വിവിധ ഗവര്‍ണറേറ്റുകളിലായി നിയമലംഘനങ്ങള്‍ കണ്ടെത്തിയ 146 കെട്ടിടങ്ങളിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചു.
കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി ബാച്ചിലര്‍മാരുടെ താമസസ്ഥലങ്ങളില്‍ വ്യാപക പരിശോധന. എമര്‍ജന്‍സി ആന്‍ഡ് റാപിഡ് ഇന്റര്‍വെന്‍ഷന്‍ സംഘത്തിന്റെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടത്തിയത്. ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് മുന്‍സിപ്പാലിറ്റിയിലെ എമര്‍ജന്‍സി ആന്‍ഡ് റാപിഡ് ഇന്റര്‍വെന്‍ഷന്‍ ടീം മേധാവി സെയ്ദ് അല്‍ എന്‍സിയുടെ മേല്‍നോട്ടത്തിലാണ് പരിശോധനകള്‍ നടത്തിയത്.
വിവിധ ഗവര്‍ണറേറ്റുകളിലായി നിയമലംഘനങ്ങള്‍ കണ്ടെത്തിയ 146 കെട്ടിടങ്ങളിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചതായി അദ്ദേഹം വെളിപ്പെടുത്തി. പ്രൈവറ്റ് ഹൗസിങ് ഏരിയകളില്‍ പ്രവാസി ബാച്ചിലര്‍മാര്‍ താമസിക്കുന്നത് തടയുകയാണ് പരിശോധനയിലൂടെ ലക്ഷ്യമിട്ടത്. താമസസ്ഥലങ്ങളിലെ വിവിധ നിയമലംഘനങ്ങളും പരിശോധിച്ചു. വിവിധ ഗവര്‍ണറേറ്റുകളിലെ സൂപ്പര്‍വൈസറി സംഘങ്ങള്‍ നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി ആകെ 323 മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. ഇതില്‍ 218 സ്ഥലങ്ങളില്‍ പരിശോധന നടത്തിയതായി അല്‍ എന്‍സി പറഞ്ഞു. ബാക്കിയുള്ള സ്ഥലങ്ങളില്‍ പരിശോധന പുരോഗമിക്കുകയാണ്. ഖൈത്താന്‍ മേഖലയില്‍ പരിശോധനാ ക്യാമ്പയിന്‍ നടത്തിയ ഫര്‍വാനിയ ഗവര്‍ണറേറ്റിലെ ഫീല്‍ഡ് സംഘത്തിന്റെ ശ്രമങ്ങളെയും അദ്ദേഹം എടുത്തുകാട്ടി. ഈ പരിശോധനയില്‍ ഏഴ് കെട്ടിടങ്ങളിലാണ് നിയമലംഘനം കണ്ടെത്തിയത്. ഇതില്‍ ആറെണ്ണത്തിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചു. ഏഴ് കെട്ടിടങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.
Read Also - മസാജ് പാര്‍ലറുകള്‍ വഴി 'സദാചാര വിരുദ്ധ പ്രവൃത്തികള്‍'; ആറ് പ്രവാസികള്‍ അറസ്റ്റില്‍
കുവൈത്തില്‍ കഴിഞ്ഞ ദിവസം വിവിധ വകുപ്പുകള്‍ സംയുക്തമായി നടത്തിയ പരിശോധനയില്‍ താമസ, തൊഴില്‍ നിയമലംഘകരായ 67 പ്രവാസികള്‍ അറസ്റ്റിലായിരുന്നു. ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റെസിഡന്‍സ് അഫയേഴ്‌സ് ഇന്‍വെസ്റ്റിഗേഷന്‍, ട്രൈപാര്‍ട്ടി ജോയിന്റ് കമ്മറ്റി, മാന്‍പവര്‍ അതോറിറ്റി, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫോളോ-അപ് ഓഫ് വയലേറ്റേഴ്‌സ് എന്നിവ സംയുകതമായി നടത്തിയ പരിശോധനയിലാണ് നിയമലംഘകരെ പിടികൂടിയത്.
ഫഹാഹീല്‍ മേഖല, ഹവല്ലി, ഫര്‍വാനിയ ഗവര്‍ണറേറ്റുകള്‍ എന്നിവിടങ്ങളിലെ അനധികൃത തൊഴിലാളികളെ കണ്ടെത്താന്‍ ലക്ഷ്യമിട്ടാണ് മിന്നല്‍ സുരക്ഷാ ക്യാമ്പയിന്‍ നടത്തിയത്. പിടിയിലായവരെ തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.
Read Also - തൂക്കുകയർ മുന്നിൽ കണ്ടു, ഉമ്മൻ ചാണ്ടി നീട്ടിയ കരങ്ങളിൽ പിടിച്ചുകയറിയ ജീവിതം: പ്രവാസിയുടെ അനുഭവം!
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

