അപകടത്തില്‍ മറ്റൊരു മലയാളിക്ക്​ പരിക്കേറ്റു.​

റിയാദ്: സൗദി മധ്യപ്രവിശ്യയിൽ റിയാദിൽനിന്ന്​ 150 കിലോമീറ്ററകലെ ഹുത്ത ബനീ തമീമിന്​ സമീപം കാർ നിയന്ത്രണം വിട്ട്​ മറിഞ്ഞ്​ മലയാളി യുവാവ്​ മരിച്ചു. കൂടെയുണ്ടായിരുന്ന മറ്റൊരു മലയാളി യുവാവിന്​ പരി​ക്കേറ്റു. കൊല്ലം ശാസ്താംകോട്ട കുമരംചിറ കോട്ടക്കാട്ടുമുക്ക് സ്വദേശി വലിയ വീട്ടിൽ മുഹമ്മദ് കുഞ്ഞിയുടെയും ലൈല ബീവിയുടെയും മകൻ മുഹമ്മദ് റാശിദ് (27) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന നാട്ടുകാരൻ നാസിം പെരുവയലിനെ പരിക്കുകളോടെ ഹുത്ത ബനീ തമീം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ (ശനിയാഴ്​ച) രാത്രി ഒമ്പതിനാണ്​ സംഭവം. 

ഹുത്ത ബനീ തമീമിന്​ അടുത്തുള്ള ഹരീഖ്​ പട്ടണത്തിൽ നിന്ന്​ റിയാദിലെ അൽഹൈയിറിലേക്ക് വരുമ്പോഴായിരുന്നു അപകടം. ഹരീഖിൽനിന്ന്​ 55 കിലോമീറ്റർ പിന്നിട്ട്​ വിജനമായ സ്ഥലത്താണ് കാർ മറിഞ്ഞത്. മരിച്ച മുഹമ്മദ് റാശിദ്​ അവിവാഹിതനാണ്. സഹോദരങ്ങളായ ജിഷാർ, റിയാസ്​ എന്നിവർ ഹരീഖിൽ ജോലി ചെയ്യുന്നു​​. ഏക സഹോദരി: റജീന. പിതാവ്​ മുഹമ്മദ് കുഞ്ഞി ദീർഘകാലം റിയാദിൽ പ്രവാസിയായിരുന്നു. മുഹമ്മദ്​ റാശിദ്​ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്​) സജീവ പ്രവർത്തകനാണ്​. മൃതദേഹവുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തീകരിക്കാൻ ഹുത്ത ബനീ തമീം കെ.എം.സി.സി പ്രവർത്തകരും റിയാദ്​ കെ.എം.സി.സി വെൽഫെയർ വിങ്​ ചെയർമാൻ സിദ്ദീഖ്​ തുവ്വൂരും ഒ.ഐ.സി.സി പ്രവർത്തകൻ നാസർ ലെയ്​സും രംഗത്തുണ്ട്​.

Read Also - സന്ദർശന വിസയില്‍ സൗദിയിലെത്തി; ഇന്ത്യൻ വനിത താമസസ്ഥലത്ത് മരിച്ചു

അതേസമയം ദീർഘകാലമായി പ്രവാസിയായ മലയാളി സൗദി കിഴക്കൻ പ്രവിശ്യയിൽ ദമ്മാമിന്​ അടുത്ത്​ സൈഹാത്തിൽ നിര്യാതനായി. തലശ്ശേരി കായ്യത്ത് ദാറുൽ അൻവാർ മസ്ജിദിന് സമീപം മഞ്ചാടി കുടുംബത്തിലെ കൊട്ടോത്ത് നിസാം (53) ആണ്​ ശനിയാഴ്ച പുലർച്ചെ മരിച്ചത്​. താമസസ്ഥലത്ത്​ അബോധാവസ്ഥയിൽ കണ്ടെത്തിയ ഇദ്ദേഹത്തെ ഖത്വീഫ്​ സെൻ​ട്രൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടെയുള്ളയാൾ അവധിക്ക്​ നാട്ടിൽ പോയിരുന്നതിനാൽ മുറിയിൽ ഒറ്റക്കായിരുന്നു​.

ബുധനാഴ്ച രാത്രി ഉറങ്ങാൻ കിടന്ന ഇദ്ദേഹത്തിന്​ മസ്തിഷ്കാഘാതം സംഭവിക്കുകയായിരുന്നു. വ്യാഴാഴ്ച പുറത്ത്​ കാണാഞ്ഞതിനെത്തുടർന്ന്​ അന്വേഷിച്ചെത്തിയവരാണ്​​ താമസസ്ഥലത്ത്​ അബോധാവസ്ഥയിൽ കണ്ടെത്തിയത്​. ഒരു ദിവസം കഴിഞ്ഞാണ്​ ആശുപത്രിയിൽ എത്തിക്കാനായത്​ എന്നതാണ്​ കൂടുതൽ ഗുരുതരമാക്കിയത്​. പുന്നോലിലെ പരേതനായ പറമ്പത്ത് സുബൈറി​െൻറയും ചേറ്റംകുന്ന് കൊട്ടോത്ത് നഫീസയുടേയും മകനാണ്. ഭാര്യ: നജ്മ കായ്യത്ത് വില്ല. മക്കൾ: ഫാത്തിമ അസറ, മുഹമ്മദ് മുസ്ഫർ, മുഹമ്മദ് ബിലാൽ. സൈഹാത്തിലെ അല്‍ ഷിഫായി ട്രാവല്‍സ് ജീവനക്കാരനായിരുന്നു. സഹോദരങ്ങൾ: നിസ്താർ (ദമ്മാം), മുഹമ്മദ് നിയാസ്, നസ്രീൻ ബാനു, സുഫൈജ, സഫ്രീൻ ഫർഹാൻ എന്നിവര്‍. മൃതദേഹം​ ദമ്മാമിൽ ഖബറടക്കുമെന്ന്​ മൂത്ത സഹോദരൻ നിസ്താർ​ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...