പിതാവിനെ കുത്തിക്കൊലപ്പെടുത്തിയ പ്രവാസിയുടെ വധശിക്ഷ നടപ്പാക്കി
സുരക്ഷാ വിഭാഗം പ്രതിയെ അറസ്റ്റ് ചെയ്യുകയും കുറ്റം ചെയ്തതായി അന്വേഷണത്തില്‍ സ്ഥിരീകരിക്കുകയുമായിരുന്നു. തുടര്‍ന്ന് കേസ് പ്രത്യേക കോടതിക്ക് റഫര്‍ ചെയ്തു.

റിയാദ്: സൗദി അറേബ്യയില്‍ പിതാവിനെ കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തിയ ബംഗ്ലാദേശി പൗരന്റെ വധശിക്ഷ നടപ്പാക്കി. ജിസാനില്‍ പിതാവിനെ കത്തി ഉപയോഗിച്ച് ശരീരമാസകലം കുത്തി കൊലപ്പെടുത്തുകയും മൃതദേഹം വികൃതമാക്കുകയും ചെയ്ത കുറ്റത്തിനാണ് ബംഗ്ലാദേശി പൗരന്‍ ഷാഹിന്‍ മിയയുടെ വധശിക്ഷ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇയാള്‍ പിതാവ് അയൂബ് അലിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം നിര്‍മ്മാണത്തിലിരുന്ന ഒരു കെട്ടിടത്തിന് താഴെ കുഴിച്ചിടുകയായിരുന്നു. പ്രതി ലഹരിമരുന്നിന് അടിമയായിരുന്നു. സുരക്ഷാ വിഭാഗം പ്രതിയെ അറസ്റ്റ് ചെയ്യുകയും കുറ്റം ചെയ്തതായി അന്വേഷണത്തില്‍ സ്ഥിരീകരിക്കുകയുമായിരുന്നു. തുടര്‍ന്ന് കേസ് പ്രത്യേക കോടതിക്ക് റഫര്‍ ചെയ്തു. വിചാരണയില്‍ പ്രതിക്ക് വധശിക്ഷ നല്‍കുകയും വിധിയെ മേല്‍ക്കോടതികള്‍ ശരിവെക്കുകയുമായിരുന്നു. വിധി നടപ്പാക്കാന്‍ സൗദി റോയല്‍ കോര്‍ട്ട് ഉത്തരവിട്ടു. തുടര്‍ന്ന് പ്രതിയെ ജിസാനില്‍ വധശിക്ഷയ്ക്ക് വിധേയനാക്കുകയായിരുന്നു.
Read Also - പരീക്ഷയില്‍ പരാജയപ്പെട്ടതോടെ ഹൃദയാഘാതം മൂലം വിദ്യാര്‍ത്ഥിനി മരിച്ചെന്ന് പ്രചാരണം; പ്രതികരണവുമായി അധികൃതര്‍
ജോലി ചെയ്യുന്നതിനിടെ മതിലിടിഞ്ഞ് പ്രവാസി മലയാളി മരിച്ചു
റിയാദ്: ജോലി ചെയ്യുന്നതിനിടയിൽ മതിൽ ഇടിഞ്ഞ് മലയാളി റിയാദിൽ മരിച്ചു. തിരുവനന്തപുരം വർക്കല അയിരൂർ സ്വദേശി പള്ളിക്കിഴക്കേതിൽ ഷംസന്നൂർ (57) ആണ് മരിച്ചത്.
പരേതരായ മുഹമ്മദ് റഷീദ് - സുഹറാബീവി ദമ്പതികളുടെ മകനാണ്. ഭാര്യ: റഷീദ. 15 വർഷമായി റിയാദിലെ മുർസലാത്തിൽ നിർമ്മാണ മേഖലയിൽ ജോലി ചെയ്ത് വരികയായിരുന്നു. മതിൽപൊളിക്കുന്നതിനിടെ ഒരുഭാഗം അടർന്നു വീഴുകയും രക്ഷപെടാനുള്ള ശ്രമത്തിനിടയിൽ മറ്റൊരു മതിലിൽ പോയി ഇടിച്ചു വീഴുകയും ചെയ്ത ഷംസന്നൂറിനെ കൂടെയുള്ളവർ തൊട്ടടുത്ത ക്ലിനിക്കിൽ പ്രവേശിപ്പിച്ചു.
ആന്തരികാവയവങ്ങളിൽ സാരമായ പരിക്കുകൾ ഉണ്ടെന്ന് മനസ്സിലാക്കിയ ഡോക്ടർ ഉടൻ തന്നെ വിദഗ്ധ ചികിത്സക്ക് ആശുപത്രിയിൽ പോകാൻ നിർദ്ദേശിച്ചു. തുടർന്ന് അൽ ഒബൈദ് ആശുപത്രിയിൽ എത്തിയ ഇദ്ദേഹം ഡോക്ടറോട് കാര്യങ്ങൾ വിശദീകരിച്ചു കൊണ്ടിരിക്കെ അബോധാവസ്ഥയിലാകുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. അധികം വൈകാതെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം റിയാദിൽ തന്നെ മറവ് ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് കേളി കലാസാംസ്കാരിക വേദി കേന്ദ്ര ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം