സ്‌കൂൾ വിട്ട് അമ്മയ്ക്കും രണ്ട് സഹോദരങ്ങൾക്കുമൊപ്പം കാറിൽ സഞ്ചരിക്കവെയാണ് അപകടമുണ്ടായത്.

മസ്‌കറ്റ്: സ്കൂളിൽ ക്ലാസ് കഴിഞ്ഞ് മടങ്ങവെ കാർ അപകടത്തിൽപ്പെട്ട് സീബ് ഇന്ത്യൻ സ്‌കൂൾ വിദ്യാർഥിനി മരണമടഞ്ഞു. എറണാകുളം പാലാരിവട്ടം സ്വദേശികളായ റ്റാക്കിൻ ഫ്രാൻസിസ് ഓലാറ്റുപുറത്തിന്റെയും ഭവ്യ വർഗീസിന്റെയും മകളും സീബ് ഇന്ത്യൻ സ്‌കൂൾ രണ്ടാം ക്ലാസ്സ്‌ വിദ്യാർഥിനിയുമായ അൽന റ്റാകിനാണ് (6 വയസ്സ്) ക്ലാസ് കഴിഞ്ഞ് മടങ്ങവെ കാർ അപകടത്തിൽ മരണമടഞ്ഞത്.

ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. സ്‌കൂൾ വിട്ട് അമ്മയ്ക്കും രണ്ട് സഹോദരങ്ങൾക്കുമൊപ്പം കാറിൽ സഞ്ചരിക്കവെയാണ് അപകടമുണ്ടായത്. കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഇവരെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അൽന റ്റാകിന്റെ മരണം സംഭവിച്ചിരുന്നു. അമ്മയുടെയും സഹോദരങ്ങളുടെയും പരിക്ക് ഗുരുതരമല്ല. അല്‍ന റ്റാകിന്റെ മരണത്തെ തുടര്‍ന്ന് സീബ് ഇന്ത്യന്‍ സ്‌കൂളിന് അവധി നല്‍കിയിരുന്നു.

Read Also -  പ്രവാസി മലയാളി സൗദി അറേബ്യയില്‍ നിര്യാതനായി

അതേസമയം കഴിഞ്ഞ ദിവസം മദീനക്ക് സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ആറുപേർ മരണപ്പെട്ടിരുന്നനു. മഹ്ദു ദഹബ് പട്ടണത്തേയും മദീനയെയും ബന്ധിപ്പിക്കുന്ന ഖുറൈദ റോഡിലാണ് സൗദി കുടുംബം സഞ്ചരിച്ച കാറപകടമുണ്ടായത്. കുടുംബാംഗങ്ങളായ ആറു പേരാണ് മരിച്ചത്. സൗദി സൈനികനായ കുടുംബനാഥനും ഭാര്യയും ഒരു മകനും മൂന്നു പെൺമക്കളുമാണ് മരിച്ചത്. ഒരു ബാലൻ പരിക്കുകളോടെ രക്ഷപ്പെട്ടു. 

രണ്ടു വർഷം മുമ്പ് ദക്ഷിണ സൗദി അതിർത്തിയിൽ നിയമിക്കപ്പെട്ട സൈനികനും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. കുടുംബത്തെ ദക്ഷിണ സൗദിയിലേക്ക് മാറ്റാൻ തീരുമാനിച്ച സഹോദരൻ ഭാര്യയെയും മക്കളെയുമായി തബൂക്കിൽ നിന്ന് ദക്ഷിണ സൗദിയിലേക്ക് പോകുന്നതിനിടെയാണ് ഖുറൈദ റോഡിൽ വെച്ച് കാർ അപകടത്തിൽ പെട്ടതെന്ന് സൈനികെൻറ സഹോദരൻ സയ്യാഫ് അൽശഹ്റാനി പറഞ്ഞു. പരിക്കുകളോടെ രക്ഷപ്പെട്ട അഞ്ചു വയസുകാരനെ റെഡ് ക്രസൻറ് എയർ ആംബുലൻസിൽ മദീന മെറ്റേണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാലെൻറ ആരോഗ്യനില ഭേദമായിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം