കനത്ത ചൂട് മുലമുണ്ടാകുന്ന അപകടസാധ്യതകള്‍ വ്യക്തമാക്കുന്ന ഇന്‍ഫോഗ്രാഫിക് പോസ്റ്റ് ആരോഗ്യ മന്ത്രാലയം ട്വിറ്ററില്‍ പങ്കുവെച്ചു.
റിയാദ്: രാജ്യത്ത് താപനില ഉയരുന്ന സാഹചര്യത്തില്‍ ഉഷ്ണതരംഗങ്ങളെ കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി സൗദി ആരോഗ്യ മന്ത്രാലയം. പുറത്തിറങ്ങുമ്പോള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും രാജ്യത്ത് ഉഷ്ണതരംഗത്തിനുള്ള സാധ്യതയുണ്ടെന്നും ഈ ആഴ്ച അവസാനം വരെ നീണ്ടും നിന്നേക്കാമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
കനത്ത ചൂട് മുലമുണ്ടാകുന്ന അപകടസാധ്യതകള്‍ വ്യക്തമാക്കുന്ന ഇന്‍ഫോഗ്രാഫിക് പോസ്റ്റ് ആരോഗ്യ മന്ത്രാലയം ട്വിറ്ററില്‍ പങ്കുവെച്ചു. വരണ്ട ചര്‍മ്മം, സൂര്യാഘാതം എന്നിവയ്ക്കുള്‍പ്പെടെ ഉഷ്ണതരംഗങ്ങള്‍ ഇടയാക്കും. രാവിലെ 11 മണിക്കും ഉച്ചയ്ക്ക് മൂന്നു മണിക്കും ഇടയില്‍ വീടിന് പുറത്തിറങ്ങാതിരിക്കുകയോ അല്ലെങ്കില്‍ തണലുള്ള സ്ഥലങ്ങളില്‍ കഴിയുകയോ ചെയ്യുക, വെയിലില്‍ നിന്ന് സംരക്ഷണം ലഭിക്കാന്‍ നീളമുള്ള വസ്ത്രങ്ങള്‍ ധരിക്കുക, തല മറയ്ക്കുക, സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക, സണ്‍ ഗ്ലാസ് ധരിക്കുക, ധാരാളം വെള്ളവും ദ്രാവകങ്ങളും കുടിക്കുക എന്നീ മുന്‍കരുതലുകള്‍ ഉഷ്ണതരംഗങ്ങളെ ചെറുക്കാന്‍ സ്വീകരിക്കുകയെന്നത് പ്രധാനമാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഈ ആഴ്ച അവസാനം വരെ രാജ്യത്ത് ഉഷ്ണതരംഗങ്ങളുണ്ടാകുമെന്ന മുന്നറിയിപ്പ് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ചിരുന്നു.
കിഴക്കന്‍ പ്രവിശ്യകളില്‍ താപനില 48 മുതല്‍ 50 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയേക്കും. റിയാദിന്റെ കിഴക്ക്, തെക്ക് ഭാഗങ്ങളിലും ഖസീമിന്റെ കിഴക്കന്‍ ഭാഗങ്ങളിലും മദീനയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലും 46 മുതല്‍ 48 വരെയും താപനില ഉയരാം.
Read Also - 15 വര്‍ഷം മുമ്പുള്ള കേസ് മലയാളി ഹജ്ജ് തീർത്ഥാടകന് വിനയായി; ജയിൽവാസവും 80 അടിയും ശിക്ഷ, ഒടുവിൽ ആശ്വാസം
ഗള്‍ഫില്‍ ജോലി തേടുന്നവരുടെ ശ്രദ്ധക്ക്; 71 വിദഗ്ധ തൊഴിലുകളിൽ നൈപുണ്യ പരീക്ഷ നിര്‍ബന്ധമാക്കി ഈ രാജ്യം
റിയാദ്: സൗദി അറേബ്യയിലേക്ക് വിദഗ്ധ തൊഴിലാളി റിക്രൂട്ട്മെൻറിന് ആവശ്യമായ നൈപുണ്യ പരീക്ഷ കൂടുതൽ തസ്തികകളിൽ നടപ്പായി. ഇക്കഴിഞ്ഞ് ജൂൺ ഒന്ന് മുതൽ 29 തൊഴിലുകളിലും ഇന്ന് (ജൂലൈ 26) മുതൽ 42 തൊഴിലുകളിലുമാണ് നൈപുണ്യ പരീക്ഷ നിർബന്ധമായത്. ഇതോടെ 71 സാങ്കേതിക തസ്തികകളിലുള്ള വിസകൾ സ്റ്റാമ്പ് ചെയ്യണമെങ്കിൽ നൈപുണ്യ പരീക്ഷ സർട്ടിഫിക്കറ്റ് കൂടി വേണം. ഇതിന് കേരളത്തിലും പരീക്ഷാകേന്ദ്രം നിശ്ചയിച്ചിട്ടുണ്ട്.
അങ്കമാലിയിലെ ഇറാം ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് പരീക്ഷാകേന്ദ്രം. ഇലക്ട്രീഷ്യൻ, പ്ലംബിംഗ്, ഓട്ടോമേറ്റീവ് ഇലക്ട്രീഷ്യൻ, ഹീറ്റിംഗ് വെൻറിലേഷൻ ആൻഡ് എ.സി, വെൽഡിംഗ് എന്നീ ട്രേഡുകളിലെ 29 തൊഴിൽ വിസകൾക്കായിരുന്നു ജൂൺ ഒന്നു മുതൽ നൈപുണ്യപരീക്ഷ ആരംഭിച്ചത്. കെട്ടിട നിർമാണം, ടൈൽസ് വർക്ക്, പ്ലാസ്റ്ററിംഗ്, മരപ്പണി, കാർ മെക്കാനിക് എന്നീ ഇനങ്ങളിലെ 42 വിസകൾക്കാണ് രണ്ടാംഘട്ടത്തിൽ പരീക്ഷ നിർബന്ധമായത്.
നിശ്ചിത തസ്തികകളിലെ പരീക്ഷ പൂർത്തിയാക്കിയാണ് പാസ്പോർട്ടുകൾ വിസ സ്റ്റാമ്പ് ചെയ്യാനായി സമർപ്പിക്കേണ്ടതെന്ന് ഡൽഹിയിലെ സൗദി എംബസിയും മുംബൈയിലെ സൗദി കോൺസുലേറ്റും ഏജൻസികളെ അറിയിച്ചു.
Read Also - കാനഡയില്‍ തൊഴില്‍ തേടുന്നവര്‍ക്ക് മികച്ച അവസരങ്ങള്‍; അപേക്ഷകള്‍ ക്ഷണിച്ചു
എറാണകുളത്തെ ഇറാം ടെക്നോളജീസിന് പുറമെ ഒറീസയിലെ കട്ടക്, ഉത്തർപ്രദേശിലെ ഗോരക്പൂർ, ലക്നോ, ബീഹാറിലെ ഗോപാൽകഞ്ച്, കൊൽകത്ത, ചെന്നൈ, ന്യൂഡൽഹി, മുംബൈ എന്നിവിടങ്ങളിലും വിവിധ ഏജൻസികളുടെ കീഴിൽ അംഗീകൃത പരീക്ഷാ കേന്ദ്രങ്ങളുണ്ട്. പരീക്ഷയിൽ പങ്കെടുക്കാൻ യാതൊരു സർട്ടിഫിക്കറ്റും ആവശ്യമില്ല. https://svpinternational.pacc.sa/home എന്ന വെബ്സൈറ്റിൽ കയറി പാസ്പോർട്ട് നമ്പർ, മൊബൈൽ നമ്പർ, ഇമെയിൽ നൽകി രജിസ്റ്റർ ചെയ്യുകയാണ് ഉദ്യോഗാർഥികൾ ആദ്യം ചെയ്യേണ്ടത്. ശേഷം ഇന്ത്യ സെലക്ട് ചെയ്ത് ട്രേഡ് തെരഞ്ഞെടുക്കണം. അപ്പോൾ പരീക്ഷാകേന്ദ്രം ഏതെന്ന് കാണിക്കും.
