കഴിഞ്ഞ 30 വർഷത്തോളമായി സ്പോൺസറുടെ കൂടെ നിർമാണ മേഖലയിൽ പ്രവർത്തിച്ചു വരികയായിരുന്നു. അമ്മയും ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന നിർധന കുടുംബത്തിലെ ഏക അത്താണിയായിരുന്നു.
റിയാദ്: നാളെ (ചൊവ്വാഴ്ച) നാട്ടിൽ പോകാൻ ഒരുങ്ങിയിരുന്ന മലയാളി മരിച്ചു. സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ ഹസയിൽ ഹുഫൂഫിന് സമീപം മുനൈസിലയിൽ ആണ് മലപ്പുറം അരീക്കോട് കുനിയിൽ സ്വദേശി ഇയ്യക്കാട്ടിൽ അരവിന്ദൻ (56) ഹൃദയാഘാതം മൂലം മരിച്ചത്. വിമാന ടിക്കറ്റെടുത്തും എല്ലാ ഒരുക്കവും പൂർത്തിയാക്കിയും യാത്രക്ക് കാത്തിരിക്കുന്നതിനിടയായിരുന്നു അരവിന്ദെൻറ ആസ്മിക വിയോഗം.
ആറ് മാസം മുമ്പ് ഹൃദയത്തിന് ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞ് വന്നതാണ് അരവിന്ദൻ. മരപ്പണിക്കാരൻ കൂടിയായ അരവിന്ദൻ കഴിഞ്ഞ 30 വർഷത്തോളമായി സ്പോൺസറുടെ കൂടെ നിർമാണ മേഖലയിൽ പ്രവർത്തിച്ചു വരികയായിരുന്നു. അമ്മയും ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന നിർധന കുടുംബത്തിലെ ഏക അത്താണിയായിരുന്നു.
അരവിന്ദെൻറ ആകസ്മിക നിര്യാണത്തിൽ അൽ അഹ്സ ഒ.ഐ.സി.സി അനുശോചിച്ചു. ഹുഫൂഫ് അൽ ജാഫർ ജനറൽ ആശുപത്രി മോർച്ചറിയിലുള്ള മൃതശരീരം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിക്കാൻ അൽ അഹ്സയിലെ സാമൂഹിക പ്രവർത്തകർ രംഗത്തുണ്ട്.
Read Also- കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് പ്രവാസി മലയാളി യുവാവ് മരിച്ചു
മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥി ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചു
മസ്‌കറ്റ്: പ്രവാസി മലയാളി വിദ്യാര്‍ത്ഥി ഒമാനില്‍ മരിച്ചു. കണ്ണൂര്‍ കുടുക്കിമൊട്ട സ്വദേശി റാഹിദ് മുഹമ്മദ് റഫീഖ് (20) ആണ് മരിച്ചത്. ദുബൈയില്‍ നിന്നും കസബിലേക്ക് പോവുകയായിരുന്ന ഹെവി പിക്കപ്പ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞാണ് എംബിബിഎസ് വിദ്യാര്‍ത്ഥി മരിച്ചത്.
ഈജിപ്തില്‍ എംബിബിഎസിന് പഠിക്കുന്ന റാഹിദ്, ഒരാഴ്ച മുമ്പ് കസബില്‍ ജോലി ചെയ്യുന്ന പിതാവിന്റെ അടുത്ത് വന്നതായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയാണ് കസബില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള ഹറഫില്‍ വെച്ച് അപകടമുണ്ടായത്. പിതാവിന്റെ സഹോദരീപുത്രനൊപ്പം ഹെവി പിക്കപ്പ് വാഹനത്തില്‍ ദുബൈയില്‍ പോയി മടങ്ങി വരുന്നതിനിടെയാണ് അപകടമുണ്ടായത്. പിക്കപ്പ് വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ റാഹിദ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹം കസബ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പിതാവ് മുഹമ്മദ് റഫീഖ് കസബിലാണ്. മാതാവ് തസ്ലീമ. മൂന്ന് സഹോദരിമാരുണ്ട്.
