ബുധനാഴ്ച രാത്രി ഉറങ്ങാൻ കിടന്ന ഇദ്ദേഹത്തിന് മസ്തിഷ്കാഘാതം സംഭവിക്കുകയായിരുന്നു.
റിയാദ്: ദീർഘകാലമായി പ്രവാസിയായ മലയാളി സൗദി കിഴക്കൻ പ്രവിശ്യയിൽ ദമ്മാമിന് അടുത്ത് സൈഹാത്തിൽ നിര്യാതനായി. തലശ്ശേരി കായ്യത്ത് ദാറുൽ അൻവാർ മസ്ജിദിന് സമീപം മഞ്ചാടി കുടുംബത്തിലെ കൊട്ടോത്ത് നിസാം (53) ആണ് ശനിയാഴ്ച പുലർച്ചെ മരിച്ചത്. താമസസ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയ ഇദ്ദേഹത്തെ ഖത്വീഫ് സെൻട്രൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടെയുള്ളയാൾ അവധിക്ക് നാട്ടിൽ പോയിരുന്നതിനാൽ മുറിയിൽ ഒറ്റക്കായിരുന്നു.
ബുധനാഴ്ച രാത്രി ഉറങ്ങാൻ കിടന്ന ഇദ്ദേഹത്തിന് മസ്തിഷ്കാഘാതം സംഭവിക്കുകയായിരുന്നു. വ്യാഴാഴ്ച പുറത്ത് കാണാഞ്ഞതിനെത്തുടർന്ന് അന്വേഷിച്ചെത്തിയവരാണ് താമസസ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഒരു ദിവസം കഴിഞ്ഞാണ് ആശുപത്രിയിൽ എത്തിക്കാനായത് എന്നതാണ് കൂടുതൽ ഗുരുതരമാക്കിയത്. പുന്നോലിലെ പരേതനായ പറമ്പത്ത് സുബൈറിെൻറയും ചേറ്റംകുന്ന് കൊട്ടോത്ത് നഫീസയുടേയും മകനാണ്. ഭാര്യ: നജ്മ കായ്യത്ത് വില്ല. മക്കൾ: ഫാത്തിമ അസറ, മുഹമ്മദ് മുസ്ഫർ, മുഹമ്മദ് ബിലാൽ. സൈഹാത്തിലെ അല്‍ ഷിഫായി ട്രാവല്‍സ് ജീവനക്കാരനായിരുന്നു. സഹോദരങ്ങൾ: നിസ്താർ (ദമ്മാം), മുഹമ്മദ് നിയാസ്, നസ്രീൻ ബാനു, സുഫൈജ, സഫ്രീൻ ഫർഹാൻ എന്നിവര്‍. മൃതദേഹം ദമ്മാമിൽ ഖബറടക്കുമെന്ന് മൂത്ത സഹോദരൻ നിസ്താർ പറഞ്ഞു.
Read Also - പ്രവാസികള്‍ക്കും ഇനി യുപിഐ സൗകര്യം; ആദ്യ ഘട്ടത്തില്‍ ഈ ഗള്‍ഫ് രാജ്യങ്ങളും
അതേസമയം സന്ദർശന വിസയിൽ സൗദിയിലെത്തിയ ഇന്ത്യൻ വനിത ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഹൈദരബാദ് സ്വദേശിനി സാകിറ ബീഗം (64) ആണ് റിയാദ് മലസിലെ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചത്. പരേതരായ മുഹമ്മദ് മഷീഖും ജീലാനി ബീഗവുമാണ് മാതാപിതാക്കൾ.
ഭർത്താവ്: പരേതനായ അബ്ദുൽ മന്നാൻ. മക്കൾ: അബ്ദുൽ ബഷീർ, സാസി അഫ്രീൻ, നാസീയ തസീൻ. മൃതദേഹം റിയാദിൽ ഖബറടക്കും. അതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ആക്റ്റിങ് ചെയർമാൻ റിയാസ് തിരൂർക്കാട്, ട്രഷറർ റഫീഖ് ചെറുമുക്ക്, ഇസ്മാഈൽ പടിക്കൽ, ഹാഷിം കോട്ടക്കൽ എന്നിവർ രംഗത്തുണ്ട്.
