പരിശോധനയില്‍ ലേബര്‍ മാര്‍ക്കറ്റ്, റെസിഡന്‍സി നിയമലംഘനങ്ങള്‍ കണ്ടെത്തി.
മനാമ: ബഹ്‌റൈനില്‍ തൊഴില്‍, താമസ നിയമലംഘകരായ പ്രവാസികളെ കണ്ടെത്താനുള്ള പരിശോധനകള്‍ കര്‍ശനമായി തുടരുന്നു. ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍എംആര്‍എ), നാഷണാലിറ്റി, പാസ്‌പോര്‍ട്ട്‌സ് ആന്‍ഡ് റെസിഡന്‍സ് അഫയേഴ്‌സ്, ആഭ്യന്തര മന്ത്രാലയം, ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് പൊലീസ് ഡയറക്ടറേറ്റ് എന്നിവ സംയുക്തമായാണ് ക്യാപിറ്റല്‍ ഗവര്‍ണറേറ്റില്‍ പരിശോധന നടത്തിയത്.
വ്യാപാര സ്ഥാപനങ്ങള്‍, തൊഴിലാളികള്‍ ഒരുമിച്ചു കൂടുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന. പരിശോധനയില്‍ തൊഴില്‍പരമായ നിയമലംഘനങ്ങള്‍ക്ക് പുറമെ താമസ നിയമലംഘനങ്ങളും കണ്ടെത്തി. നിയമങ്ങള്‍ ലംഘിച്ച ഏതാനും പേരെ പിടികൂടി. പിടിയിലായവരെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ചേര്‍ന്ന് കര്‍ശനമായ പരിശോധന രാജ്യത്ത് തുടരുമെന്നും നിയമലംഘനങ്ങള്‍ കണ്ടെത്തി കടുത്ത നടപടി സ്വീകരിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. രാജ്യത്തെ തൊഴില്‍ മേഖലയിലെ നടപടികള്‍ സുതാര്യമാക്കാനും നിയമപരമായി നിലനിര്‍ത്താനും ലക്ഷ്യമിട്ട് സര്‍ക്കാര്‍ ഏജന്‍സികള്‍ സ്വീകരിക്കുന്ന നടപടികളില്‍ പൊതുജനങ്ങളുടെ പിന്തുണയും അധികൃതര്‍ തേടിയിട്ടുണ്ട്. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെടുന്നവര്‍ അതോറിറ്റിയുടെ വെബ്‍സൈറ്റായ www.lmra.bhല്‍ നല്‍കിയിട്ടുള്ള ഇലക്ട്രോണിക് ഫോം പൂരിപ്പിച്ചോ അല്ലെങ്കില്‍ 17506055 എന്ന നമ്പറില്‍ കോള്‍ സെന്ററില്‍ വിളിച്ചോ വിവരം അറിയിക്കണമെന്നാണ് നിര്‍ദേശം.
Read Also - വന്‍ റിക്രൂട്ട്‌മെന്റുമായി ഡിനാറ്റ; ആയിരക്കണക്കിന് പേര്‍ക്ക് തൊഴിലവസരങ്ങള്‍
പിടിച്ചെടുത്ത നാലായിരം കിലോയിലേറെ ലഹരിമരുന്ന് ഉരുക്കി നശിപ്പിച്ചു
മനാമ: ബഹ്‌റൈനില്‍ പിടിച്ചെടുത്ത ആകെ 4,800 കിലോഗ്രാം ലഹരിമരുന്നും ലഹരി പദാര്‍ത്ഥങ്ങളും നശിപ്പിച്ചതായി അറിയിച്ച് പബ്ലിക് പ്രോസിക്യൂഷന്‍. വിവിധ കോടതി വിധികള്‍ പ്രകാരം പിടിച്ചെടുത്ത ലഹരി പദാര്‍ത്ഥങ്ങളാണ് പ്രത്യേക സമിതിയുടെ മേല്‍നോട്ടത്തില്‍ നശിപ്പിച്ചത്.
ജഡ്ജിയുടെയും ഇസ്ലാമിക് അഫയേഴ്‌സ് ആന്‍ഡ് എന്‍ഡോവ്‌മെന്റ്‌സ് വകുപ്പ് മന്ത്രിയുടെയും ഉത്തരവ് പ്രകാരം ചുമതലപ്പെടുത്തിയ പ്രത്യേക സമിതിയാണ് ഇവ നശിപ്പിക്കാന്‍ നേതൃത്വം നല്‍കിയത്. മന്ത്രാലയത്തിലെ മറ്റ് അംഗങ്ങള്‍ പബ്ലിക് പ്രോസിക്യൂഷന്‍ എന്നിവരാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഈ സമിതിയുടെ മേല്‍നോട്ടത്തിലാണ് ലഹരി പദാര്‍ത്ഥങ്ങള്‍ നശിപ്പിച്ചത്. ഈ പാനല്‍ ഇന്നലെ രാവിലെ ലഹരി പദാര്‍ത്ഥങ്ങള്‍ സൂക്ഷിച്ചിരുന്ന സ്റ്റോറിലെത്തി ഇവ പരിശോധിച്ച് ഉറപ്പാക്കിയതായി സമിതി ചെയര്‍മാനും പീനല്‍ എക്‌സിക്യൂഷന്‍ പ്രോസിക്യൂഷന്‍ ഓഫീസ് തലവനുമായ അഡ്വ.മുഹമ്മദ് സാലിഹ് അല്‍ മുസല്ലം പറഞ്ഞു. നിയമം അനുശാസിക്കുന്ന മാനദണ്ഡങ്ങള്‍ അനുസരിച്ച് വലിയ ചൂളയില്‍ 1,100 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ ഈ ലഹരി പദാര്‍ത്ഥങ്ങള്‍ ഉരുക്കി നശിപ്പിക്കുകയായിരുന്നു.
Read Also - പ്രവാസി ബാച്ചിലര്‍മാരുടെ താമസസ്ഥലങ്ങളില്‍ വ്യാപക പരിശോധന; 146 കെട്ടിടങ്ങളിലെ വൈദ്യുതി വിച്ഛേദിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

