ഗള്‍ഫ് ഉച്ചകോടിയില്‍ അല്‍ ഉല കരാറിന്റെ അടിസ്ഥാനത്തില്‍ ഖത്തറിന് മേല്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിച്ചതിന് പിന്നാലെയാണ് നയതന്ത്രബന്ധം പുനഃസ്ഥാപിച്ചത്.
അബുദാബി: വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഖത്തറില്‍ സ്ഥാനപതിയെ നിയമിച്ച് യുഎഇ. ഖത്തറിലെ യുഎഇ സ്ഥാനപതിയായി ശൈഖ് സായിദ് ബിന്‍ ഖലീഫ ബിന്‍ സുല്‍ത്താന്‍ ബിന്‍ ഷക്ബൂത്ത് അല്‍ നഹ്യാന്‍ ചുമതലയേല്‍ക്കും. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് മുന്നില്‍ ശൈഖ് സായിദ് ബിന്‍ ഖലീഫ സത്യപ്രതിജ്ഞ ചെയ്തു.
ഗള്‍ഫ് ഉച്ചകോടിയില്‍ അല്‍ ഉല കരാറിന്റെ അടിസ്ഥാനത്തില്‍ ഖത്തറിന് മേല്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിച്ചതിന് പിന്നാലെയാണ് നയതന്ത്രബന്ധം പുനഃസ്ഥാപിച്ചത്. അല്‍ ഉല കരാര്‍ നിലവില്‍ വന്നതിന് പിന്നാലെ സൗദി, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറില്‍ എംബസിയുടെ പ്രവര്‍ത്തനം പുനരാരംഭിച്ചിരുന്നു. ഡോ. സുല്‍ത്താന്‍ സല്‍മാന്‍ സയീദ് അല്‍ മന്‍സൂരിയാണ് യുഎഇയിലെ ഖത്തര്‍ സ്ഥാനപതി.
രണ്ടു വര്‍ഷത്തിനിടെ പിടികൂടിയത് 400 കോടി ദിര്‍ഹത്തിന്റെ കള്ളപ്പണം
അബുദാബി: അന്താരാഷ്ട്ര ഏജന്‍സികളുടെ സഹകരണത്തോടെ രണ്ടു വര്‍ഷത്തിനിടെ 400 കോടി ദിര്‍ഹത്തിന്റെ കള്ളപ്പണം പിടികൂടാനായെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം. ഇക്കാലയളവില്‍ കള്ളപ്പണവുമായി ബന്ധപ്പെട്ട 521 കേസുകള്‍ പരിഹരിക്കാന്‍ സാധിച്ചെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ആഗോള തലത്തില്‍ തിരയുന്ന 387 അന്താരാഷ്ട്ര സാമ്പത്തിക കുറ്റവാളികള്‍ പിടിയിലായിട്ടുമുണ്ട്. കള്ളപ്പണത്തിന്റെ ഉറവിടങ്ങള്‍, അവയുടെ നീക്കങ്ങള്‍, ഗുണഭോക്താക്കള്‍, ക്രിമിനല്‍ ശൃംഖലകള്‍ എന്നിവ അന്വേഷണത്തിലൂടെ പുറത്തു കൊണ്ടുവന്നതായും മന്ത്രാലയം അറിയിച്ചു. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ 55 ശതമാനത്തിലും അന്വേഷണം വിജയകരമായി പൂര്‍ത്തിയാക്കാനായെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇന്റര്‍പോള്‍, യൂറോപോള്‍, ദ് ഗള്‍ഫ് പൊലീസ് അതോറിറ്റി, അമന്‍ ഇന്റര്‍നാഷണല്‍ നെറ്റ്വര്‍ക്ക് എന്നീ രാജ്യാന്തര കുറ്റാന്വേഷണ ഏജന്‍സികള്‍ ഓപ്പറേഷനുകളില്‍ സഹകരിച്ചു.
മയക്കുമരുന്ന് കടത്ത് ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള യുഎന്നിന്റെ പ്രത്യേക ഓഫീസുമായി സഹകരിച്ച് 2022 നവംബറിനും 2023 ഫെബ്രുവരിക്കും ഇടയില്‍ 1628 ഇന്റലിജന്‍സ് വിവരങ്ങളും ആഭ്യന്തര മന്ത്രാലയം കൈമാറി.
ഐക്യരാഷ്ട്ര സംഘടനയുടെ ഡ്രഗ്‌സ് ആന്‍ഡ് ക്രൈം ഓഫീസുമായി സഹകരിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കായി കള്ളപ്പണ വെളുപ്പിക്കല്‍, തീവ്രവാദ പണം കണ്ടെത്തല്‍ എന്നിവ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക പരിശീലന ക്ലാസ് നല്‍കിയിരുന്നു. സാമ്പത്തിക കുറ്റാന്വേഷണവുമായി ബന്ധപ്പെട്ട 116 ഉദ്യോഗസ്ഥര്‍ ഇതിന്റെ ഭാഗമായി. സുരക്ഷിത സമൂഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം തന്നെ കുറ്റകൃത്യങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും യുഎഇ ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സെയ്ഫ് ബിന്‍ സായിദ് അല്‍നഹ്യാന്‍ പറഞ്ഞു.
