ഇവരിൽ 19 പേർ മലയാളി നഴ്‌സുമാരാണ്.
കുവൈത്ത് സിറ്റി: കുവൈത്തില്‍ സുരക്ഷാ പരിശോധനയിൽ പിടിയിലായ മലയാളികൾ ഉൾപ്പടെ ഉള്ള നഴ്‌സുമാർക്ക് മോചനം. 23 ദിവസമായി തടവിൽ കഴിയുകയായിരുന്ന നഴ്സുമാർ മോചിതരായി.
ഇവരിൽ 19 പേർ മലയാളി നഴ്‌സുമാരാണ്. ഒന്നാം ഉപ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹിന്റെ നേരിട്ടുള്ള ഇടപെടലിനെ തുടർന്നാണ് തടവിൽ കഴിയുന്ന മുഴുവൻ പേരെയും വിട്ടയച്ചത്. കുവൈത്തില്‍ തുടരാനും കഴിയും.
Read Also - പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; പ്രതിദിന നോണ്‍സ്‌റ്റോപ് സര്‍വീസ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ
കഴിഞ്ഞ മാസമാണ് ഒരു സ്വകാര്യ ക്ലിനിക്കിൽ നടത്തിയ പരിശോധനയില്‍ ഇവര്‍ പിടിയിലായത്. പരിശോധനയില്‍ ഇവരുടെ പക്കൽ ആവശ്യമായ രേഖകളില്ലെന്ന് കണ്ടെത്തിയതോടെയാണ് നടപടിയെന്നാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. കുവൈത്തില്‍ ജോലി ചെയ്യാനുള്ള ലൈസന്‍സോ യോഗ്യതയോ ഇവര്‍ക്കില്ലെന്നാണ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.
മാലിയ മേഖലയിൽ സ്ഥിതി ചെയ്യുന്ന ആശുപത്രിയിൽ ഹ്യൂമൻ റിസോഴ്‌സ് കമ്മിറ്റി നടത്തിയ സുരക്ഷാ പരിശോധനയിലാണ് നഴ്‌സുമാർ അറസ്റ്റിലായത്. അറസ്റ്റിലായ നഴ്സുമാരെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. മൂന്ന് മുതല്‍ 10 വര്‍ഷം വരെ ഇതേ ക്ലിനിക്കില്‍ ജോലി ചെയ്യുന്നവരാണ് മിക്കവരും. ഫിലീപ്പീന്‍സ്, ഈജിപ്ത്, ഇറാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും പിടിയിലായവരിലുണ്ട്.
സുരക്ഷാ പരിശോധനയിൽ താമസനിയമം ലംഘിച്ചു ജോലി ചെയ്‌തെന്ന പേരില്‍ ആകെ 60 പേരാണ് പിടിയിലായത്. ഇവരിൽ 5 മലയാളി നഴ്സുമാർ മുലയൂട്ടുന്നരായിരുന്നു. ചെറിയ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാനാവാതെ പ്രയാസത്തിലായതിനെ തുടർന്ന് വിഷയത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും കുവൈത്തിലെ ഇന്ത്യൻ എംബസിയും ഇടപെട്ടിരുന്നു. തുടര്‍ന്ന് ജയിലിൽ കുഞ്ഞുങ്ങൾക്ക് മുലയൂട്ടാൻ അവസരം ഒരുക്കിയിരുന്നു.
