ഇപ്പോൾ ഉംറ ചെയ്യാൻ കഴിയില്ലെന്നും പിന്നീട് അതിന് പോകാമെന്നും അതുവരെ ഇവിടെ താമസിക്കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് അറജയിലെ സ്വദേശി പൗരെൻറ വീട്ടിൽ കൊണ്ടാക്കിയത്.
റിയാദ്: വിസ ഏജൻറ് ചതിയിൽപ്പെടുത്തി സൗദിയുടെ വീട്ടിൽ വേലക്കാരിയാക്കിയ ഫർഹാനയെ പൊലീസ് മോചിപ്പിച്ചു. പുണ്യഭൂമിയിലെത്താനും ഉംറ നിർവഹിക്കാനും കൊതിച്ച് വിസ ഏജൻറിെൻറ ചതിയിൽ കുടുങ്ങി റിയാദിന് സമീപം ഒരു സ്വദേശി പൗരെൻറ വീട്ടിലെത്തി നരകയാതനയിലായ തെലങ്കാന ഹൈദരാബാദ് സ്വദേശിനി ഫർഹാന ബീഗത്തെ സൗദി പൊലീസ് മോചിപ്പിച്ചു.
നിരാലംബരായ സ്ത്രീകളെ ഉംറ ചെയ്യാനും പുണ്യഭൂമി സന്ദർശിക്കാനും അവസരം നൽകാം എന്നു പറഞ്ഞു വിശ്വസിപ്പിച്ച് നാട്ടിൽ നിന്നും സൗദിയിലെത്തിച്ച് സ്വദേശി വീടുകളിൽ വേലക്കാരികളാക്കുന്ന പുതിയയിനം മനുഷ്യക്കടത്തിൽ കുടുങ്ങിയ ഈ മുപ്പത്തിമൂന്നുകാരിയുടെ വിഷയം മലയാളി സാമൂഹികപ്രവർത്തകരാണ് ഇന്ത്യൻ എംബസിയുടെയും സൗദി പൊലീസിെൻറയും ശ്രദ്ധയിൽപ്പെടുത്തി രക്ഷപ്പെടുത്തലിന് വഴിയൊരുക്കിയത്.
റിയാദിൽനിന്ന് 300 കിലോമീറ്ററകലെ ദവാദ്മിക്ക് സമീപം അറജ എന്ന ഗ്രാമത്തിലെ വീട്ടിൽ ദുരിതത്തിൽ കഴിഞ്ഞ യുവതിയെ മലയാളി കൂട്ടായ്മയായ ദവാദ്മി ഹെൽപ് ഡെസ്കിെൻറ ശ്രമഫലമായാണ് ദവാദ്മി പൊലീസ് ഇടപെട്ട് മോചിപ്പിച്ചത്. ഉംറ ചെയ്യണമെന്ന ജീവിതാഭിലാഷം നിറവേറ്റികൊടുക്കാൻ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) പ്രവർത്തകർ മുന്നോട്ട് വന്നിട്ടുണ്ട്. ദവാദ്മിയിൽ ജോലി ചെയ്യുന്ന അയൽവാസിയായ അക്രം വഷിെയന്ന ഏജൻറാണ് ഫർഹാനയെ കുടുക്കിയത്. വെറും 15,000 രൂപ തന്നാൽ വിസയെടുത്ത് മക്കയിലെത്തിച്ച് ഉംറ ചെയ്യിപ്പിക്കാമെന്ന് കേട്ടപ്പോൾ അവർ ആ കെണിയിൽ വീണുപോവുകയായിരുന്നു. മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസയിൽ ഇക്കഴിഞ്ഞ മാർച്ച് 28 നാണ് റിയാദിലെത്തിയത്.
Read Also - സൗദിയിലെത്തിയ ഇന്ത്യന്‍ കാക്കകള്‍ മടങ്ങുന്നില്ല; ശല്യമായതോടെ നിയന്ത്രിക്കാനൊരുങ്ങി പരിസ്ഥിതി വകുപ്പ്
ഇപ്പോൾ ഉംറ ചെയ്യാൻ കഴിയില്ലെന്നും പിന്നീട് അതിന് പോകാമെന്നും അതുവരെ ഇവിടെ താമസിക്കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് അറജയിലെ സ്വദേശി പൗരെൻറ വീട്ടിൽ കൊണ്ടാക്കിയത്. അവിടെ ഫർഹാനയെ കാത്തിരുന്നത് ഇരുട്ടുവെളുക്കെ ചെയ്താലും തീരാത്ത വീട്ടുജോലിയാണ്. നാലുമാസം കഴിഞ്ഞിട്ടും ഏജൻറ് അക്രം വഷി വരുകയോ ഉംറക്ക് കൊണ്ടുപോവുകയോ ചെയ്തില്ല. മാത്രമല്ല ടൂറിസ്റ്റ് വിസയുടെ കാലാവധി കഴിയുകയും ചെയ്തു. പുറത്തിറങ്ങാൻ ശ്രമിച്ചപ്പോൾ ആ വീട്ടിൽ തന്നെ പൂട്ടിയിടുകയും ചെയ്തു. ഏജൻറിനെ വിളിച്ചപ്പോൾ മര്യാദക്ക് അവിടെ അടങ്ങി നിൽക്കാനും അല്ലെങ്കിൽ ഒരിക്കലും നാടുകാണില്ലെന്നുമുള്ള ഭീഷണിയാണ് അയാളിൽനിന്നുണ്ടായത്. 7,000 റിയാൽ വാങ്ങിയാണ് ഏജൻറ് അക്രം ഫർഹാനയെ സൗദി കുടുംബത്തിന് കൈമാറിയതെന്ന് പിന്നീട് വ്യക്തമായി.
ദവാദ്മി ഹെൽപ് ഡെസ്ക് ഇന്ത്യൻ എംബസിയുടെ അനുമതിയോടെയാണ് പൊലീസിനെ സമീപിച്ചത്. പൊലീസ് ആവശ്യപ്പെട്ടതിനെ തുടർന്ന് സൗദി വീട്ടുടമ സ്റ്റേഷനിലെത്തിച്ച ഫർഹാനക്ക് ദവാദ്മിയിലെ ഒരു മലയാളി കുടുംബം താൽക്കാലിക താമസസൗകര്യമൊരുക്കിയിരിക്കുകയാണ്. ടൂറിസ്റ്റ് വിസ കാലാവധി കഴിഞ്ഞതിനാൽ പിഴ അടച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കി മാത്രമേ നാട്ടിലേക്ക് മടങ്ങാൻ കഴിയൂ. നിലവിൽ 700 റിയാലാണ് പിഴ തുക. അതും നാട്ടിലേക്ക് വിമാന ടിക്കറ്റിനുള്ള പണവും വേണം. സാമൂഹികപ്രവർത്തകർ അത് കണ്ടെത്താനുള്ള ശ്രമത്തിലാണ്. അതിനിടയിലാണ് ഉംറ എന്ന ഫർഹാനയുടെ മോഹം സാക്ഷാത്കരിച്ചുകൊടുക്കാൻ ഐ.സി.എഫ് പ്രവർത്തകർ മുന്നോട്ട് വന്നിരിക്കുന്നത്. അടുത്ത ദിവസങ്ങളിൽ തന്നെ മക്കയിൽ കൊണ്ടുപോയി ഉംറ നിർവഹിപ്പിച്ച ശേഷം തിരിച്ചെത്തിച്ച് നാട്ടിലേക്ക് കയറ്റിവിടും.
