കഴിഞ്ഞ മാസം ഫുജൈറയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സലാം എയര്‍ സര്‍വീസ് ആരംഭിച്ചിരുന്നു.

ഫുജൈറ: ഒമാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബജറ്റ് വിമാന കമ്പനിയായ സലാം എയര്‍ ഫുജൈറയില്‍ നിന്ന് കോഴിക്കോട്ടേക്ക് സര്‍വീസ് ആരംഭിക്കുന്നു. ഒക്ടോബര്‍ രണ്ടു മുതലാണ് ഫുജൈറ എയര്‍പോര്‍ട്ടില്‍ നിന്ന് കോഴിക്കോടേക്ക് സര്‍വീസുകള്‍ ആരംഭിക്കുന്നത്. 

ഫുജൈറയില്‍ നിന്ന് മസ്‌കറ്റ് വഴിയാണ് സര്‍വീസ്. കഴിഞ്ഞ മാസം ഫുജൈറയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സലാം എയര്‍ സര്‍വീസ് ആരംഭിച്ചിരുന്നു. കേരളത്തിന് പുറമെ ജയ്പൂര്‍, ലഖ്‌നൗ എന്നിവിടങ്ങളിലേക്കും സലാം എയര്‍ സര്‍വീസുകള്‍ നടത്തുന്നുണ്ട്. കോഴിക്കോടേക്ക് എല്ലാ തിങ്കളാഴ്ചകളിലും രാവിലെ 10.20നും വൈകിട്ട് 7.50നും ആണ് സര്‍വീസ് ഉണ്ടാകുക. അന്നേ ദിവസം വൈകിട്ട് 4.20ന് തിരിച്ച് ഫുജൈറയിലേക്കും സര്‍വീസുകള്‍ ഉണ്ടാകും. തിരുവനന്തപുരത്തേക്ക് തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ രാവിലെ ഒമ്പതിനും വൈകിട്ട് 8.15നുമാണ് സര്‍വീസ്. 

Read Also - പ്രതികൂല കാലാവസ്ഥ; ചില വിമാനങ്ങള്‍ രണ്ടു ദിവസത്തേക്ക് റദ്ദാക്കിയതായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്

എണ്ണയിതര വ്യാപാരത്തിൽ കുതിച്ച് യുഎഇ; പ്രധാന വ്യാപാര പങ്കാളി ചൈന 

ദുബൈ: എണ്ണ ഇതര വ്യാപാരത്തിലും വരുമാനത്തിലും വൻ കുതിപ്പ് പ്രകടമാക്കി യുഎഇ. ഈ വർഷത്തിലെ ആദ്യ പകുതിയിൽ എണ്ണ ഇതര വിദേശ വ്യാപാരം 1.24 ട്രില്യൺ ദിർഹത്തിലെത്തി. മുൻ വർഷത്തെ അപേക്ഷിച്ച് 14.4 ശതമാനമാണ് വർധനവ്. രാജ്യത്തിന്റെ എണ്ണ ഇതര കയറ്റുമതി 5 വർഷത്തെ മികച്ച നേട്ടത്തിലെത്തി. 

2030ഓടു കൂടി നാല് ട്രില്യണിലെത്തിക്കുക ലക്ഷ്യമിട്ട് മുന്നേറുമ്പോഴാണ് 1.24 ട്രില്യൺ ദിർഹത്തിലെത്തിയ ഈ നേട്ടം. ശ്രദ്ധേയമായ സാമ്പത്തിക നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതായി വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു. സാമ്പത്തിക മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്. യുഎഇ പ്രസിഡണ്ട് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ, നേതൃത്വത്തില്‍ തുടക്കമിട്ട സന്തുലിത വ്യാപാര നയത്തിലെ വിജയമാണ് ഇത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വർണ്ണം, അലുമിനിയം, ചെമ്പ് തുടങ്ങിയവയാണ് പ്രധാന എണ്ണയിതര കയറ്റുമതി. കണക്കുകളനുസരിച്ച് ചൈനയാണ് യുഎഇയുടെ പ്രധാന വ്യാപാര പങ്കാളി. 

ഇന്ത്യ, അമേരിക്ക, സൗദി അറേബ്യ എന്നീ രാജ്യങ്ങളെ തൊട്ടുപിന്നിലാക്കിയാണ് ചൈന സ്ഥാനം നിലനിർത്തിയത്. ബ്രിക്സ് അംഗത്വം കൂടിയായതോടെ യുഎഇയ്ക്ക് മുന്നിൽ കൂടുതൽ വ്യാപാര സാധ്യതകളുണ്ട്. ലോകത്ത് എണ്ണ ഉപഭോഗത്തിൽ വരാവുന്ന മാറ്റങ്ങൾ കൂടി മുൻകൂട്ടി കണ്ടാണ് യുഎഇ നയങ്ങൾ രൂപീകരിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...