അപകടത്തില്‍ നാലു പേർക്ക് പരിക്കേറ്റു.
റിയാദ്: വാനും ട്രെയിലറും കൂട്ടിയിടിച്ച് മലയാളി യുവാവ് മരിച്ചു. റിയാദിൽ നിന്ന് 200 കിലോമീറ്റർ അകലെ അൽ റയ്നിൽ വ്യാഴാഴ്ച ഉച്ചക്കുണ്ടായ സംഭവത്തിൽ മലപ്പുറം കരുവാരക്കുണ്ട് സ്വദേശി അലി കോട്ടയിൽ (40) ആണ് മരിച്ചത്. അപകടത്തിൽ മറ്റ് നാലു പേർക്ക് പരിക്കേറ്റു.
റിയാദിലെ സുലൈയിൽ നിന്ന് അബഹയിലേക്ക് വാനിൽ പോകുമ്പോൾ അൽ റയ്നിൽ വെച്ച് ട്രയ്ലറുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ വ്യക്തമല്ല. എല്ലാവരും അൽ റെയ്ൻ ജനറൽ ആശുപത്രിയിലാണ്. മരിച്ച അലി കോട്ടയിലിന്റെ പിതാവ് പരേതനായ അബ്ദു. മാതാവ്: സൈനബ, ഭാര്യ: റംസീന, മക്കൾ: കെ. അദ്നാൻ, കെ. അയ്മൻ, കെ. അമാൻ. മൃതദേഹം സൗദിയിൽ ഖബറടക്കും. അതിനുള്ള നിയമനടപടികൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി വെൽഫയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, അൽ റെയ്ൻ കെ.എം.സി.സി ഭാരവാഹി ശൗക്കത്ത് എന്നിവർ രംഗത്തുണ്ട്.
Read Also - പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
വാഹനാപകടം; ഉംറ തീർഥാടകരായ പിതാവും നാലു മക്കളും മരിച്ചു, മാതാവിന് പരിക്ക്
റിയാദ്: സൗദിയിൽ വാഹനാപകടത്തിൽ ഉംറ തീർഥാടകരായ ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു, ഒരാൾക്ക് പരിക്കേറ്റു. മക്ക-റിയാദ് റോഡിൽ തിങ്കളാഴ്ചയുണ്ടായ അപകടത്തിൽ യു.എ.ഇയിൽനിന്നെത്തിയ ജോർദാൻ കുടുംബത്തിലെ അഞ്ച് പേരാണ് മരിച്ചത്.
ഉംറ നിർവഹിച്ച ശേഷം കുടുംബം യു.എ.ഇയിലേക്ക് മടങ്ങുമ്പോഴാണ് ഇവർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. പിതാവും മാതാവും നാല് മക്കളുമാണ് വാഹനത്തിലുണ്ടായിരുന്നത്. പിതാവ് മാലിക് അക്റം, മക്കളായ അക്റം, മായ, ദനാ, ദീമ എന്നിവരാണ് മരിച്ചത്. മാതാവ് വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. മരിച്ചവരെ ഹുഫുഫ് മേഖല കിങ് ഫഹദ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മൃതദേഹങ്ങൾ കൈമാറുന്നതിന് നടപടികൾ പൂർത്തിയാക്കാൻ സൗദിയിലെ ജോർദാൻ എംബസി രംഗത്തുണ്ട്.
Read Also - പ്രവാസി നാടുകടത്തല്‍ വര്‍ധിക്കുന്നു; ഏഴര മാസത്തിനിടെ കാല്‍ലക്ഷം പേരെ നാടുകടത്തി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...
