185 മീറ്റര്‍ ഉയരത്തില്‍, കെട്ടിടത്തിന്റെ രണ്ട് അറ്റങ്ങളെയും ബന്ധിപ്പിച്ച കയറിലൂടെ 150 മീറ്ററാണ് ജാന്‍ നടന്നത്.
ദോഹ: ഖത്തറിലെ പ്രശസ്തമായ ലുസൈല്‍ സിറ്റിയിലെ കത്താറ ടവറുകള്‍ക്കിടയിലെ സ്ലാക്ലൈനിലൂടെ നടന്ന് ചരിത്രം കുറിച്ച് ജാന്‍ റൂസ്. റെഡ് ബുള്‍ വേള്‍ഡ് ചാമ്പ്യന്‍ കൂടിയായ ജാന്‍ റൂസ് ഈ നടത്തത്തിലൂടെ പുതിയൊരു റെക്കോര്‍ഡ് തന്റെ പേരിലെഴുതി, ലോകത്തിലെ ഏറ്റവും നീളം കൂടിയ എല്‍ഇഡി സ്ലാക്ലൈന്‍ പൂര്‍ത്തിയാക്കിയ താരമെന്ന റെക്കോര്‍ഡ്.
185 മീറ്റര്‍ ഉയരത്തില്‍, കെട്ടിടത്തിന്റെ രണ്ട് അറ്റങ്ങളെയും ബന്ധിപ്പിച്ച കയറിലൂടെ 150 മീറ്ററാണ് ജാന്‍ നടന്നത്. അതും വെറും രണ്ടര സെന്റീമീറ്റര്‍ കനമുള്ള കയറും, ഒപ്പം ചേര്‍ത്ത എല്‍ഇഡി ലൈറ്റുകളുടെ വെളിച്ചത്തിലുമായിരുന്നു ആ സാഹസിക നടത്തം. കൈകള്‍ ഉയര്‍ത്തി പിടിച്ചും കാലുകള്‍ കോര്‍ത്ത് കയറില്‍ തലകീഴായി തൂങ്ങി കിടന്നുമൊക്കെ സാഹസികമായാണ് ജാന്‍ റൂസ് നടത്തം പൂര്‍ത്തിയാക്കിയത്. കത്താറ ടവറിന്റെ രണ്ട് അറ്റങ്ങളിലുള്ള നക്ഷത്ര ഹോട്ടലുകളായ റാഫ്ള്‍സിനും ഫെയര്‍മൗണ്ട് ദോഹക്കുമിടയിലായിരുന്നു നടത്തം. ഖത്തര്‍ ടൂറിസത്തിന്റെ പ്രമോഷനായി വിസിറ്റ് ഖത്തറുമായി ചേര്‍ന്നായിരുന്നു സ്ലാക്ലൈനിലൂടെയുള്ള നടത്തം. എസ്‌തോണിയൻ ദേശീയ താരമായ ജാൻ റൂസ് മൂന്ന് തവണ സ്ലാക്ക് ലൈൻ ലോക ചാംപ്യൻ കൂടിയാണ്.
Read Also - ഈ ഗള്‍ഫ് രാജ്യങ്ങളില്‍ ഇനി ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ യാത്ര ചെയ്യാം; പുതിയ പട്ടിക പുറത്ത്
ഭക്ഷ്യവിലക്കയറ്റ നിരക്ക് കുറഞ്ഞ രാജ്യങ്ങളില്‍ ഖത്തറും
ദോഹ: ആഗോളതലത്തില്‍ ഭക്ഷ്യവിലക്കയറ്റ നിരക്ക് കുറഞ്ഞ രാജ്യങ്ങളില്‍ ഖത്തറും. 2022 ജൂലൈയ്ക്കും 2023 മേയ്ക്കും ഇടയില്‍ വര്‍ഷാടിസ്ഥാനത്തില്‍ രണ്ട് ശതമാനത്തില്‍ താഴെയാണ് ഖത്തറില്‍ ഭക്ഷ്യവിലക്കയറ്റം. ലോകബാങ്ക്, അന്താരാഷ്ട്ര നാണയനിധി, ട്രേഡിങ് എക്കണോമിക്‌സ് എന്നിവ പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
ഭക്ഷ്യവിലക്കയറ്റം നിര്‍ണയിക്കുന്ന സൂചിക പ്രകാരം 2022 ജൂലൈയില്‍ ഖത്തറിലെ ഭക്ഷ്യവിലക്കയറ്റ നിരക്ക് 4.8 ശതമാനമായിരുന്നു. ഓഗസ്റ്റില്‍ 6.4 ശതമാനം, സെപ്തംബറില്‍ 4.6 ശതമാനം, ഒക്ടോബറില്‍ 1.3 ശതമാനം, നവംബറില്‍ 0.3 ശതമാനം, ഡിസംബറില്‍ 1.5 ശതമാനം, ജനുവരി 2023 - 0.6 ശതമാനം ഫെബ്രുവരിയില്‍ 1.9 ശതമാനം, മാര്‍ച്ച് 0.7 ശതമാനം, ഏപ്രില്‍- 1.4 ശതമാനം, മേയ്- 1.5 ശതമാനം എന്നിങ്ങനെയായിരുന്നു. ഭക്ഷ്യവിലക്കയറ്റത്തിന്റെ തോത് രേഖപ്പെടുത്തുന്നതിന് ട്രാഫിക് സിഗ്നല്‍ ലൈറ്റ് സൂചികയാണ് ലോകബാങ്ക് ഉപയോഗിച്ചത്. ലോകബാങ്കിന് കീഴിലെ കാര്‍ഷിക-ഭക്ഷ്യ യൂണിറ്റുമായി ചേര്‍ന്നാണ് കഴിഞ്ഞ കാലങ്ങളിലെ ഭക്ഷ്യ വിലക്കയറ സൂചകങ്ങള്‍ വിലയിരുത്തികൊണ്ട് കളര്‍ കോഡ് തയ്യാറാക്കിയത്. ഇത് അനുസരിച്ച് ഖത്തറിന്റെ കളര്‍ കോഡ് പച്ചയാണ്.
ലോകബാങ്കിന്റെ സൂചിക അനുസരിച്ച് ഭക്ഷ്യ വിലക്കയറ്റ നിരക്ക് രണ്ട് ശതമാനത്തില്‍ താഴെയാണ് എന്നതാണ് പച്ച നിറം കൊണ്ട് ഉദ്ദേശിക്കുന്നത്. പ്രധാനമായും അന്താരാഷ്ട്ര നാണയനിധി നല്‍കുന്ന സ്ഥിതി വിവര കണക്കുകള്‍ അടിസ്ഥാനമാക്കിയാണ് ലോകബാങ്ക് ഭക്ഷ്യ വിലക്കയറ്റ നിരക്കുകളുടെ കണക്ക് തയ്യാറാക്കുന്നത്.
