റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിൽ അതിഥി രാജ്യം ഒമാൻ
സെപ്റ്റം. 28 മുതൽ ഒക്ടോ. ഏഴ് വരെ കിങ് സഊദ് യൂനിവേഴ്‌സിറ്റി കാമ്പസിലാണ് പുസ്തകമേള

റിയാദ്: ഈ വർഷത്തെ റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിൽ അതിഥി രാജ്യം ഒമാൻ. സൗദി ലിറ്ററേച്ചർ, പബ്ലിഷിങ്, ട്രാൻസലേഷൻ അതോറിറ്റി സംഘടിപ്പിക്കുന്ന മേള ഈ മാസം 28 മുതൽ ഒക്ടോബർ ഏഴ് വരെ റിയാദിലെ കിങ് സഊദ് യൂനിവേഴ്‌സിറ്റി കാമ്പസിലാണ് നടക്കുന്നത്. ‘പ്രചോദിപ്പിക്കുന്ന ലക്ഷ്യസ്ഥാനം’ എന്ന ശീർഷകത്തിലാണ് ഇത്തവണത്തെ മേള.
ഇരു സഹോദര രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ചരിത്രപരമായ സൗഹൃദത്തിൻറെയും ശക്തമായ സാഹോദര്യ ബന്ധങ്ങളുടെയും നിറവിലാണ് ഒമാൻ പ്രദർശനത്തിൽ പങ്കെടുക്കുന്നത്.
കൂടാതെ സൗദിയും ഒമാനും തമ്മിലുള്ള സാംസ്കാരിക വിനിമയവും സഹകരണവും ഇത് പ്രതിഫലിപ്പിക്കുന്നു. പുസ്തകങ്ങളും കൈയെഴുത്തുപ്രതികളും ഉൾക്കൊള്ളുന്ന ഒമാന്‍റെ വലിയൊരു പവലിയൻ മേളയിലുണ്ടാകും. ഒമാനി സംസ്‌കാരത്തിെൻറ നിരവധി പ്രതീകങ്ങൾ അവതരിപ്പിക്കപ്പെടും.
Read Also - നയാ പൈസ നികുതിയില്ല, ലോട്ടറി അടിച്ചാല്‍ മുഴുവനും സ്വന്തം; മലയാളികളെ കോടീശ്വരന്മാരാക്കുന്ന നറുക്കെടുപ്പുകള്‍
ഒമാനി സാഹിത്യപ്രതിഭകളുടെയും എഴുത്തുകാരുടെയും വലിയ പങ്കാളിത്തമുണ്ടാകും. ഒമാനി പ്രസിദ്ധീകരണശാലകളുടെ നിരവധി സ്റ്റാളുകളടങ്ങിയ പ്രത്യേക പവലിയനുമുണ്ടാകും.
ഈ വർഷത്തെ മേളയിൽ 10 ലക്ഷത്തിലധികം സന്ദർശകർ പങ്കെടുക്കുമെന്നാണ് കരുതുന്നത്. ലോകത്തിെൻറ നാനാഭാഗത്ത് നിന്ന് പ്രസാധകരെത്തുന്ന മേളയിൽ ഏറ്റവും പുതിയ പുസ്തകങ്ങളുടെ പ്രകാശനവും പ്രദർശനവും ഉണ്ടാകും. വിവിധ രാജ്യങ്ങളിൽനിന്നുള്ള 1800-ലധികം പ്രസാധക സ്ഥാപനങ്ങൾ സ്റ്റാളുകൾ ഒരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം എല്ലാ പ്രായക്കാർക്കും വേണ്ടിയുള്ള ഡസൻ കണക്കിന് വിവിധ സാംസ്കാരിക പരിപാടികളും മേളയിൽ അരങ്ങേറും.
സൗദി, അറബ്, അന്തർദേശീയ പ്രഭാഷകരുടെ സെഷനുകൾ, ക്ലാസിക്കൽ, നബാത്തിയൻ കവികൾ പങ്കെടുക്കുന്ന കവിതാ സായാഹ്നങ്ങൾ, സൗദി, അന്തർദേശീയ നാടകങ്ങൾ, സംഗീത കച്ചേരികൾ, വിവിധ വിജ്ഞാന മേഖലകളിലെ ശിൽപശാലകൾ എന്നിവ അതിലുൾപ്പെടും. കുട്ടികൾക്കായുള്ള കവിത പാരായണ മത്സരവുമുണ്ടാകും. ആദ്യമായാണ് കുട്ടികൾക്കായി ഇങ്ങനെയൊരു മത്സരം സംഘടിപ്പിക്കുന്നത്. പുസ്തക വ്യവസായത്തിെൻറ വിവിധ വശങ്ങളെക്കുറിച്ചും പ്രസാധന സ്ഥാപനങ്ങൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ചർച്ച ചെയ്യുന്നതിനായി മേള നഗരിയിൽ അതോറിറ്റി ഒക്ടോബർ നാലിന് അന്താരാഷ്ട്ര പ്രസാധക സമ്മേളനം സംഘടിപ്പിക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...