Asianet News MalayalamAsianet News Malayalam

വാടക വീടിനുള്ളില്‍ അനധികൃത മദ്യനിര്‍മ്മാണം; അഞ്ച് പ്രവാസികളെ റെയ്ഡില്‍ പിടികൂടി

വീടിനുള്ളില്‍ ഭൂഗര്‍ഭ മദ്യ നിര്‍മ്മാണശാല അഞ്ച് പ്രവാസികള്‍ നടത്തിവരുന്നു എന്നായിരുന്നു ലഭിച്ച വിവരം. തുടര്‍ന്ന് വിവരത്തിന്റെ ആധികാരികത പരിശോധിച്ച് ഉറപ്പാക്കിയ ശേഷം പ്രത്യേക സംഘം രൂപീകരിച്ചു.

gulf news five expats arrested after raid in  illicit liquor factory rvn
Author
First Published Sep 23, 2023, 9:23 PM IST

കുവൈത്ത് സിറ്റി: കുവൈത്തില്‍ അനധികൃത മദ്യനിര്‍മ്മാണം നടത്തിയ പ്രവാസികള്‍ അറസ്റ്റില്‍. അഞ്ച് പ്രവാസികളാണ് അറസ്റ്റിലായത്. ഫര്‍വാനിയ പൊലീസ് നടത്തിയ റെയ്ഡിലാണ് അനധികൃത മദ്യനിര്‍മ്മാണം പിടികൂടിയത്.

റാബിഹ് ഏരിയയില്‍ വാടക കെട്ടിടത്തിലാണ് അനധികൃത മദ്യനിര്‍മ്മാണം നടത്തിയിരുന്നത്. മദ്യനിര്‍മ്മാണത്തെ കുറിച്ച് ഡിറ്റക്ടീവുകള്‍ക്ക് വിവരം ലഭിച്ചിരുന്നു. വീടിനുള്ളില്‍ ഭൂഗര്‍ഭ മദ്യ നിര്‍മ്മാണശാല അഞ്ച് പ്രവാസികള്‍ നടത്തിവരുന്നു എന്നായിരുന്നു ലഭിച്ച വിവരം. തുടര്‍ന്ന് വിവരത്തിന്റെ ആധികാരികത പരിശോധിച്ച് ഉറപ്പാക്കിയ ശേഷം പ്രത്യേക സംഘം രൂപീകരിച്ചു. പ്രോസിക്യൂഷനില്‍ നിന്ന് ആവശ്യമായ അനുമതി നേടിയ ശേഷം സ്ഥലത്ത് റെയ്ഡ് നടത്തുകയായിരുന്നു. മദ്യനിര്‍മ്മാണത്തിന് ഉപയോഗിച്ച ഉപകരണങ്ങളും കണ്ടെയ്‌നറുകളും ഉള്‍പ്പെടെ പിടിച്ചെടുത്തു. അഞ്ച് പ്രവാസികളെയും അറസ്റ്റ് ചെയ്തു. 

Read Also -  27 കോടിയുടെ സാമ്പത്തിക തട്ടിപ്പ്, 38 കേസുകള്‍; പോലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രവാസി പിടിയില്‍

അതേസമയം കഴിഞ്ഞ ദിവസം സമാനരീതിയില്‍ ക്രിമിനല്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ ഭൂഗര്‍ഭ മദ്യ നിര്‍മ്മാണശാല കണ്ടെത്തിയിരുന്നു. 3,000 ചതുരശ്ര മീറ്ററിലാണ് മദ്യ നിര്‍മ്മാണശാല പ്രവര്‍ത്തിച്ചത്. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ആറുപേരാണ് അനധികൃത മദ്യ നിര്‍മ്മാണശാല നടത്തി വന്നത്.

നിയമലംഘകരെയും അനധികൃത പ്രവര്‍ത്തനങ്ങളും പിടികൂടുന്നതിന് വേണ്ടിയുള്ള ക്രിമിനല്‍ സെക്യൂരിറ്റി സെക്ടറിന്റെ ശ്രമങ്ങളുടെ ഫലമായാണ് ഈ ഓപ്പറേഷന്‍. ജനറല്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ്, പ്രത്യേകിച്ച് ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗമാണ് ഇതിന് നേതൃത്വം നല്‍കിയത്. 

ബാര്‍ അല്‍ റഹിയയിലെ ഒരു ക്യാമ്പിലാണ് അനധികൃതമായി മദ്യം നിര്‍മ്മിച്ചിരുന്നത്. നിയമപരമായ അനുമതികള്‍ നേടിയ ശേഷം സ്ഥലത്ത് റെയ്ഡ് നടത്തുകയായിരുന്നു. റെയ്ഡില്‍ ആറുപേരെ പിടികൂടി. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍. ഫാക്ടറിക്ക് അകത്ത് പൂര്‍ണ സജ്ജമായ എട്ട് മുറികളുണ്ടായിരുന്നു. ശീതീകരിച്ച ഈ മുറികളില്‍ മദ്യം നിര്‍മ്മിക്കാനുള്ള പ്രക്രിയയ്ക്ക് വേണ്ട ഉപകരണങ്ങളും സജ്ജമാക്കിയിരുന്നു. ഓരോ മുറികളും മദ്യ നിര്‍മ്മാണത്തിലെ ഓരോ ഘട്ടങ്ങള്‍ക്ക് വേണ്ടി മാറ്റി വെച്ചിരുന്നു.

റെയ്ഡില്‍ വന്‍തോതില്‍ മദ്യവും അധികൃതര്‍ പിടികൂടി. 268 ബാരലും 7,000 കുപ്പി മദ്യവുമാണ് പിടികൂടിയത്. മദ്യ നിര്‍മ്മാണത്തിന് ഉപയോഗിച്ച അഞ്ച് സ്റ്റൗവും പിടിച്ചെടുത്തു. അറസ്റ്റിലായവരെയും പിടിച്ചെടുത്ത വസ്തുക്കളും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. തുടര്‍ന്ന് നിയമവിരുദ്ധമായ പ്രവര്‍ത്തനം പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍, ജഹ്റ മുന്‍സിപ്പാലിറ്റിയിലെ സംഘം ക്യാമ്പ് പൂര്‍ണ്ണമായും പൊളിക്കാന്‍ ബുള്‍ഡോസറുകള്‍ വിന്യസിച്ചിട്ടുണ്ട്. നിയമ നടപടികള്‍ അനുസരിച്ച് പിടികൂടിയ മദ്യം നശിപ്പിച്ചു കളഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

 

Follow Us:
Download App:
  • android
  • ios