റൂമിൽ നിന്ന് പോയ സമയത്ത് രേഖകൾ ഒന്നും തന്നെ എടുത്തിരുന്നില്ല. ഐഡി കാർഡുകളുൾപ്പടെ എല്ലാം റൂമിൽ തന്നെയുണ്ട്.

റിയാദ്: ഹജ്ജ് കർമം പൂർത്തിയാക്കി മക്കയിലെ താമസസ്ഥലത്ത് തിരിച്ചെത്തിയ ശേഷം മലയാളി തീർഥാടകനെ കാണാതായി. കേരളത്തിൽനിന്ന് സ്വകാര്യ ഹജ്ജ് ഗ്രൂപ്പിന് കീഴിൽ ഉമ്മയുടെയും ഭാര്യയുടെയും കൂടെ അവസാന വിമാനത്തിൽ മക്കയിൽ എത്തിയ വളാഞ്ചേരി പെങ്ങണൂർ സ്വദേശി സി.എച്ച്. മൊയ്തീൻ ചക്കുങ്ങലിനെയാണ് (72) 17 ദിവസമായി വിവരമില്ലാത്തത്. ഹജ്ജ് കർമ്മങ്ങൾ എല്ലാം പൂർത്തിയാക്കി താമസ്ഥലത്ത് വിശ്രമിക്കുന്നതിനിടെ റൂമിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.

റൂമിൽ നിന്ന് പോയ സമയത്ത് രേഖകൾ ഒന്നും തന്നെ എടുത്തിരുന്നില്ല. ഐഡി കാർഡുകളുൾപ്പടെ എല്ലാം റൂമിൽ തന്നെയുണ്ട്. രണ്ട് ദിവസത്തിനുശേഷം മക്കയിലെ നുസ്ഹ ഭാഗത്ത് വെച്ച് ഒരാൾ കാണുകയും തനിക്ക് ഹറമിലേക്ക് പോകണമെന്നും രണ്ട് ദിവസമായി റൂമിൽ നിന്ന് പോന്നിട്ടെന്നും തനിക്ക് പെട്ടന്ന് റൂമിലേക്ക് തന്നെ മടങ്ങി പോകണമെന്നും പറഞ്ഞിരുന്നത്രെ... സംസാരത്തിൽ എന്തോ പന്തികേട് തോന്നിയതോടെ നിങ്ങൾ ഇവിടെ ഇരിക്കൂ, ഞങ്ങൾ എത്തിക്കാം എന്ന് ആ കണ്ടയാൾ പറഞ്ഞു. എന്നാൽ അപ്പോഴേക്കും ആ ഭാഗത്ത് ചെറിയൊരു ആൾത്തിരക്കുണ്ടാവുകയും അതിനിടയിൽ ആളെ കാണാതാവുകയുമായിരുന്നത്രെ. കാത്തിരുന്ന് മടുത്ത് ഒടുവിൽ ഹജ്ജ് ഗ്രൂപ്പിലെ മറ്റ് അംഗങ്ങളോടൊപ്പം ഭാര്യയും ഉമ്മയും മദീനയിലേക്ക് പോയിരിക്കുകയാണ്.

Read Also - ഖുര്‍ആന്‍ കത്തിക്കല്‍, അവഹേളനം; സ്വീഡിഷ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ച് യുഎഇ, അപലപിച്ച് ഒമാന്‍

മക്കയിലെ വിവിധ ആശുപത്രികൾ, കാണാതാവുന്നവർക്ക് വേണ്ടിയുള്ള കേന്ദ്രങ്ങൾ, പൊലീസ് സ്റ്റേഷനുകൾ, ത്വാഇഫിലെ മാനസികാശുപത്രി തുടങ്ങിയവ വിവിധയിടങ്ങളിൽ അന്വേഷണം തുടരുകയാണ്. ഇദ്ദേഹം ദീർഘകാലം സൗദി അറേബ്യയിൽ പ്രവാസിയായിരുന്നു. സൗദിയിലെ വിവിധസ്ഥലങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 0502336683, 0555069786 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് മക്കയിലെ സാമൂഹികപ്രവർത്തകൻ മുജീബ് പൂക്കോട്ടൂർ അഭ്യർഥിച്ചു.

Read Also - പ്രവാസികള്‍ക്ക് ആശ്വാസം; നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പാക്കുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

YouTube video player