സി ഒരുക്കമാണ്. പ്രവാസികളെ ചൂഷണം ചെയ്യുന്നതിന് ഒരന്ത്യമുണ്ടാകണമെന്നും കേന്ദ്ര കേരള സര്‍ക്കാറുകള്‍ അടിയന്തരമായി ഇടപെടണമെന്നും കെ.എം.സി.സി നേതാക്കള്‍ ആവശ്യപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...